‘തട്ടമിട്ട നീ ജയിക്കില്ലെന്ന് പരിഹസിച്ച എസ്എഫ്ഐക്കാർക്കുള്ള മറുപടിയാണ് ഈ ജയം’
Mail This Article
പെരിന്തൽമണ്ണ∙ ‘‘തട്ടമിട്ട നീ ജയിക്കില്ലെന്ന് പരിഹസിച്ച എസ്എഫ്ഐക്കാർക്കുള്ള മറുപടിയാണ് ഈ ജയം’’ – മലപ്പുറം പെരിന്തൽമണ്ണ പിടിഎം കോളജിൽ യുഡിഎസ്എഫ് പാനലിൽ വൈസ് ചെയർപഴ്സനായി വിജയിച്ച റിഫ തെക്കന്റെ വാക്കുകളാണിത്. എടത്തനാട്ടുകര മേഖല മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മേഖലയിലെ കോളജ് യൂണിയൻ ഭാരവാഹികൾക്കുള്ള സ്വീകരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു റിഫ. ഇതിന്റെ വിഡിയോ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താർ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘‘കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിനു നിന്നപ്പോൾ 23 വോട്ടിനു പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് ഇത്തവണ നിൽക്കണമെന്നു കരുതിയിരുന്നില്ല. അന്ന് എന്നെ തോൽപ്പിച്ചത് ഒരു എസ്എഫ്ഐക്കാരൻ ആയിരുന്നു. തോറ്റതിനുശേഷം വലിയ സമ്മർദ്ദം നേരിട്ടു. നീ തട്ടം ഇട്ടതുകൊണ്ടാണ് തോറ്റത് എന്ന കളിയാക്കലുകൾ നേരിട്ടു. അതുകൊണ്ട് ഇത്തവണ ജയിക്കണമെന്ന വാശിയുണ്ടായിരുന്നു. അവരുടെ മുന്നിൽ ജയിച്ചുകാണിക്കണമെന്നു തോന്നി.
ഇത്തവണ മത്സരിച്ചപ്പോഴും ജയിച്ചാ ജയിച്ചു, തോറ്റാൽ തോറ്റൂ എന്ന മാനസികാവസ്ഥയിലാണ് ആദ്യമൊക്കെ കണ്ടത്. എന്നാൽ എതിർ സ്ഥാനാർഥി പറഞ്ഞത് കഴിഞ്ഞ തവണ തോറ്റതല്ലേ ഇപ്രാവശ്യം കോലം കെട്ടാൻ വേണ്ടി നിൽക്കണമെന്നില്ല എന്നൊക്കെയാണ്. അതോടെ വാശിയായി. ഇത്തവണ 201 വോട്ടുകൾക്കാണ് ജയിച്ചത്.
ആകെയുള്ള ഒൻപതു സീറ്റിൽ എട്ടിലും കഴിഞ്ഞ തവണ എസ്എഫ്ഐയാണ് ജയിച്ചത്. ഒന്നിൽ മാത്രമാണ് എംഎസ്എഫ് ജയിച്ചത്. ആ സാഹചര്യത്തിൽനിന്ന് ഇത്തവണ ഒൻപതിൽ ഒൻപതും യുഡിഎസ്എഫ് പിടിച്ചെടുക്കുകയായിരുന്നു. ജയിച്ചു കഴിഞ്ഞാൽ മാത്രമേ ഞങ്ങൾക്ക് അവിടെ ശബ്ദമുണ്ടാകുകയുള്ളൂ’’ – റിഫ കൂട്ടിച്ചേർത്തു.