ADVERTISEMENT

ഹരിപ്പാട്(ആലപ്പുഴ) ∙ പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രൻ (24) വിമാനത്താവളത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതാണു ഹൃദ്രോഗത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു അത്യാഹിതം. ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്തെ ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതു ലഭിച്ചാലേ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നിരുന്നോ എന്നു സ്ഥിരീകരിക്കാനാകൂ. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോർട്ട് നൽകുക.

കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തിൽ കുഴഞ്ഞു വീണത്. തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചു നടക്കുമ്പോൾ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോൾ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടർമാരോടു പറഞ്ഞിരുന്നു. പരിശോധനയിൽ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. സൂര്യയുടെ മരണത്തിൽ മറ്റു സംശയങ്ങളൊന്നുമില്ലെന്നും കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ: കെ.അഭിലാഷ് കുമാർ പറഞ്ഞു. അരളിച്ചെടിയുടെ ഇലകൾക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പല ദേവസ്വം ബോർഡുകളും അരളിപ്പൂ നിവേദ്യത്തിൽ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.

English Summary:

Police report says that the poison of Arali plant led to heart disease in Surya surendran's death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com