വോട്ടിങ് യന്ത്രം എംഎൽഎ തറയിലെറിഞ്ഞു; ആന്ധ്രയിലെ ദൃശ്യങ്ങൾ പുറത്ത്
Mail This Article
അമരാവതി ∙ ആന്ധ്രാപ്രദേശിൽ ഭരണകക്ഷി എംഎൽഎ വോട്ടിങ് യന്ത്രം തറയിലേക്ക് എറിയുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ 13ന് നടന്ന വോട്ടെടുപ്പിനിടയിൽ പൽനാഡ് ജില്ലയിലെ പൽവായ് ഗേറ്റ് പോളിങ് ബൂത്തിലാണ് വൈഎസ്ആർ കോൺഗ്രസ് എംഎൽഎ പിന്നേലി രാമകൃഷ്ണ റെഡ്ഡി അക്രമം നടത്തിയത്.
ശക്തമായ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടതോടെ എംഎൽഎ ഒളിവിൽ പോയി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് വീടു പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. എംഎൽഎയെ ഒന്നാംപ്രതിയാക്കി കേസെടുത്തു.
ലോക്സഭയിലേക്കും നിയമസഭയിലേക്കും വോട്ടെടുപ്പ് നടന്ന ദിവസം ബൂത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മക്കെർല നിയമസഭാ മണ്ഡലത്തിലെ 202–ാം നമ്പർ പോളിങ് ബൂത്തിലേക്ക് നടന്നുവന്ന എംഎൽഎ വോട്ടിങ് യന്ത്രം കയ്യിലെടുത്ത് തറയിലെറിയുന്നതാണ് ദൃശ്യം. മണ്ഡലത്തിലെ 7 ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകർത്തിരുന്നു.
പൽനാഡ്, തിരുപ്പതി, അനന്തപുർ ജില്ലകളിൽ തിരഞ്ഞെടുപ്പു ദിവസം അക്രമം നടന്നിരുന്നു. ഇനി സമാനമായ അക്രമം നടത്താൻ ആരും ധൈര്യപ്പെടാത്തവിധം കർശന നടപടിയെടുക്കണമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.