പ്രഗ്യയുടെ നേട്ടത്തിന് നീതിപീഠത്തിന്റെ കയ്യടി; വിദ്യാർഥിനിയുടെ മികവിന് ആദരമർപ്പിച്ച് സുപ്രീം കോടതി ജഡ്ജിമാർ
Mail This Article
ന്യൂഡൽഹി ∙ ദിവസവും രാവിലെ സുപ്രീം കോടതി ചേരുംമുൻപ് ജഡ്ജിമാർ ലോഞ്ചിൽ ഒന്നിച്ചിരുന്ന് കാപ്പി കുടിക്കുന്ന പതിവുണ്ട്. ഇന്നലെ അവർക്കൊരു വിശിഷ്ടാതിഥിയുണ്ടായിരുന്നു. ഒരു ജഡ്ജിയുടെ വസതിയിലെ പാചകക്കാരൻ അജയ്കുമാർ സമലിന്റെ മകൾ പ്രഗ്യ (25). നിയമബിരുദധാരിയായ പ്രഗ്യയ്ക്ക് യുഎസിലെ വിഖ്യാതമായ ഐവി ലീഗ് സ്ഥാപനങ്ങളിൽനിന്നടക്കം ഉപരിപഠനത്തിന് സ്കോളർഷിപ്പോടെ ക്ഷണം കിട്ടി. ഈ നേട്ടത്തിലുള്ള സന്തോഷവും അഭിമാനവും പങ്കുവയ്ക്കാനാണ് ജഡ്ജിമാർ പ്രഗ്യയെ ക്ഷണിച്ചുവരുത്തിയത്.
മാതാപിതാക്കൾക്കൊപ്പം പ്രഗ്യ കടന്നുവന്നപ്പോൾ ആദ്യം ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എഴുന്നേറ്റു; പിന്നാലെ കയ്യടികളുമായി മുഴുവൻ ജഡ്ജിമാരും. അച്ഛനമ്മമാരെ ചീഫ് ജസ്റ്റിസ് ഷാൾ അണിയിച്ചു. പ്രഗ്യയ്ക്ക് ജഡ്ജിമാരുടെ കയ്യൊപ്പോടെ ഭരണഘടനയുമായി ബന്ധപ്പെട്ട 3 പുസ്തകങ്ങൾ സമ്മാനം. സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ പ്രഗ്യ ചീഫ് ജസ്റ്റിസിന്റെ കാൽതൊട്ടു വന്ദിക്കുമ്പോൾ സമലിന്റെ കണ്ണുകളിൽ നനവ്.
അധ്വാനമാണ് വിജയത്തിലേക്കുള്ള വഴിയെന്നു പ്രഗ്യയെ അടുത്തുനിർത്തി ചീഫ് ജസ്റ്റിസ് പറഞ്ഞു. ഡൽഹി സർവകലാശാലയിലെ ബികോം പഠനശേഷം അമിറ്റി സർവകലാശാലയിൽനിന്നു സ്വർണമെഡലോടെയാണ് പ്രഗ്യ എൽഎൽബി നേടിയത്. എൽഎൽഎമ്മിന് കൊളംബിയ ലോ സ്കൂൾ, പെൻസിൽവേനിയ സർവകലാശാലയിലെ കെയറി ലോ സ്കൂൾ, ഷിക്കാഗോ ലോ സ്കൂൾ, ന്യൂയോർക്ക് സർവകലാശാല, ബെർക്കിലി ലോ, മിഷിഗൻ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നാണ് പ്രവേശന ഓഫർ ലഭിച്ചത്.