കൊച്ചി വിമാനത്താവളം; വ്യാജ സർട്ടിഫിക്കറ്റ് പരാതിയിൽ തുടരന്വേഷണം
Mail This Article
തിരുവനന്തപുരം ∙ കൊച്ചി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനി ജീവനക്കാരിക്കെതിരെ ഉയർന്ന വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ പൊലീസ് തുടരന്വേഷണത്തിനു തീരുമാനിച്ചു. കമ്പനിക്കു പരാതിയില്ലെന്നു പറഞ്ഞ് നെടുമ്പാശേരി പൊലീസ് അവസാനിപ്പിക്കാൻ ശ്രമിച്ച കേസ്, എറണാകുളം റേഞ്ച് ഡിഐജി അന്വേഷണത്തിനായി ആലുവ ഡിവൈഎസ്പിക്കു കൈമാറി. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലിക്കു കയറിയെന്ന പരാതി നെടുമ്പാശേരി പൊലീസ് എഴുതിത്തള്ളിയത് വ്യാജ സർട്ടിഫിക്കറ്റ് സംഘങ്ങളെക്കുറിച്ചു മനോരമ പ്രസിദ്ധീകരിച്ച ‘വ്യാജാഭ്യാസം’ പരമ്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരമ്പരയുടെ പകർപ്പ് പരാതിക്കാരൻ അസീബ് അഷ്റഫ് ഡിഐജിക്കു നൽകിയതിനു പിന്നാലെയാണ് അന്വേഷണം ഡിവൈഎസ്പിക്കു വിട്ടത്.
സിബിഐയും വിവിധ സംസ്ഥാന സർക്കാരുകളും ‘വ്യാജം’ എന്നു മുദ്ര കുത്തിയ ഗ്വാളിയറിലെ മധ്യഭാരത് ബോർഡ് ഓഫ് സെക്കൻഡറി എക്സാമിനേഷന്റെ 10, 12 ക്ലാസ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചു ജോലിക്കു കയറിയെന്നാണു പരാതി. പെരുമ്പാവൂരിലെ സ്ഥാപനം വഴി സംഘടിപ്പിച്ചെന്നാണ് ആരോപണം. ബയോഡേറ്റയിൽ ‘റഗുലർ’ കോഴ്സ് എന്നു രേഖപ്പെടുത്തുകയും ചെയ്തു. വിമാനത്താവളത്തിലെ മറ്റൊരു കമ്പനിയിൽ യുവതി ജോലിക്ക് അപേക്ഷിച്ചപ്പോഴാണു സർട്ടിഫിക്കറ്റുകളിൽ സംശയം ജനിച്ചത്.
English Summary: Cochin airport staffs fake certificate case