ചന്ദ്രയാൻ 4 ദൗത്യം: ഇന്ത്യയുടെ സാങ്കേതികശേഷിയുടെ ഉരകല്ല്
Mail This Article
തിരുവനന്തപുരം ∙ റിഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ചു ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ 4 ദൗത്യം സങ്കീർണമായ ഒട്ടേറെ സാങ്കേതികവിദ്യകളുടെ പരീക്ഷണം കൂടിയാകും. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ഗ്രഹാന്തര ദൗത്യങ്ങൾക്ക് ഇന്ത്യയെ സജ്ജമാക്കാനുമുള്ള പരീക്ഷണങ്ങളുടെ തുടക്കം കുറിക്കലാണ് ചന്ദ്രയാൻ 4. ചന്ദ്രയാൻ 3 ദൗത്യത്തിൽ സോഫ്റ്റ് ലാൻഡിങ് നടന്ന ചന്ദ്രന്റെ തെക്കേ ധ്രുവമേഖലയിലാകും പരീക്ഷണങ്ങൾ തുടരുക. 2027 ലെ പദ്ധതിക്ക് 2104.06 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രയാൻ 4: വിവിധ ഘട്ടങ്ങൾ
∙ അസെൻഡർ (എഎം), ഡിസെൻഡർ (ഡിഎം), റീ–എൻട്രി (ആർഎം), ട്രാൻസ്ഫർ (ടിഎം) പ്രൊപ്പൽഷൻ (പിഎം) എന്നിങ്ങനെ 5 മൊഡ്യൂളുകൾ ഉൾപ്പെടുന്നതാണ് ദൗത്യപേടകം. എൽവിഎം–3 റോക്കറ്റ് ഉപയോഗിച്ചുള്ള 2 വിക്ഷേപണങ്ങളിലൂടെ ഇവ ഭൂമിയുടെ ദീർഘഭ്രമണപഥത്തിൽ എത്തിക്കും. ഒരു റോക്കറ്റിൽ അസെൻഡർ, ഡിസെൻഡർ മൊഡ്യൂളുകളും രണ്ടാമത്തേതിൽ മറ്റു 3 മൊഡ്യൂളുകളുമാണു വിക്ഷേപിക്കുക. ഭ്രമണപഥത്തിൽ വച്ച് 2 സെറ്റുകളായുള്ള 5 മൊഡ്യൂളുകളും സ്വയം കൂടിച്ചേർന്ന് ഒറ്റ സമഗ്ര പേടകമാകും.
∙ പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ സഹായത്തോടെ പേടകം ചന്ദ്രനിലേക്കു കുതിക്കും. ഉപയോഗം തീരുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂൾ പേടകത്തിൽനിന്നു വേർപെടും.
∙ ബാക്കിയുള്ള 4 മൊഡ്യൂളുകൾ ഉൾപ്പെടുന്ന പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയ ശേഷം അസെൻഡർ, ഡിസെൻഡർ മൊഡ്യൂളുകൾ ഒന്നിച്ച് വേർപെട്ട് ചന്ദ്രന്റെ തെക്കേ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തും. റീ– എൻട്രി, ട്രാൻസ്ഫർ മൊഡ്യൂളുകൾ ഒന്നിച്ച് ഭ്രമണപഥത്തിൽ തുടരും.
∙ ഡിസെൻഡർ മൊഡ്യൂളിലെ സർഫസ് സാംപ്ലിങ് റോബട്, ലാൻഡ് ചെയ്ത സ്ഥലത്തു നിന്ന് 2–3 കിലോഗ്രാം ഉപരിതല മണ്ണ് വാരിയെടുത്ത് അസെൻഡർ മൊഡ്യൂളിലെ കണ്ടെയ്നറിൽ നിറയ്ക്കും. മണ്ണ് കുഴിക്കാൻ കഴിയുന്ന മറ്റൊരു ഉപകരണം ഉപരിതലത്തിനു താഴെയുള്ള പാളിയിൽ നിന്നുള്ള സാംപിൾ ശേഖരിച്ച് മറ്റൊരു കണ്ടെയ്നറിൽ നിറയ്ക്കും.
∙ സാംപിളുമായി അസെൻഡർ മൊഡ്യൂൾ കുതിച്ചുയർന്ന് ഭ്രമണപഥത്തിലെത്തി ട്രാൻസ്ഫർ, റീ–എൻട്രി മൊഡ്യൂളുകളുമായി യോജിക്കും. സാംപിൾ നിറച്ച കണ്ടെയ്നറുകൾ റീ–എൻട്രി മൊഡ്യൂളിലേക്കു മാറ്റും. ശേഷം അസെൻഡർ മൊഡ്യൂൾ വേർപെടും.
∙ ഒന്നിച്ചു ഭൂമിയിലേക്കുള്ള പുറപ്പെട്ട ശേഷം റീ–എൻട്രി മൊഡ്യൂളിനെ സുരക്ഷിതമായി ഭൂമിയിലേക്കുള്ള വഴിയിലെത്തിച്ച ശേഷം ട്രാൻസ്ഫർ ഓർബിറ്റും വേർപെടും. റീ എൻട്രി മൊഡ്യൂൾ തനിയെ ഭൂമിയിലേക്കു സുരക്ഷിതമായി എത്തിച്ചേരും.