വാലന്റൈൻ ഡേ സ്പെഷൽ രുചിക്കൂട്ട്, ഈസി ടിറാമിസു

Mail This Article
വടക്കൻ ഇറ്റാലിയൻ പട്ടണമായ ട്രെവിസോയിലാണ് ടിറാമിസു കണ്ടുപിടിച്ചത്. ഇറ്റാലിയൻ ഭാഷയിൽ ടിറാമിസു എന്നാൽ “എന്നെ മുകളിലേക്ക് ഉയർത്തൂ” എന്നാണ് അർഥം. ടിറാമിസു ഓരോ സ്പൂൺ നുണയുമ്പോഴും കമിതാക്കൾ തമ്മിലുള്ള ആകർഷണം വർധിക്കും എന്നാണവരുടെ വിശ്വാസം. ഇറ്റലിക്കാരുടെ ഈ പ്രണയപലഹാരം വളരെ എളുപ്പത്തിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ആവശ്യമായ സാധനങ്ങൾ
1 . പാൽ – ഒരു കപ്പ്
2. കണ്ടൻസ്ഡ് മിൽക്ക് – 4 ടേബിൾസ്പൂൺ
3. മാൾട്ട് – 2 ടേബിൾസ്പൂൺ
4. ആരോറൂട്ട് ബിസ്ക്കറ്റ് – ആവശ്യത്തിന്
5. ഫ്രഷ് ക്രീം – 500 മില്ലിലിറ്റർ
6. പഞ്ചസാര – 2 ടേബിൾസ്പൂൺ
7. വാനില എസൻസ് – 1/2 ടീസ്പൂൺ
8. കൊക്കോ പൗഡർ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അധികം തണുപ്പിക്കാത്ത ഒരു കപ്പ് പാലിൽ 4 ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്കും 2 ടേബിൾസ്പൂൺ മാൾട്ടും (ബൂസ്റ്റ്) ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതത്തിൽ ബിസ്ക്കറ്റ് മുക്കി കുതിർത്ത് ഡിസേർട്ട് സെറ്റ് ചെയ്യുന്ന പാത്രത്തിൽ നിരത്തുക. 500 ഗ്രാം ഫ്രഷ് ക്രീം കണ്ടൻസ്ഡ് മിൽക്കിന്റെ ബാക്കി ചേർത്ത് ബീറ്റ് ചെയ്യുക. ഇതിൽ 2 ടേബിൾസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ വാനില എസൻസ് എന്നിവ ചേർത്ത് ബീറ്റ് ചെയ്തു പതപ്പിക്കുക. ഈ മിശ്രിതം ബിസ്കറ്റിനു മുകളിൽ ഒഴിക്കുക. ഇതിനു മുകളിൽ കൊക്കോ പൗഡർ തൂവുക. കൊക്കോ പൗഡർ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഇട്ടാൽ അധികം കട്ടിയാകാതെ ഇടാൻ കഴിയും. ഇതിനു മുകളിൽ വീണ്ടും കുതിർത്ത ബിസ്ക്കറ്റും ക്രീം മിശ്രിതവും നിരത്തി ആവശ്യമുള്ള ലയറിൽ ഉണ്ടാക്കി എടുക്കാൻ കഴിയും. ഏറ്റവും മുകളിൽ കൊക്കോ പൌഡർ തൂവുക. സെറ്റ് ചെയ്ത ടിറാമിസു 3 മണിക്കൂർ റഫ്രിജറേറ്റ് ചെയ്തു ഉപയോഗിക്കാം. എല്ലാ ലയറും കിട്ടത്തക്കവണ്ണം അരിഞ്ഞെടുത്ത് കഴിക്കാം.
ഈ പ്രണയദിനത്തിൽ നിങ്ങളുടെ പ്രണയിതാവിന് സമ്മാനിക്കാൻ ഒരുഗ്രൻ ഡിസേർട്ടാണ് ടിറാമിസു. ഒരു കാൻഡിലിന്റെ വെളിച്ചത്തിൽ സുഖകരമായ തണുപ്പോടെ നാവിൽ അലിഞ്ഞിറങ്ങുന്ന ടിറാമിസു ഒരുമിച്ച് ആസ്വദിക്കാം.
English Summary : Tiramisu is a coffee-flavoured Italian dessert.