മുത്തശ്ശി ഈണത്തില്‍ പാടി; കൂട്ടിരുന്ന് കേട്ട് പരാതി തീര്‍ത്ത് പൊലീസ്-വിഡിയോ

Mail This Article
ഇരിങ്ങാലക്കുട ∙ ‘ന്റെ പാട്ടുകേട്ടിരിക്കാൻ ആരൂല്ല’ എന്നൊരാൾ പറഞ്ഞാൽ എന്തു തോന്നും? ഈ തിരക്കിൽ പാട്ടുകേട്ടിരിക്കാനൊക്കെ സമയമെവിടെ എന്നായിരിക്കും പലരുടെയും ചിന്ത. തൊണ്ണൂറ്റിനാലുകാരിയായ ജാനകിയമ്മ ഇങ്ങനെ ചോദിച്ച്, പഴയ പാട്ടുകൾ ഇമ്പത്തോടെ പാടുമ്പോൾ ആരായാലും താളം പിടിച്ചു കേട്ടിരുന്നു പോകും. പ്രായത്തിന്റെ അവശതകൾക്കിടയിലും അത്രയധികം സന്തോഷത്തോടെയാണു ജാനകിയമ്മൂമ്മ പാടുന്നതും വർത്തമാനം പറയുന്നതും.
‘എന്താ അമ്മൂമ്മയുടെ സങ്കടം?’ ഗൃഹസന്ദർശനത്തിനെത്തിയ ജനമൈത്രി പൊലീസ് തൊണ്ണൂറ്റിനാലുകാരിയായ ജാനകിയമ്മയോടു ചോദിച്ചു. ‘ന്റെ പാട്ടുകേട്ടിരിക്കാൻ ആരൂല്ല’ – വിഷമത്തോടെ ജാനകിയമ്മയുടെ മറുപടി. അതിനെന്താ, ഞങ്ങൾ കേട്ടിരിക്കാമല്ലോ എന്നായി പൊലീസ്. ആസ്വദിക്കാൻ ആളെ കിട്ടിയതിന്റെ സന്തോഷത്തിൽ ജാനകിയമ്മ ഒന്നരമണിക്കൂറോളം പാടി. ക്ഷമയോടെ പാട്ടുകൾ മുഴുവൻ കേട്ടതിനു ശേഷം ജനമൈത്രി സംഘം പറഞ്ഞു, ‘വളരെ നന്നായി പാടുന്നുണ്ടല്ലോ, ഒഴിവുകിട്ടുമ്പോൾ ഇനിയും പാട്ടുകേൾക്കാൻ വരാം..’
എടതിരിഞ്ഞിയിൽ ഗൃഹസന്ദർശനത്തിനെത്തിയ കാട്ടൂർ സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരായ ഇ.എസ്.മണി, വിവിൻ കൊല്ലാറ എന്നിവർക്കു മുന്നിലാണു ജാനകിയമ്മ ആസ്വദിച്ചു പാടിയത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിൽ സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുന്ന ജോലിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ഏകമകൾ വിജയലക്ഷ്മി, മരുമകൻ ദിവാകരൻ എന്നിവർക്കൊപ്പമാണ് ജാനകിയമ്മ കഴിയുന്നത്. പൊലീസിനെ കണ്ടപ്പോള്‍ അമ്പരപ്പോടെ ‘എന്തിനാ വന്നത്’ എന്നായിരുന്നു ജാനകിയമ്മയുടെ ആദ്യചോദ്യം.
സൗഹൃദ സന്ദർശനമാണെന്നു പൊലീസുകാർ പറഞ്ഞപ്പോൾ ജാനകിയമ്മയും സൗഹൃദഭാവത്തിലായി. അമ്മ നന്നായി പാട്ട് പാടുമെങ്കിലും കേൾക്കാൻ ആളില്ലാത്തതിന്റെ സങ്കടമുണ്ടെന്നു മകൾ പൊലീസിനോടു പറഞ്ഞു. സത്യമാണെന്നു ജാനകിയമ്മയും ശരിവച്ചു. ധൈര്യമായി പാടിക്കോളൂ, ഞങ്ങൾ കേൾക്കാമെന്നു പൊലീസുകാർ പറഞ്ഞപ്പോൾ ജാനകിയമ്മ ഉഷാറായി. ഭക്തിഗാനങ്ങളും നാടൻപാട്ടുകളും ഈണത്തിൽ പ്രവഹിച്ചു. ഇമ്പമേറിയപ്പോൾ പൊലീസുകാരിലൊരാളുടെ കാലിൽ തട്ടി താളംപിടിച്ചു.

‘പൊട്ടിച്ചെറിയുക കൈവിലങ്ങുകൾ’ എന്ന നാടൻപാട്ടടക്കം ജാനകിയമ്മ പാടി. അമ്മൂമ്മ ആരെ അടുത്തുകിട്ടിയാലും പാടിക്കേൾപ്പിക്കുമെന്നു വിജയലക്ഷ്മി പറയുന്നു. ഒരിക്കൽ കൈയ്ക്ക് പരുക്കേറ്റ് ആശുപത്രിയിലായപ്പോൾ ശ്രോതാക്കൾ നഴ്സുമാരും ആശുപത്രി ജീവനക്കാരുമായിരുന്നു. അടുത്തിടെയായി ചെറിയ തോതിൽ മറവിയുണ്ട്. പാട്ടുകളിലെ ചില വരികൾ മറന്നുപോകും. മുൻപ് കോൽക്കളിയിലും പ്രാവീണ്യമുണ്ടായിരുന്നു. കോൽ കയ്യിൽ കൊടുത്താൽ ഇപ്പോഴും കളിക്കാൻ അമ്മ തയാറാണെന്നു വിജയലക്ഷ്മി പറഞ്ഞു; പല്ലില്ലാത്ത മോണ കാട്ടി ജാനകിയമ്മ ചിരിച്ചു.
English Summary: 94 year old singer Janaki Ammoomma at Irinjalakuda, Thrissur