ADVERTISEMENT

അഴകിന്റെ ജലച്ചായംകൊണ്ടു കൺനിറയെ കാഴ്‌ചകൾ ചാലിച്ചു സന്ദർശകരുടെ മനംനിറയ്‌ക്കുന്ന അഷ്ടമുടിക്കായൽ കൊല്ലത്തിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ മുഖമുദ്രകളിൽ പ്രധാനമാണ്. പക്ഷേ, നഷ്‌ടമാവുകയാണ് ആ സൗന്ദര്യവും സൗഭാഗ്യവും. മാലിന്യവും കയ്യേറ്റവും കായലിന്റെ ജീവനെടുത്തുതീർക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രം കേരളത്തെ നടുക്കുന്നതായി. അഷ്ടമുടിക്കായലിൽ കൂട്ടത്തോടെ ചത്തുപെ‍ാങ്ങിയ മീനുകൾ കുഴിച്ചിടാനായി ശേഖരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. അഷ്ടമുടിക്കായൽ അഭിമുഖീകരിക്കുന്ന കടുത്ത മാലിന്യഭീഷണിയെക്കുറിച്ചുള്ള മറ്റെ‍ാരു മുന്നറിയിപ്പാണ് ഈ ചിത്രം.  

‘ആൽഗേ ബ്ലൂം’ (കറവെള്ളം) എന്ന പ്രതിഭാസത്തെ തുടർന്നു മത്സ്യങ്ങൾ ചത്തുപൊങ്ങിയെന്നാണു പ്രാഥമിക നിഗമനം. വെള്ളത്തിലെ പോഷകാംശങ്ങൾ അധികമാകുമ്പോൾ സൂക്ഷ്മസസ്യങ്ങളായ ആൽഗകൾ കൂടുതലായി വളരുന്നു. തുടർന്ന്, വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതോടെയാണ് ചിലയിനം മത്സ്യങ്ങൾ ചാകുന്നത്. കായൽജലം ഈ അവസ്ഥയിലെത്താൻ കാരണം ശുചിമുറി മാലിന്യം, അഴുക്കുജലം ഉൾപ്പെടെയുള്ളവ കലരുന്നതുകൊണ്ടാണെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊല്ലം നഗരത്തിലെ ആശുപത്രിമാലിന്യം ഉൾപ്പെടെയുള്ളവ കായലിലേക്ക് ഒഴുകിയെത്തുന്നതു സംസ്കരിക്കാതെയാണ്. കായലിലെ വിവിധ സ്ഥലങ്ങളിൽനിന്നു ശേഖരിച്ച ജല സാംപിളുകളുടെ കൃത്യമായ പരിശോധനാഫലം വൈകാതെ ലഭിക്കും.

‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ – അഷ്ടമുടി കായൽ സംരക്ഷണത്തിനായി 46 ലക്ഷം രൂപ ചെലവിട്ട് കൊല്ലം കോർപറേഷൻ നടപ്പാക്കിയ പദ്ധതിയുടെ പേരാണിത്. പദ്ധതി നടപ്പാക്കി അധികമാകുന്നതിനുമുൻപ്, കായലിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കായൽസംരക്ഷണത്തെ ഏറ്റവും ലാഘവത്തോടെ കണ്ടതിന് ഒരു ഉദാഹരണം മാത്രം. 

കായൽകയ്യേറ്റങ്ങൾ വഴിയെത്തുന്ന മാലിന്യങ്ങളേറെയാണ്. കായലിലെയും കായൽനടുവിലെ ദ്വീപുകളിലെയും വ്യാപക കയ്യേറ്റം പുറത്തുകൊണ്ടുവന്നതു ‘മലയാള മനോരമ’യാണ്. ഇതുവഴി വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയതോടെ കായലിലെ കയ്യേറ്റങ്ങൾ 6 മാസത്തിനകം ഒഴിപ്പിക്കണമെന്ന് ഈയിടെയാണ് കോടതി ഉത്തരവിട്ടത്. കായൽമലിനീകരണം തടയാൻ കർശന നടപടി വേണമെന്നും മാലിന്യം കായലിലേക്കെത്തുന്നതു തടയാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കുന്ന റിപ്പോർട്ട് ഓരോ മാസവും സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കായലിലേക്കു മാലിന്യമെത്തുന്നതു കർശനമായി തടയേണ്ടതു കായലിന് അതിരിടുന്ന കൊല്ലം കോർപറേഷനും 12 ഗ്രാമപ്പഞ്ചായത്തുകളുമാണ്. കയ്യേറ്റം മൂലം അഷ്ടമുടിക്കായലിന്റെ വിസ്തൃതി പകുതിയായി ചുരുങ്ങിയെന്ന കണക്ക് ഇതോടു ചേർത്തുവയ്ക്കുകയും ചെയ്യാം.

കേഴുകയാണ് വേമ്പനാട്ടുകായലും. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ലക്ഷക്കണക്കിനു പേർ ജീവിതത്തിനും ഉപജീവനത്തിനുമായി പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്ന പ്രധാന ആവാസവ്യവസ്ഥയാണ് വേമ്പനാട്ടുകായൽ. ആ ജലാശയമാണ് മനുഷ്യ ഇടപെടലുകളും കാലാവസ്ഥാ മാറ്റങ്ങളും മൂലം നശിക്കുന്നത്. 

വേമ്പനാട്ടുകായൽ നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചും ആവാസവ്യവസ്ഥയുടെ നാശത്തെക്കുറിച്ചുമുള്ള പഠനറിപ്പോർട്ടുകൾ അതീവഗൗരവമുള്ളതാണ്. കായലിന്റെ അടിത്തട്ടിലുള്ളതു മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യമാണെന്നു നാം കേട്ടുകഴിഞ്ഞു. മാലിന്യവും രൂക്ഷമായ കയ്യേറ്റവും നശീകരണവുമെ‍ാക്കെച്ചേർന്ന് ജലസംഭരണശേഷിയിൽ വലിയ കുറവുവരുത്തിയിട്ടുണ്ട്.

രാജ്യാന്തര പ്രാധാന്യമുള്ള തണ്ണീർത്തടാകങ്ങളുടെ പട്ടികയിൽപെടുന്ന (റാംസർ സൈറ്റ്) അഷ്ടമുടി, വേമ്പനാട് കായലുകളിൽനിന്നു മൂന്നു വർഷത്തിനിടെ 38.62 ലക്ഷം കിലോഗ്രാം മാലിന്യം ശേഖരിച്ചെന്നു സംസ്ഥാന സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത് കഴിഞ്ഞവർഷം മാർച്ചിലാണ്. ഈ കായലുകളുടെ മലിനീകരണത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനു ഹരിത ട്രൈബ്യൂണൽ 10 കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. മലിനീകരണ പരിഹാരനടപടികൾ സർക്കാർ അവഗണിച്ചതിനുള്ള നഷ്ടപരിഹാരമായാണു പിഴ.

കായൽ ആവാസവ്യവസ്ഥ വീണ്ടെടുക്കാ‍നുള്ള വിപുലമായ കർമപദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും പൂർണ ആരോഗ്യത്തോടെ കായലുകളെ വീണ്ടെടുക്കാനും വേണ്ടത് ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ്. കായൽമലിനീകരണവും കയ്യേറ്റവും ചെറുക്കാൻ ശക്‌തമായ ഇടപെടൽ എത്രയുംവേഗം ഉണ്ടായേതീരൂ. അല്ലെങ്കിൽ, വരുംതലമുറകൾ ചിലപ്പോൾ ഇങ്ങനെ പറഞ്ഞെന്നുവരും: ഇവിടെ പണ്ടൊരു കായലുണ്ടായിരുന്നു...

English Summary:

Editorial About Lake Pollutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com