ഷാജുവിനെയും സഖറിയാസിനെയും 10 മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ്

Mail This Article
കോഴിക്കോട് ∙ കൂടത്തായി കൊലക്കേസിലെ പ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പൊലീസ് ചോദ്യം ചെയ്തതു 10 മണിക്കൂർ. ഇന്നലെ രാവിലെ 10.15ന് ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി 8.25ന്. ചോദ്യം ചെയ്യൽ കഴിഞ്ഞ് ഇരുവരും വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ പുറത്തിറങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് പൊലീസ് പ്രതി ജോളി ജോസഫുമായി തെളിവെടുപ്പിനായി കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലേക്കു തിരിച്ചു.
ചോദ്യം ചെയ്യലിൽ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാത്രി വൈകിയുള്ള തെളിവെടുപ്പ്. പൊലീസ് നോട്ടിസ് നൽകിയതനുസരിച്ച് ഷാജുവും സഖറിയാസും രാവിലെ എട്ടോടെ വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി.
വടകര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന ജോളിയെ പത്തോടെ ഇവിടെയെത്തിച്ചു. 10.15ന് മൂന്നു പേരെയും ചോദ്യം ചെയ്യാൻ ആരംഭിച്ചു. ആദ്യം മൂന്നു പേരെയും തനിച്ചാണു ചോദ്യം ചെയ്തത്. പിന്നീട് ജോളിയെയും സഖറിയാസിനെയും ജോളിയെയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പിന്നീട് ഷാജുവിനെയും സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു മൂന്നു പേരുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നു കണ്ടെത്തിയ പൊലീസ് വീണ്ടും പലവട്ടം ഇതേ രീതിയിൽ ചോദ്യം ചെയ്യൽ തുടർന്നു.
ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചു സഖറിയാസിനും റോയിയുടെ കൊലപാതകത്തെക്കുറിച്ചു ഷാജുവിനും നേരത്തേ അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചു. പ്രതികളായ എം.എസ്.മാത്യുവിനെ ഉച്ചയ്ക്ക്12.45നും കെ.പ്രജികുമാറിനെ വൈകിട്ട് മൂന്നിനും ഇവിടെയെത്തിച്ചു.
ഇവരെയും ഷാജുവിനും സഖറിയാസിനും ഒപ്പമിരുത്തി ചോദ്യം ചെയ്തു. 6.50 ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലേക്കു കൊണ്ടുപോയി. 8.25ന് മാത്യുവും സഖറിയാസും ചോദ്യം ചെയ്യലിനു ശേഷം മടങ്ങി. തൊട്ടുപിന്നാലെ എം.എസ്.മാത്യുവും പ്രജികുമാറും പുറത്തേക്ക്. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ഷാജുവിന്റെയും സഖറിയാസിന്റെയും പ്രതികരണം.