വിലങ്ങ് പിടിച്ചുവാങ്ങി തലയ്ക്കടിച്ച് കടന്ന്കളഞ്ഞ് മിന്നല്‍ ഫൈസല്‍: 3 പൊലീസുകാര്‍ക്ക് പരുക്ക്

Mail This Article
തിരുവനന്തപുരം ∙ ചിറയിന്‍കീഴില്‍ പിടികൂടാൻ ശ്രമിച്ച പൊലീസുകാർക്കു നേരെ പ്രതിയുടെ ആക്രമണം. ഒട്ടേറെ കേസുകളില്‍ പ്രതിയായ മിന്നല്‍ ഫൈസലാണ് പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ സിപിഒമാരായ ലുക്മാന്‍, ഹക്കീം, അരുണ്‍കുമാര്‍ എന്നിവര്‍ ചികില്‍സയിലാണ്. പ്രതി രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിന്നൽ ഫൈസലിനെ പിടികൂടുന്നതിനായി മൂന്നു പൊലീസുകാർ ഉൾപ്പെട്ട സംഘം എത്തിയത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ മാത്രം ഏതാണ്ട് ഇരുപതോളം കേസുകളിൽ പ്രതിയാണ് മിന്നൽ ഫൈസൽ. അടിപിടി കേസുകൾ ഉൾപ്പെടെയാണ് ഇയാൾക്കെതിരെയുള്ളത്.
ഫൈസൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ട് എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇവിടെയെത്തിയത്. അവിടെയുണ്ടായിരുന്ന ഫൈസലിനെ പിടികൂടി കയ്യിൽ വിലങ്ങ് അണിയിക്കുന്നതിനിടെയായിരുന്നു ആക്രമണം. കയ്യിൽ അണിയിക്കാൻ ശ്രമിച്ച വിലങ്ങുപയോഗിച്ചായിരുന്നു ആക്രമണം. കയ്യിൽ പിടിച്ചിരുന്ന ലുക്മാന്റെ തലയ്ക്കായിരുന്നു ആദ്യ പ്രഹരം. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത് ഇവർക്കു നേരെ വീശി. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇയാളെ വീണ്ടും പിടികൂടാൻ പൊലീസുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൈവിലങ്ങ് ഉപയോഗിച്ച് പൊലീസുകാരെ വീണ്ടും ആക്രമിച്ച് ഇയാൾ സ്ഥലം വിട്ടു. പരുക്കേറ്റ പൊലീസുകാരെ ആറ്റിങ്ങലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു പരുക്കേറ്റ ലുക്മാനെ പിന്നീട് വിദഗ്ധ പരിശോധനകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഫൈസലിനായി തിരച്ചിൽ തുടരുകയാണ്.
English Summary: Police Men Were Attacked In Trivandrum