പ്രതിഷേധിക്കാൻ ജന്തർ മന്തറിലേക്കു പോകണമെന്ന് ഡൽഹി പൊലീസ്; ഫോഗട്ടിന് നീതി കിട്ടിയില്ലെന്ന് ഡോക്ടർമാർ
Mail This Article
ന്യൂഡൽഹി∙ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ ഡോക്ടർമാരുടെ പ്രതിഷേധം. കൊൽക്കത്തയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു പിജി മെഡിക്കൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം. റസിഡന്റ് ഡോക്ടർമാർക്കൊപ്പം നഴ്സുമാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ പ്രതിഷേധത്തിനെത്തി.
അതേസമയം, പ്രതിഷേധക്കാരോടു പിരിഞ്ഞു പോകണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ആയിരത്തോളം പേരാണ് പ്രതിഷേധത്തിനെത്തിയിരിക്കുന്നത്. ഇവിടെനിന്ന് പിരിഞ്ഞു പോകണമെന്നും ജന്തർ മന്തറിൽ പ്രതിഷേധിക്കാമെന്നും പൊലീസ് പറയുന്നുണ്ട്. ഇവിടെ തുടർന്നാൽ നിയമനടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിലപാട്. ജന്തർ മന്തറിലേക്ക് പോകാൻ വാഹന സൗകര്യം ഒരുക്കാം എന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു.
എന്നാൽ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിനേഷ് ഫോഗട്ടിനു നീതി കിട്ടിയില്ല എന്ന് ഡോക്ടർമാർ പൊലീസിനോട് മറുപടി പറഞ്ഞു. ദേശീയ പതാകയുമേന്തിയാണ് പ്രതിഷേധം.