കണ്ണടച്ച് ക്യാമറകൾ; പിടിക്കപ്പെടാതെ അമിതവേഗം
Mail This Article
തിരുവനന്തപുരം ∙ ‘സേഫ് കേരള’ പദ്ധതിയിൽ മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകൾ ഒഴികെ, ഗതാഗത നിയമലംഘനം പിടികൂടാൻ വച്ച ഒരു ക്യാമറയും ‘സേഫ്’ അല്ല. അമിതവേഗക്കാരെ പിടികൂടാനായി മാത്രം പൊലീസും ഗതാഗതവകുപ്പും 2012 മുതൽ സ്ഥാപിച്ച നാനൂറോളം ക്യാമറകളിൽ മുന്നൂറെണ്ണം കാലപ്പഴക്കം, വാഹനാപകടം, റോഡ് നവീകരണം എന്നിവ മൂലം നശിച്ചു. ശേഷിച്ചവയുടെ ചുമതല സർക്കാർ കൈമാറാത്തതിനാൽ ഇവയുടെ പരിപാലനം കെൽട്രോൺ അവസാനിപ്പിച്ചു. എഐ ക്യാമറയിൽ അമിതവേഗം പിടിക്കപ്പെടില്ലെന്ന ന്യൂനതയുള്ളതിനാൽ, റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനും മോട്ടർവാഹന വകുപ്പിനും നിലവിൽ സജ്ജീകരണമില്ല.
അപകടമരണങ്ങൾ പെരുകിയപ്പോൾ 2013ലാണു പൊലീസ് ‘100 സിസ്റ്റം പ്രോജക്ട്’ എന്ന പേരിൽ, ഏറ്റവുമധികം അപകടങ്ങൾ സംഭവിച്ച 50 സ്ട്രെച്ചുകളിലായി അമിതവേഗം കണ്ടെത്താൻ 100 ക്യാമറകൾ സ്ഥാപിച്ചത്. കെൽട്രോൺ വഴിയുള്ള പദ്ധതിക്കു 40 കോടി രൂപയായിരുന്നു മുടക്ക്. ഇതിൽ 25 ക്യാമറകൾ മാത്രമാണു പ്രവർത്തിക്കുന്നത്. 2 വർഷം സർവീസ് ചെയ്തതിന്റെ തുക കുടിശികയുമാണ്. മോട്ടർ വാഹനവകുപ്പ് വിവിധ കാലങ്ങളിലായി സ്ഥാപിച്ച ക്യാമറകളിൽ നല്ലൊരു പങ്കും പ്രവർത്തനരഹിതമായി. 3 വർഷമാണു ക്യാമറകളുടെ വാറന്റി. 7 വർഷം വരെ കെൽട്രോൺ പരിപാലിച്ചിരുന്നു. എന്നാൽ സർക്കാർ വാർഷിക പരിപാലന കരാർ(എഎംസി) വയ്ക്കാതിരുന്നതോടെ 2022ൽ പരിപാലനം നിലച്ചു. എഐ ക്യാമറകൾക്കു മാത്രമാണു പരിപാലന കരാർ നിലവിലുള്ളത്.
ജംക്‌ഷനുകളിൽ കെൽട്രോൺ സ്ഥാപിച്ച സിഗ്നലിങ് സിസ്റ്റത്തിന്റെയും സ്ഥിതിയും സമാനമാണ്. 300 ജംക്‌ഷനുകളിൽ സ്ഥാപിച്ചതിൽ 120 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. 2022 മുതൽ റോഡ് സുരക്ഷാ അതോറിറ്റി വർക്ക് ഓർഡർ നൽകാത്തതിനാൽ കേടായ ഭാഗങ്ങളൊന്നും മാറ്റിവയ്ക്കാൻ കഴിയുന്നില്ല. അവശേഷിക്കുന്ന 120 സിഗ്നൽ സിസ്റ്റം 3 വർഷത്തേക്കു കൂടി പരിപാലിക്കാൻ പൊലീസ് വഴി കെൽട്രോൺ നൽകിയ പ്രപ്പോസൽ ഒരുവർഷമായി റോഡ് സുരക്ഷാ അതോറിറ്റിയിലാണ്. ഇവയുടെ പരിപാലനവും അവസാനിപ്പിച്ചു. ഒരു വർഷത്തേക്ക് ഒരു കോടി രൂപ മാത്രമാണ് ആവശ്യമെന്നിരിക്കെയാണു സർക്കാർ ഉഴപ്പിയത്.
എഐ ക്യാമറയ്ക്കും കുടിശിക
വിവാദങ്ങൾക്കിടെ, കൊട്ടിഘോഷിച്ചു തുടങ്ങിയ എഐ ക്യാമറകളെയും സർക്കാർ കൈവിട്ടു. പദ്ധതിയുടെ മൂലധന തിരിച്ചടവിനും പരിപാലനത്തിനുമായി 3 മാസത്തിലൊരിക്കൽ മോട്ടർ വാഹന വകുപ്പ് 11.79 കോടി രൂപ വീതം കെൽട്രോണിനു നൽകണമെന്നാണു കരാർ. എന്നാൽ 2023 ജൂണിൽ പ്രവർത്തനം തുടങ്ങിയ പദ്ധതിയുടെ അവസാന 2 ഗഡുക്കൾ മുടങ്ങി. 23.5 കോടി രൂപയാണ് ഈയിനത്തിൽ കെൽട്രോണിനു കുടിശിക.