നിലപാടുകൊണ്ട് ഏവരെയും എന്നും ഞെട്ടിച്ച നേതാവ്: പ്രയാറിനെ അനുസ്മരിച്ച് സുധാകരൻ

Mail This Article
തിരുവനന്തപുരം∙ മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ എംപി അനുശോചിച്ചു.
‘കെഎസ്‌യു വിദ്യാര്‍ഥി സംഘടനയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പ്രയാര്‍ മരണം വരെ മൂവര്‍ണക്കൊടി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് വികാരം മനസ്സില്‍ സൂക്ഷിച്ച നേതാവായിരുന്നു. ചിരിക്കുന്ന മുഖത്തോടെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തന്‍റേടം കാട്ടിയ നേതാവാണ് പ്രയാര്‍. കേരളത്തില്‍ ചിതറി കിടന്നിരുന്ന ക്ഷീരകര്‍ഷകരെ സംഘടിത ശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രയാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
ക്ഷീരകര്‍ഷക മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം പ്രയത്നിച്ചു. മില്‍മ സൊസൈറ്റിയുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും പ്രയാര്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് മറക്കാനാവില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന കാലത്ത് ശബരിമല വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ വിശ്വാസികള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം തുടര്‍ച്ചയായി വാദിച്ചു.
ശബരിമല വിശ്വാസ സംരക്ഷണ വിഷയം കേരളത്തില്‍ കത്തിപടര്‍ന്ന് നില്‍ക്കുന്ന കാലത്ത്, നിരപരാധികളായവരെ പൊലീസുകാര്‍ തടവുകാരായി പിടിച്ചുവച്ചെന്ന് അറിഞ്ഞ് പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി. വിശ്വാസപോരാട്ടത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പൊലീസ് പ്രയാര്‍ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്ന കാഴ്ച വല്ലാതെ അസ്വസ്ഥനാക്കി. ആഹാരം കഴിക്കാനോ വേഷം മാറാനോ അദ്ദേഹത്തെ പൊലീസ് അനുവദിച്ചിരുന്നില്ല.
ഞാന്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രയാര്‍ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചു. വിശ്വാസ സംരക്ഷണ പോരാട്ട സമരത്തിന് നേതൃത്വം നല്‍കിയതാണ് കുറ്റമെന്ന് അവര്‍ എന്നെ അറിയിച്ചു. സമരം നയിച്ചവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ പൊലീസിനെ അനുവദിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ പ്രയാറിന്‍റെ കയ്യും പിടിച്ച് സ്റ്റേഷന് പുറത്തേക്ക് വരുമ്പോള്‍ സുസ്മേരവദനനായി എന്‍റെയൊപ്പം നടന്ന് വന്ന പ്രയാറിന്‍റെ മുഖം ഇന്നും ഓര്‍മയില്‍നിന്ന് മാഞ്ഞിട്ടില്ല. നിലപാടുകള്‍ക്കൊണ്ട് ഏവരെയും എന്നും ഞെട്ടിച്ച പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം മണ്ഡലത്തിന്‍റെ വികസന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ചടയമംഗലം കണ്ട എക്കാലത്തെയും മികച്ച എംഎല്‍എ കൂടിയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പദവികള്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്’–സുധാകരൻ പറഞ്ഞു.
English Summary: K Sudhakaran's condolence to Prayar Gopalakrishnan