ആ വാക്കുകള്‍ നിരാശയിലാക്കി; കട്ടപ്പനയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമം പാളി, ഒടുവില്‍ കുരുക്ക്

Mail This Article
കോഴിക്കോട്∙ കുരുക്ക് മുറുകുമെന്ന് ഉറപ്പായപ്പോള്‍ കട്ടപ്പനയിലേക്ക് രക്ഷപ്പെടാനൊരുങ്ങിയതായി കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലുണ്ടാകണമെന്ന ക്രൈംബ്രാഞ്ച് നിര്‍ദേശത്തെത്തുടര്‍ന്നാണ് പിന്‍വാങ്ങിയത്. കല്ലറ പൊളിച്ചുള്ള പരിശോധനയ്ക്ക് മൂന്ന് ദിവസം മുന്‍പ് ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനും മറ്റൊരാള്‍ക്കുമൊപ്പം ജോളി അടുത്ത വീട്ടിലിരുന്ന് അറസ്റ്റില്‍ നിന്ന് ഒഴിവാകാനുള്ള സാധ്യതയും ചര്‍ച്ച ചെയ്തു.
ആറു വട്ടം മൊഴിയെടുത്തപ്പോഴും കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലായിരുന്നു ജോളി. പലതും മാറ്റിപ്പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ജോളിയെ അവിശ്വസിക്കുന്നതായി ഭാവിച്ചില്ല. കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ഒരാഴ്ച മുന്‍പു കട്ടപ്പനയിലേക്ക് യാത്രയുണ്ടെന്ന് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൂടത്തായിയില്‍ തുടരാനായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിര്‍ദേശം.
ഇതോടെയാണ് ജോളിക്ക് അന്വേഷണം തന്നിലേക്കടുക്കുന്നുവെന്ന സംശയമുണ്ടായത്. പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വിശ്വസ്തനായ ലീഗ് നേതാവിനും സുഹൃത്തിനുമൊപ്പം ജോളിയുടെ അടുത്ത വീട്ടിലിരുന്ന് കൂടിയാലോചിച്ചത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാമ്പത്തികമായും അല്ലാതെയും സഹായിക്കാമെന്ന് പലരും അറിയിച്ചു. പ്രത്യക്ഷത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന ഏറെ അടുപ്പമുള്ള അഭിഭാഷകന്റെ വാക്കുകള്‍ ജോളിയെ നിരാശയിലാക്കി.
കംപ്യൂട്ടറും മറ്റു രേഖകളുമായി ബന്ധുവീട്ടിലേക്കു മാറാന്‍ ശ്രമിച്ചെങ്കിലും വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാനായില്ല. കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ മാത്രം നിരത്തിയതോടെ ജോളി കുറ്റമേല്‍ക്കുകയായിരുന്നു. തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം കുരുങ്ങിയെന്നു ബോധ്യപ്പെട്ടതോടെയാണു വിശ്വസ്തര്‍ക്കൊപ്പം കൂടിയാലോചിച്ചത്. നിരീക്ഷണത്തിലുള്ള ഇരുവരും കേസില്‍ പ്രതിയാകാനുള്ള സാധ്യതയാണുള്ളത്.
English Summary : Koodathai Murder Jolly tried to escape to Kattappana