112 വിളിച്ചാൽ ഇനി 108 ആംബുലൻസും

Mail This Article
തിരുവനന്തപുരം∙ ദേശീയ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന നമ്പറിൽ ബന്ധപ്പെടുന്നവർക്കു സംസ്ഥാനത്ത്് ഇനി മുതൽ കനിവ്് 108 ആംബുലൻസുകളുടെ സേവനവും ലഭ്യമാകും. ടെക്നോപാർക്കിലെ 108 ആംബുലൻസ് കൺട്രോൾ റൂമിൽ നടന്ന ചടങ്ങിൽ 112 ഡെസ്കിന്റെ ഉദ്ഘാടനം ഡിജിപി ലോക്നാഥ്് ബെഹ്റ നിർവഹിച്ചു.
പൊലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന 112 ന്റെ കൺട്രോൾ റൂമിൽ നിന്നു 108 കൺട്രോൾ റൂമിലേക്കു സന്ദേശം കൈമാറുന്നതും ഇവിടെനിന്ന് ആംബുലൻസ് വിന്യസിക്കുന്നതും ബെഹ്റ വിലയിരുത്തി. കുട്ടനാടൻ പ്രദേശങ്ങളിൽ ആംബുലൻസ് ആയി ഉപയോഗിക്കാൻ പൊലീസിന്റെ ബോട്ട്് ലഭ്യമാക്കും.അപകടങ്ങൾ ഉൾപ്പെടെ വൈദ്യ സഹായം ആവശ്യമായ സാഹചര്യങ്ങളിൽ 112 ൽ ബന്ധപ്പെടുന്നവർക്കു പൊലീസിനൊപ്പം ആംബുലൻസ് സേവനവും ഇതിലൂടെ ലഭ്യമാകും.
112 ദേശീയ അടിയന്തര പ്രതികരണ സംവിധാനത്തിന്റെ കോൾ സെന്ററിലേക്കു വരുന്ന അത്യാഹിത സന്ദേശങ്ങളിൽ ആംബുലൻസ് ആവശ്യമുള്ള സന്ദർഭങ്ങളിൽ ഉടൻ തന്നെ വിളിക്കുന്നയാളുടെ വിവരങ്ങളും സ്ഥലവും സഹിതം 108 ആംബുലൻസ് കൺട്രോൾ റൂമിലെ കംപ്യൂട്ടറിലേക്കു കൈമാറും. ആവശ്യക്കാർക്കു സമീപമുള്ള ആംബുലൻസ് ലഭ്യമാക്കുന്ന രീതിയിലാണു സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി 108 ആംബുലൻസ് കൺട്രോൾ റൂമിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 112 ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്.