എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷം: വരവേറ്റത് ഒഴിഞ്ഞ കസേരകള്‍
Mail This Article
കോഴിക്കോട്∙ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍. കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന ആഘോഷ പരിപാടിക്കാണ് ആളെണ്ണം തീരെ കുറഞ്ഞുപോയത്. ഇവിടെ കാണികളേക്കാള്‍ കൂടുതല്‍ വേദിയിലായിരുന്നു ആളുകള്‍. നേരിട്ടെത്തുമെന്ന് പറഞ്ഞ മന്ത്രിമാരാകട്ടെ, ഉദ്ഘാടനം ഓണ്‍ലൈനിലുമാക്കി.
ആഘോഷ പരിപാടികളുടെ ഭാഗമായി വേദിയിൽ നാടന്‍ കലാരൂപങ്ങളുടെ അവതരണം തകർക്കുമ്പോൾ താഴെയുണ്ടായിരുന്നത് കൂടുതലും ഒഴിഞ്ഞ കസേരകളാണ്. നോമ്പുതുറ സമയം കഴിഞ്ഞ് ഉദ്ഘാടനം ആകുമ്പോഴേയ്ക്കും ആളുകളെത്തുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. ഉദ്ഘാടന ചടങ്ങ് തുടങ്ങിയപ്പോഴും അവസ്ഥ പഴയതു തന്നെ. നേരിട്ടെത്തുമെന്ന് അറിയിച്ചിരുന്ന മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ഒണ്‍ലൈനിലാക്കി. ചില അത്യാവശ്യങ്ങളില്‍ പെട്ടുപോയെന്നായിരുന്നു വിശദീകരണം.
കോഴിക്കോട്ടെ ഒട്ടുമിക്ക പരിപാടികളിലും എത്താറുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷത്തിന് സമയം കണ്ടെത്താനായില്ല. എന്നാല്‍ ഒരാഴ്ച നീളുന്ന ആഘോഷങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂവെന്നും, വരും ദിവസങ്ങളില്‍ ആളുകളെത്തുമെന്നുമാണ് സംഘാടകരുടെ വിശദീകരണം.
English Summary: Number of Spectators fewer for first-anniversary fete of 2nd LDF government held at Kozhikode Beach