മോദിയുടെ ബിരുദം: അപകീർത്തിക്കേസിൽ കേജ്രിവാൾ ഹാജരാകണം

Mail This Article
അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് പരിഹാസവും അപകീർത്തിപരവും ആയ പ്രസ്താവനകൾ നടത്തിയെന്ന കേസിൽ ഈ മാസം 26ന് മുൻപ് ഹാജരാകാൻ ഗുജറാത്ത് കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ആംആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ് എന്നിവരോട് ആവശ്യപ്പെട്ടു. ഗുജറാത്ത് യൂണിവേഴ്സിറ്റി നൽകിയ കേസിലാണ് നടപടി. ഇന്നലെ ഹാജരാകാൻ ഇരുവർക്കും നോട്ടിസ് നൽകിയിരുന്നെങ്കിലും കനത്ത മഴ കാരണം എത്താൻ കഴിയില്ലെന്ന് ഇരുവർക്കും വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് 26ന് ഹാജരാകാൻ അഡിഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് എസ്.ജെ.പഞ്ചൽ നിർദേശം നൽകിയത്.
പത്രസമ്മേളനത്തിലും ട്വിറ്ററിലും ഇരുനേതാക്കളും നടത്തിയ പരാമർശങ്ങൾ ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി റജിസ്ട്രാർ പീയുഷ് പട്ടേൽ ആണ് കേസ് നൽകിയത്. സമാനമായ കേസ് ഗുജറാത്ത് ഹൈക്കോടതിയിൽ നടക്കുന്നതിനാൽ നടപടി നിർത്തിവയ്ക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും യൂണിവേഴ്സിറ്റി എതിർത്തു.
English Summary : Arvind Kejriwal to appear in defamation case on Narendra Modi's graduation