കാട്ടാനയെ കാറിടിച്ച സംഭവം: യാത്രക്കാരന്റെ തലയിൽ 11 തുന്നൽ; ചക്കക്കൊമ്പൻ ‘സുരക്ഷിതൻ’
![chakkakomban-hit-car അപകടത്തിൽപെട്ട കാർ.](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/5/24/chakkakomban-hit-car.jpg?w=1120&h=583)
Mail This Article
ചിന്നക്കനാൽ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമല ചൂണ്ടലിനു സമീപം കാറിടിച്ച ചക്കക്കൊമ്പനെന്ന കാട്ടാനയ്ക്ക് കാര്യമായ പരുക്കുകളില്ലെന്നു വനംവകുപ്പ്. ചൊവ്വാഴ്ച രാത്രിയിലാണു ചക്കക്കൊമ്പനെ കാറിടിച്ചത്. അപകടത്തിനുശേഷം കൊമ്പൻ കാട്ടിലേക്ക് ഓടിപ്പോയിരുന്നു. ഇന്നലെ രാവിലെ സിമന്റ്പാലത്തിനു സമീപമാണു വനം വകുപ്പ് ഉദ്യോഗസ്ഥർ ചക്കക്കൊമ്പനെ കണ്ടെത്തിയത്. വാഹനം തട്ടിയതിനാൽ ആന പ്രകോപിതനാണെന്നു വാച്ചർമാർ പറഞ്ഞു. പ്രാഥമിക നിരീക്ഷണത്തിൽ പരുക്കുകളൊന്നുമില്ലെന്നു ദേവികുളം റേഞ്ച് ഓഫിസർ പി.വി.വെജി പറഞ്ഞു.
പരുക്കേറ്റ കാർ യാത്രികൻ ചൂണ്ടൽ സ്വദേശി തങ്കരാജ് (73) ബോഡിനായ്ക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒറ്റയാൻ കാറിലേക്കു ചാഞ്ഞതുമൂലം കാറിന്റെ മുൻവശത്തെ ഗ്ലാസ് പൊട്ടുകയും മേൽഭാഗം തങ്കരാജിന്റെ തലയിലേക്ക് അമരുകയും ചെയ്തു. തങ്കരാജിന്റെ തലയിൽ 11 തുന്നലുകളുണ്ട്.
രാത്രിയിലെ മൂടൽമഞ്ഞും ഇരുട്ടും കാഴ്ച മറയ്ക്കുന്നതിനാൽ, അപ്രതീക്ഷിതമായി റോഡിലിറങ്ങുന്ന കാട്ടാനയെ ഡ്രൈവർക്കു കാണാൻ പറ്റാതെ പോയതാണ് അപകടകാരണമെന്നാണു നിഗമനം.
തങ്കരാജും കുടുംബാംഗങ്ങളുമാണു കാറിലുണ്ടായിരുന്നത്. കൊച്ചുമകൻ പോൾ കൃപാകരനാണു കാർ ഓടിച്ചിരുന്നത്. തങ്കരാജിന്റെ മകൾ സത്യയും കാറിലുണ്ടായിരുന്നു.
English Summary: Car hits elephant chakkakomban