ഇന്ത്യയിൽ സുരക്ഷിതയെന്ന് യാന ലണ്ടനിൽ; ബാഗ് പരിശോധിക്കാൻ സമ്മതിച്ചില്ലെന്ന് ഡൽഹി കസ്റ്റംസ്

Mail This Article
ന്യൂഡൽഹി∙ ബാഗ് പരിശോധിക്കുന്നതിനു വിസമ്മതിച്ച തന്നോട് ഡൽഹിയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറി എന്ന ആരോപണവുമായി ജമ്മു–കശ്മീരിലെ മാധ്യമപ്രവർത്തക യാന മിർ. അതേസമയം, കൈവശമുള്ള ബാഗ് പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ യാന മിർ വിസമ്മതിച്ചതായി ഡൽഹി കസ്റ്റംസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും യാന എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു.
ഇന്ത്യയിൽ താൻ സ്വതന്ത്രയും സുരക്ഷിതയുമാണെന്നു പറഞ്ഞുകൊണ്ടു യുകെ പാർലമെന്റില്‍ നടത്തിയ പ്രസംഗത്തിലൂടെയാണു യാന മിർ ശ്രദ്ധനേടിയത്. ‘‘എന്താണ് ഞാൻ ഇന്ത്യയെ കുറിച്ചു പറഞ്ഞത്. ഇന്ത്യയിൽ ഞാൻ സുരക്ഷിതയും സ്വതന്ത്രയുമാണെന്നായിരുന്നു അത്. പക്ഷേ, തിരിച്ചെത്തിയപ്പോൾ ഇന്ത്യയിൽ എന്നെ സ്വാഗതം ചെയ്തത് എങ്ങനെയാണ്? മാഡം താങ്കളുടെ ബാഗ് പരിശോധിക്കണം. ദയവായി ബാഗ് തുറക്കൂ. എന്തുകൊണ്ടാണ് നിങ്ങളുടെ കൈവശം ലൂയി വുറ്റാൻ ബാഗുകളുള്ളത്? നിങ്ങൾ പണം മുടക്കി വാങ്ങിയതാണോ ഇത്? എങ്കിൽ ഇതിന്റെ ബില്ല് എവിടെ? എന്താണ് ലണ്ടനിലുള്ളവർ എന്നെ കുറിച്ച് ചിന്തിച്ചത്. ഇന്ത്യയിലെ മാധ്യമ യോദ്ധാവ്. എന്താണ് ഡൽഹി കസ്റ്റംസ് എന്നെ കുറിച്ച് ചിന്തിച്ചത്? ബ്രാൻഡഡ് വസ്തുക്കളുടെ കള്ളക്കടത്തുകാരി’’– യാന മിർ സമൂഹമാധ്യമത്തിൽ കുറിച്ചു.
സാധാരണഗതിയിൽ രാജ്യാന്തരയാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്ന രീതിയിലാണു യാനയുടെ ബാഗും പരിശോധിച്ചതെന്നു ഡൽഹി കസ്റ്റംസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ബാഗുകൾ പരിശോധിക്കുന്നതിനു യാന മിർ സഹകരിച്ചില്ലെന്നാണു കസ്റ്റംസിന്റെ വിശദീകരണം. ‘‘മറ്റു യാത്രക്കാർ ബാഗുകൾ പരിശോധിക്കുന്നതുമായി സഹകരിച്ചു. പക്ഷേ, യാന മിർ സഹകരിച്ചില്ല. തികച്ചും അനാവശ്യമായ നിസ്സഹകരണമായിരുന്നു അത്. നിയമത്തിനു മുകളിലല്ല, പരിഗണനകൾ. സിസിടിവി ഫുട്ടേജ് കാര്യം വ്യക്തമാക്കും’’– എന്ന കുറിപ്പോടെയാണ് ഡൽഹി കസ്റ്റംസ് വിഡിയോ പങ്കുവച്ചത്.
‘‘ഞാൻ ഒരു മലാല യൂസഫ്സായി അല്ല. കാരണം ഇന്ത്യയുടെ ഭാഗമായ എന്റെ ജന്മനാടായ കശ്മീരിൽ ഞാൻ സുരക്ഷിതയും സ്വതന്ത്രയുമാണ്. ഞാനൊരിക്കലും എന്റെ മാതൃരാജ്യത്തിൽനിന്ന് ഓടിപ്പോയി നിങ്ങളുടെ രാജ്യത്ത് (യുകെ) അഭയം തേടില്ല. എനിക്ക് ഒരിക്കലും മലാല യൂസഫ്‌സായി ആകാൻ കഴിയില്ല’’– എന്നായിരുന്നു യുകെയിലെ ജമ്മു കശ്മീർ സ്റ്റഡി സെന്റർ ആതിഥേയത്വം വഹിച്ച പരിപാടിയിൽ യാന മിർ കഴിഞ്ഞ ദിവസം പറഞ്ഞത്. കശ്മീർ ജനതയെ ‘അടിച്ചമർത്തപ്പെട്ടവർ’ എന്ന് വിളിച്ച് ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് മലാല യൂസഫ്സായിയെ യാന മിർ വിമർശിക്കുകയും ചെയ്തിരുന്നു.