സ്കാനിങ് സെന്ററിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്റ്റിൽ
Mail This Article
ഭോപാൽ∙ മാളവ്യ നഗറിലെ എംആർഐ സ്കാനിങ് സെന്ററിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. എംആർഐ പരിശോധനയ്‌ക്കായി എത്തിയ സ്ത്രീയാണ് വസ്ത്രം മാറുന്ന മുറിയിൽ നിന്നും ക്യാമറ ഓൺ ചെയ്ത രീതിയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തുണ്ടായിരുന്ന ഭർത്താവ് ആദിലിനെ വിവരം അറിയിച്ചു. അന്വേഷണത്തിൽ, മൊബൈൽ സ്കാനിങ് സെന്ററിലെ ഒരു ജീവനക്കാരന്റേതാണെന്ന് കണ്ടെത്തി.
വസ്ത്രം മാറുന്ന മുറിയിൽ കയറുന്ന സ്ത്രീകളുടെ വിഡിയോ ഇയാൾ നിരന്തരം റെക്കോർഡ് ചെയ്യാറുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിയുടെ 27 മിനിറ്റ് വിഡിയോ ഉൾപ്പെടെ നിരവധി വിഡിയോകൾ പ്രതിയുടെ മൊബൈലിൽ നിന്നും കണ്ടെടുത്തതായി ഡിസിപി സഞ്ജയ് അഗർവാൾ പറഞ്ഞു.
വസ്ത്രം മാറുന്ന മുറി പൊലീസ് സീൽ ചെയ്ത ശേഷം പ്രതിയായ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. റെക്കോർഡിങ്ങുകളുടെ വ്യാപ്തി കണ്ടെത്തുന്നതിനും കൂടുതൽ ഇരകളെ തിരിച്ചറിയുന്നതിനുമായി മൊബൈൽ ഫോൺ ഫൊറൻസിക് വിഭാഗത്തിന് അയയ്ക്കും. ഇരയുടെ കുടുംബാംഗങ്ങൾ എംആർഐ സെന്ററിൽ ബഹളംവച്ചു. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. സ്കാനിങ് സെന്ററിലെ മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യും. ഇത് ആരംഭിച്ചിട്ട് എത്ര കാലമായി എന്നു കണ്ടെത്തുന്നത് ഉൾപ്പെടെ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.