തകർന്ന ക്രെഡിറ്റ് സ്കോർ, വായ്പ ഇല്ല! സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
Mail This Article
മൊത്തം മോശം അവസ്ഥ. പക്ഷേ, വിടില്ല ഞാനെന്ന വാശിയിൽ പുതിയൊരു മേഖല പഠിക്കുന്നു. കഷ്ടപ്പെട്ടു കണ്ടുപിടിച്ച കാർപറ്റ് വിരിക്കൽ എന്ന പുതിയ ബിസിനസിൽ മാസങ്ങളുടെ പ്രയത്നത്തിനുശേഷം ഒരു ബിസിനസ് കിട്ടുന്നു. ഒരു വീടിന്റെ പാലുകാച്ചലിന്റെ തലേന്ന് ജോലി പൂർത്തിയാക്കി എല്ലാം നേടിയെന്ന ഭാവത്തിൽ സുഖമായി ഉറങ്ങുന്നു.
രാവിലെ വീട്ടുകാരുടെ 30 മിസ്ഡ് കോൾ. ഓടിച്ചെന്നപ്പോൾ വീട്ടിലെ സർവ മുറിക്കുള്ളിലും ചാക്കുനൂൽ കട്ടകൂടി അപ്പൂപ്പൻ താടിപോലെ പറന്നുകളിക്കുകയാണ്. തലേന്ന് അഭിമാനപൂർവം വിരിച്ചുകൊടുത്ത കാർപറ്റിൽ നിന്നും മഞ്ഞുവീഴുന്ന പോലെ കമ്പിളിനൂൽ പൊഴിഞ്ഞ് അതു പൊങ്ങി കളിക്കുന്നതാണ് സീൻ. നാണംകെട്ട് അവിടെ നിന്നും പുറത്തിറങ്ങിയതും കരഞ്ഞുപോയി. കാർപറ്റ് മേഖല പഠിക്കാനിറങ്ങിയപ്പോൾ പരിചയപ്പെട്ട ഉത്തരേന്ത്യൻ വെണ്ടർ തന്ന പണിയാണ്. പോയത് കടം വാങ്ങി ആദ്യ ഓർഡറിനായി ഇറക്കിയ അൻപതിനായിരം രൂപ മാത്രമല്ല, ഗുഡ് വിൽ കൂടിയായിരുന്നു. ആ നിമിഷം തീരുമാനമെടുത്തു. ഇനി കാർപറ്റ് വേണ്ട... പക്ഷേ... ഇപ്പോൾ കേരളത്തിലെ കസ്റ്റമൈസ്ഡ് കാർപറ്റ് ബിസിനസിൽ ഏറക്കുറെ കുത്തക കയ്യാളുന്ന “യ കാർപറ്റ് ബാൺ' എന്ന കമ്പനിയുടെ തുടക്കം ആ കമ്പിളിപ്പെയ്ത്തിൽ നിന്നായിരുന്നു. കേരളത്തിന്റെ അഭിമാനമായ നെടുമ്പാശേരി സിയാൽ വിമാനത്താവളത്തിന്റെ 6,000 ചതുരശ്രയടിയിൽ കാർപറ്റ് വിരിച്ചു പുഞ്ചിരിയോടെ നിൽക്കുന്നത് അന്നു കരഞ്ഞ ശാലിനി ജോസ് ലിൻ എന്ന കൊച്ചിക്കാരിയാണ്.
ആദ്യ മൂലധനം പൂജ്യം
വിവാഹം കഴിച്ചെത്തിയത് ബിസിനസ് കുടുംബത്തിലേക്കായിരുന്നു. പക്ഷേ, പിന്നീട് മൂന്നു മക്കളുമായി നടുക്കടലിൽ നിൽക്കേണ്ട സാഹചര്യം വന്നപ്പോഴാണ് സ്വന്തം സംരംഭം എന്ന ചിന്തയുണ്ടത്.
ഒരുവശത്തു പറക്കമുറ്റാത്ത മക്കൾ, മറുവശത്ത് ശാലിനിയുടെ പേരിലെടുത്ത വായ്പകളുടെ ഭാരം. കോയമ്പത്തൂരിലെ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ജോലി ഉപേക്ഷിച്ച് കൊച്ചിയിലേക്കു മടങ്ങി. സ്വന്തമായി എന്തെങ്കിലും ചെയ്തെങ്കിലേ പിടിച്ചു നിൽക്കാനാകൂ എന്ന തിരിച്ചറിവ് ശക്തമായി.
ചില ആശയങ്ങൾ പങ്കുവച്ചപ്പോൾ, കൊച്ചി റിഫൈനറിയിലെ ജോലിക്കാരന്റെ മകൾക്ക് ബിസിനസിനെക്കുറിച്ച് എന്തറിയാമെന്ന പരിഹാസമായിരുന്നു പലർക്കും. പക്ഷേ, പ്രതിസന്ധിയുള്ളപ്പോൾ ഡെസ്പരേറ്റായി ഒരു തീരുമാനവും എടുക്കില്ലെന്നു നിശ്ചയിച്ചു. വ്യക്തിജീവിതത്തിലെ വൈകാരികപ്രശ്നങ്ങൾ മാറ്റിവച്ചാലേ ബിസിനസിൽ പച്ചപിടിക്കാനാവു എന്നും മനസ്സിലാക്കി. കുട്ടികളുമൊത്തു വാടകവീട്ടിൽ താമസമാക്കിയ ശാലിനിയെ സഹായിക്കാൻ കൂടെയുണ്ടായിരുന്നത് രണ്ടു സഹോദരിമാർ മാത്രം.
ഇതിനിടയിൽ പല ആശയങ്ങളും മനസ്സിൽ വന്നെങ്കിലും മുതൽമുടക്ക് വലുതാണെന്നതിനാൽ വേണ്ടെന്നുവയ്ക്കാതെ തരമില്ലായിരുന്നു. അത്യധ്വാനം വേണ്ടതും പൊതുവെ സംരംഭകർ മടിക്കുന്നതുമായ മേഖല കണ്ടെത്തുകയാണ് നല്ലതെന്നു മനസ്സു പറഞ്ഞു. ഡിസൈൻ കാര്യങ്ങളിലെ വാസന കൂടി പരിഗണിച്ച് കാർപറ്റിലേക്കു കടക്കാം എന്ന ചിന്തയായി. ആയിടയ്ക്കാണ് പരിചയത്തിലുള്ള വീട്ടിൽ കാർപറ്റൊഴിച്ച് എല്ലാം മനോഹരമായി ചെയ്തിരിക്കുന്നതു കണ്ടത്. വേറെ ചോയ്സില്ലാത്തതിനാൽ താൽപര്യമില്ലാതെ കിട്ടിയത് വാങ്ങേണ്ടിവന്നു എന്ന വീട്ടുകാരുടെ വിശദീകരണം കൂടിയായപ്പോൾ ഇതുതന്നെയാണ് സ്വന്തം മേഖല എന്നുറപ്പിച്ചു.
കാർപറ്റ് കയറ്റുമതിയിൽ ഇന്ത്യ ഒന്നാമതാണെങ്കിലും അതിന്റെ ഗുണഫലങ്ങൾ ഉത്തരേന്ത്യയിൽ ഒതുങ്ങിനിൽക്കുന്നുവെന്നു മനസ്സിലായി. കൊച്ചിയിൽ ഒന്നുരണ്ടു കടകളേയുള്ളൂ. അവിടെ ഡിസ്പ്ലേ വച്ചിരിക്കുന്ന ഡിസൈനുകളിൽനിന്നും വാങ്ങണം. കസ്റ്റമറുടെ ഇഷ്ടത്തിനു പരിഗണനയില്ല. അങ്ങനെയാണ് കസ്റ്റമർക്കുവേണ്ടിയുള്ള കാർപറ്റ് എന്നതിലേക്കെത്തുന്നത്.
2012ന്റെ തുടക്കത്തിൽ കടംവാങ്ങിയ പണവുമായി ശാലിനി കൊച്ചിയിൽ നിന്ന് മുംബൈയിലേക്കു ട്രെയിൻ കയറി. അവിടെനിന്ന് വാരാണസിയിലേക്ക്. ടാക്സിയെടുത്തു മൂന്നും നാലും മണിക്കൂർ യാത്രചെയ്ത് കാർപറ്റ് നെയ്യുന്ന ഉൾനാടൻ ഗ്രാമങ്ങളിലേക്ക്. ഒറ്റയാളെ പരിചയമില്ല. പലതവണ അവിടെപ്പോയി. ആ കഠിനശ്രമങ്ങൾക്കൊടുവിൽ ലഭിച്ച ആദ്യ ഓർഡറാണ് വെണ്ടറുടെ ചതിയെന്ന ബൗൺസറിൽ വീണുപോയത്.
കാർപ്പറ്റിന്റെ കാർ ഷോറൂം
ഇനി കാർപറ്റിൽ ചവിട്ടില്ലെന്ന തീരുമാനവുമായി നാലു മാസം കടന്നുപോയി. ഇനിയെന്ത് എന്ന ചോദ്യവും സാമ്പത്തിക പരാധീനതയും സ്ഥിതി വഷളാക്കിക്കൊണ്ടിരുന്നു. അപ്പോഴാണ് ഡൽഹിയിലെ കാർപറ്റ് എക്സ്പോയെക്കുറിച്ച് അറിഞ്ഞതും രണ്ടും കൽപിച്ചു പോയതും. സെമിനാറുകളിൽ പങ്കെടുത്തതോടെ ആത്മധൈര്യം വീണ്ടെടുത്തു. പണ്ട് ബിഎസ്സി കെമിസ്ട്രി പഠിച്ചത് സിന്തറ്റിക് കാർപറ്റിന്റെ സാങ്കേതികവശങ്ങൾ പഠിക്കാൻ തുണയായി.
അന്ന് ആകെയുള്ള സ്വത്തായ 2008 മോഡൽ ഷെവർലെ ഏവിയോ കാർ ശാലിനി ഷോറൂമാക്കി. കൊച്ചിയിലെ സർവ കൺസ്ട്രക്ഷൻ സൈറ്റുകളിലും അതുമായി കയറിയിറങ്ങി. ഇന്റീരിയർ ഡിസൈനിങ് ഓഫിസുകളിലേക്ക് ഇടിച്ചുകയറി പരിചയമുണ്ടാക്കി. എല്ലാവർക്കും കൗതുകവും താൽപര്യവുമുണ്ട്. പറയുന്നത് പോയിന്റാണെന്നു സമ്മതിക്കുന്നുമുണ്ട്. പക്ഷേ, എന്തോ ഒരു മടി. ഒന്നും ബിസിനസാവുന്നില്ല.
പെട്രോളടിക്കാൻ പൈസയില്ലാത്തതുകൊണ്ട് കാർപ്പറ്റ് സാധനങ്ങളെല്ലാം തൂക്കിപ്പിടിച്ച് ബസിൽ കേരളമങ്ങോളമിങ്ങോളം നടന്നു. നിന്നെക്കൊണ്ടാവില്ലെന്ന പതിവു പരിഹാസം തീവ്രമായി ചുറ്റും ഉയർന്നെങ്കിലും കേട്ടില്ലെന്നു നടിച്ചു. അങ്ങനെ ഒടുവിൽ, ഒരു കുഞ്ഞൻ ഓർഡർ കിട്ടി. അതു വിജയിച്ചതോടെ കുറെ ചെറിയ ഓർഡറുകൾ വരിവരിയായി വന്നു. പ്രശ്നങ്ങൾ പിന്നീടും ഉണ്ടായെങ്കിലും പരിഹരിക്കാനും മുന്നോട്ടുപോകാനും കഴിഞ്ഞു. എന്തിന്, സിയാലിന്റെ ആദ്യ വർക്കിൽ പോലും പ്രശ്നങ്ങളുണ്ടായപ്പോൾ ടി.2 ടെർമിനലിലിരുന്നു പൊട്ടിക്കരഞ്ഞിട്ടുണ്ട്.
പക്ഷേ, അതും മറികടന്നു. പ്രശ്നങ്ങളില്ലാത്ത ഒരു സെക്ടറുമില്ല, അതെല്ലാം ലേണിങ് പ്രക്രിയയാണെന്നു കരുതി പോംവഴി നമ്മൾ കണ്ടെടുക്കേണ്ടതാണ്.' ശാലിനി പറയുന്നു.
കൊച്ചിയിൽ ചെറിയൊരു ഷോറും അത്യാവശ്യമായി. ശാലിനിയുടെ പേരിൽ എടുത്തിരുന്ന വായ്പകൾ തിരിച്ചടയ്ക്കാതെ സിബിൽ സ്കോർ തകർന്നു തരിപ്പണമായതിനാൽ വായ്പ കിട്ടില്ലെന്നതിനാൽ ഷോറും എന്നതു സ്വപ്നമായി തുടർന്നു. ക്രമേണ, വേഡ് ഓഫ് മൗത്ത് പരന്നുതുടങ്ങി, ശാലിനിയെ ഏൽപിച്ചാൽ കാർപറ്റിന്റെ കാര്യം സൂപ്പറാകുമെന്ന്. കേരളത്തിലെ വലിയ വ്യവസായികൾ, ഹോട്ടലുകൾ എന്നിവയുടെ ഓർഡറുകൾ കിട്ടി. പേരായതോടെ ദക്ഷിണേന്ത്യയും കടന്ന് അമേരിക്ക, വിയറ്റ്നാം, യുഎഇ എന്നിവിടങ്ങളിലേക്കു ശാലിനിയുടെ കാർപ്പറ്റ് പറന്നു. പിന്നീട് ആഗ്രഹിച്ചതിനെക്കാളും വലിയ രീതിയിൽ ഷോറും തുറന്നു.
2018 ആയപ്പോഴേക്കും നിരന്തര ഓട്ടവും മൈലേജ് കുറവും മൂലം ഏവിയോ ഒഴിവാക്കേണ്ടിവന്നു. മുഴുവൻ പണവും കൊടുത്ത് ഒരു ഫോർഡ് ഇക്കോസ്പോർട്ട് വാങ്ങിയപ്പോഴാണ് സ്വന്തം കാലിൽ നിൽക്കാറായി എന്ന തിരിച്ചറിവുണ്ടായത്. അത്രയ്ക്കുള്ള ഓട്ടമാണ് ഒറ്റയ്ക്ക് ഓടിയത്. അതോടെ സ്വന്തമായി വീടു വേണമെന്ന ചിന്തയായി. കിട്ടില്ലെന്നറിയാമെങ്കിലും ശ്രമിച്ചു, പക്ഷേ ലോൺ ലഭിച്ചില്ല. ചിട്ടികളാണ് അന്നു രക്ഷിച്ചത്.
എന്തായാലും മറിച്ചും തിരിച്ചും രൊക്കം പണം നൽകിത്തന്നെ ഒരു ഫ്ലാറ്റ് സ്വന്തമാക്കി. 2022ൽ വാടകയിൽനിന്നു മോചനം നേടി ഫ്ലാറ്റിലേക്കു കയറികൂടി. അപ്പോഴേക്കും അടുത്ത കടമ്പയെത്തി. മകനെ ജർമനിയിൽ പഠിക്കാൻ വിടണം. സിബിൽ ഇല്ലായിരുന്നപ്പോഴത്തെ ബുദ്ധിമുട്ട് ഗുണം ചെയ്തു. വായ്പയെ ആശ്രയിക്കാതെതന്നെ എന്തും നേടാമെന്ന വിശ്വാസം. വീണ്ടും രൊക്കം പണം നൽകി ആ കടമ്പയും കടന്നു. അപ്പോഴെല്ലാം സ്ഥിരോത്സാഹംകൊണ്ടു ചെറുതെന്നോ, വലുതെന്നോ നോക്കാതെ ജോലി ചെയ്യുകയാണ്. ഇതിനിടെ രാജസ്ഥാനിലേക്കും യുപിയിലേക്കും അടക്കം നിരന്തര യാത്രകൾ. പതിയെ ശാലിനി നീന്തിക്കയറുകയായിരുന്നു.
ഇപ്പോൾ ശാലിനിക്കറിയാം വുളൻ കാർപ്പറ്റിൽ നിന്നും ഫൈബർ ഷെഡ് ചെയ്യുമെന്നും മെഷിനിൽ വരുന്ന സിന്തറ്റിക് കാർപ്പറ്റിൽ അതുണ്ടാവില്ലെന്നും. എങ്കിലും അന്ന് കമ്പിളി നൂൽ മഴ പെയ്യിച്ച ഗുണനിലവാരം കുറഞ്ഞ കാർപ്പറ്റ് തന്നവന് ഇന്നും ശാലിനി മാപ്പുകൊടുത്തിട്ടില്ല, അതു പഠിപ്പിച്ച പാഠം വലുതായിരുന്നെങ്കിലും.
ഓഹരിയിലൂടേയും സമ്പത്ത്
സീറോ ബാങ്ക് ബാലൻസിൽ നിന്നു കച്ചവടം തുടങ്ങിയ ശാലിനി ഓഹരിവിപണിയിലും നല്ല നിക്ഷേപകയാണ്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിലെ ബിജു ചെറിയാനാണ് ഓഹരിയിലേക്ക് ഗൈഡ് ചെയ്തത്. “അദ്ദേഹം തന്നത് ഒരു ഉപദേശം മാത്രം. സെബി റജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റ് പറയുന്ന ഓഹരിയെ വാങ്ങാവൂ എന്ന്, അത് ഇപ്പോഴും കൃത്യമായി അനുസരിക്കുന്നു. അങ്ങനെ വാങ്ങിയ ഹിൻഡാൽകൊ, തേജസ് നെറ്റ്വർക്ക്, ഡാറ്റാപ്പാറ്റേൺ, എച്ച്എഎൽ, ആർ, ജൂണിപ്പെർ, പ്രൊട്ടീൻ തുടങ്ങിയ ഓഹരികളെല്ലാം നല്ല ലാഭം തന്നു. കൊച്ചിൻ ഷിപ്യാർഡിന്റെ ഓഹരി വളരെ താഴ്ന്ന വിലയിൽ കിട്ടി. അത് ഇപ്പോഴും സൂക്ഷിക്കുന്നു. മ്യൂച്വൽ ഫണ്ടിലും എസ്ഐപിയിലൂടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും പ്രഫഷണൽ അഡ്വൈസ് എടുത്തു മാത്രമേ നിക്ഷേപം നടത്തു,' ശാലിനി പറയുന്നു.