‘ഞങ്ങൾ വിവാഹിതരായിട്ടില്ല’: വൈറൽ ചിത്രങ്ങളെക്കുറിച്ച് ആദിലയും നൂറയും
Mail This Article
ചെന്നൈ∙ വിവാഹിതരായെന്ന വാർത്ത നിഷേധിച്ച് സ്വവർഗാനുരാഗികളായ ആദില നസ്രീനും ഫാത്തിമ നൂറയും. കഴിഞ്ഞദിവസം ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായതിനു പിന്നാലെയാണ് ഇവർ വിവാഹിതരായെന്നു വാർത്ത പ്രചരിച്ചത്. ഒരുപാടു പേർ ആദിലയ്ക്കു നസ്രീനും ആശംസ നേരുകയും ചെയ്തു. എന്നാൽ വിവാഹിതരായിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ചത് ഒരു ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രങ്ങളാണെന്നും ആദിലയും നൂറയും ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
ഇക്കാര്യം വിശദീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിടുകയും ചെയ്തു. ‘‘ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല, ചിത്രങ്ങൾ ഫോട്ടോഷൂട്ടിനായി എടുത്തതാണ് എന്നാണ് പോസ്റ്റ്. വിവാഹവസ്ത്രങ്ങളണിഞ്ഞും പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. എന്നാൽ ഇതു വൈപ്പിനിൽ നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണെന്ന് ആദില പറഞ്ഞു. ആഷിഖ് റഹീമിന്റെ നേതൃത്വത്തിലുള്ള വൗടേപ്പ് ഫോട്ടോഗ്രഫി ടീമാണ് ചിത്രങ്ങൾ പകർത്തിയത്. ഇരുവരും ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്.
2022 മേയ് 31നാണ് ആദിലയ്‌ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയത്. തന്റെ അടുക്കൽനിന്ന് ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടാൻ ആദില നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കിയായിരുന്നു ഹൈക്കോടതി വിധി. സൗദിയില്‍ പ്ലസ്‌ടുവിന് ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് ആദിലയും നൂറയും പ്രണയത്തിലാകുന്നത്. വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് തമ്മില്‍ ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന വാഗ്ദാനം വീട്ടുകാര്‍ക്ക് നല്‍കുകയും നാട്ടിലെത്തി ഡിഗ്രിപഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ജോലി നേടുകയും ചെയ്തു. നൂറയുടെ കുടുംബം ബന്ധത്തെ കുറിച്ചറിഞ്ഞ ശേഷം ആദിലയ്ക്കു താക്കീത് നൽകിയിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും സ്നേഹബന്ധം തുടരുകയായിരുന്നു. തുടർന്നാണ് കോഴിക്കോടുള്ള ഒരു സന്നദ്ധസംഘടനയിൽ ഇരുവരും അഭയം തേടിയത്. പിന്നീട് ആദിലയുടെ വീട്ടിലേക്ക് വന്ന നൂറയെ ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടുപോയതോടെയാണ് ആദില നിയമസഹായം തേടിയത്.
English Summary: Adhila Nasrin and Fathima About Rumours on Wedding