‘എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല; കയ്യിൽ ഒതുങ്ങുന്ന സാധനങ്ങളെടുത്ത് കാനഡയ്ക്ക് പറന്നു’

Mail This Article
വാഷിങ്ടൻ∙ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമണിയിച്ചാണ് യുഎസ് തങ്ങളുടെ രാജ്യത്ത് അനധികൃതമായി തുടരുന്നവരെ നാടുകടത്തിയത്. ഏതൊരു മനുഷ്യനും അനുതാപത്തോടെ മാത്രം കാണാനാവുന്ന, പല മനുഷ്യരുടെയും നിസ്സഹായവസ്ത ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങൾ എത്ര പേരെ കണ്ണീരണിയിച്ചിട്ടുണ്ടാകും ? അപ്പോൾ കാരണം പോലും അറിയാതെ വീസ റദ്ദാക്കിയാലോ?
ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഇന്ത്യൻ ഗവേഷക വിദ്യാർഥി രഞ്ജനി ശ്രീനിവാസന്റെ സ്റ്റുഡന്റ്സ് വീസ യുഎസ് റദ്ദാക്കിയത്. യുഎസിന്റെ നിയമനടപടികൾക്ക് വിധേയമാകാതെ സിബിപി ഹോം ആപ്പ് ഉപയോഗിച്ചാണ് അവർ സ്വമേധയാ രാജ്യം വിട്ടത്. യുഎസിലെ അനധികൃത കുടിയേറ്റക്കാർക്ക് സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സേവനമൊരുക്കുന്നതാണ് സിബിപി ആപ്പ്. കൊളംബിയ സർവകലാശാലയിൽ അർബൻ പ്ലാനിങ്ങിൽ (നഗരാസൂത്രണം) ഗവേഷണ വിദ്യാർഥിയായിരുന്നു രഞ്ജിനി. സുരക്ഷയെ മുൻനിർത്തിയാണ് താൻ കാനഡയിലേക്കു പറന്നതെന്ന് രഞ്ജനിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
കയ്യിൽ ഒതുങ്ങാവുന്ന അവശ്യ വസ്തുകളുമെടുത്ത്, വളർത്തുപൂച്ചയെ സുഹൃത്തിനെയുമേൽപ്പിച്ചാണ് ലാഗ്വാർഡിയ വിമാനത്താവളത്തിൽനിന്ന് രഞ്ജനി കാനഡയിലേക്കു പോയത്. വീസ റദ്ദാക്കിയതിനു പിന്നാലെയാണ് ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കൊളംബിയ സർവകലാശാലയിലെ രഞ്ജനിയുടെ അപ്പാർട്ട്മെന്റിലെത്തിയത്. ''ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് മാർച്ച് 5ന് തന്റെ വീസ റദ്ദാക്കിയത് അറിയിച്ചു കൊണ്ടുള്ള മെയിൽ ലഭിച്ചു. കാരണം അറിയാത്തതിനാൽ സർവകലാശാലയിലെ രാജ്യാന്തര വിദ്യാർഥികൾക്കായുള്ള ഓഫിസുമായി ബന്ധപ്പെട്ടു. യുഎസിൽ തുടരുന്ന കാലത്തോളം ഗവേഷണം തുടങ്ങാനാവുമെന്നാണ് അവർ അറിയിച്ചത്. പക്ഷേ ആ വാക്കുകൾക്ക് അൽപ്പായുസ് മാത്രമായിരുന്നു ഫലം’’– രഞ‍്ജനി ശ്രീനിവാസൻ പറഞ്ഞു.
മാർച്ച് 7-ന് സർവകലാശാലയിലെ ഉദ്യോഗസ്ഥനുമായി വീസ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ ഒരാൾ അപ്പാർട്ട്മെന്റിന്റെ വാതിലിൽ മുട്ടിയത്. റൂംമേറ്റ് വാതിൽ തുറക്കാൻ വിസമ്മതിച്ചു. എന്താണ് സംഭവിക്കുന്നതെന്നു പോലും തനിക്ക് അറിയില്ലായിരുന്നെന്ന് രഞ്ജനി ന്യൂയോർക്ക് ടൈെസിനോട് പറഞ്ഞു. മൂന്നാമത്തെ തവണ ഉദ്യോഗസ്ഥർ ജുഡീഷ്യൽ വാറന്റുമായി എത്തിയപ്പോഴേക്കും ഞാൻ സ്വമേധയാ അവിടെനിന്ന് മടങ്ങിയിരുന്നെന്നും രഞ്ജനി പറഞ്ഞു.
മാർച്ച് 11നാണ് രഞ‍്ജനി ശ്രീനിവാസൻ സ്വമേധയാ നാടുവിട്ടത്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ്പ് ഉപയോഗിച്ച് രാജ്യം വിടുന്ന രഞ്ജനിയുടെ ദൃശ്യങ്ങൾ ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നിയോം പങ്കുവച്ചിരുന്നു.