ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ തിളങ്ങിയോ? കപ്പടിക്കാനുള്ള ‘വക’ ഈ ടീമിലുണ്ടോ? 20 അംഗ ടീമും സാധ്യതാ പ്ലേയിങ് ഇലവനും
Mail This Article
മുംബൈ∙ ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസിന്റെ പ്രകടനം എങ്ങനെയുണ്ട്? ഐപിഎൽ പ്രഥമ സീസണിൽ ഇതിഹാസ താരം ഷെയ്ൻ വോൺ ടീമിന് കിരീടം നേടിക്കൊടുത്തതിനു ശേഷം കടുത്ത കിരീട വരൾച്ച നേരിടുന്ന രാജസ്ഥാന്, ഇത്തവണ രണ്ടാം കിരീടം സമ്മാനിക്കാൻ മലയാളി താരം സഞ്ജു സാംസണിന് സാധിക്കുമോ? അതിനുള്ള ‘വക’ രാജസ്ഥാന്റെ പുതിയ ടീമിലുണ്ടോ? ഐപിഎൽ താരലേലം സൗദിയിലെ ജിദ്ദയിൽ പൂർത്തിയാകുമ്പോൾ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെ സ്നേഹിക്കുന്ന ആരാധകരുടെ മനസ്സിൽ ചോദ്യങ്ങൾ നിരവധിയാണ്.
ഇത്തവണ താരലേലം ആരംഭിക്കുമ്പോൾ ഏറ്റവും കുറവ് പണവുമായി എത്തിയ ടീമായിരുന്നു രാജസ്ഥാൻ. അതുകൊണ്ടുതന്നെ ലേലമേശയിൽ ഏറിയ പങ്കും രാജസ്ഥാൻ ക്യാംപ് നിശബ്ദമായിരുന്നു. ഇംഗ്ലിഷ് താരം ജോസ് ബട്‌ലർ, ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ട്, ഐപിഎലിലെ വിക്കറ്റ് വേട്ടക്കാരിൽ മുൻപനായ യുസ്‌വേന്ദ്ര ചെഹൽ തുടങ്ങി നിലനിർത്താതെ തഴഞ്ഞ താരങ്ങളെയെല്ലാം താരലേലത്തിൽ കോടികൾ നൽകി മറ്റു ടീമുകൾ കൊത്തിക്കൊണ്ടു പോകുമ്പോൾ, കാഴ്ചക്കാരുടെ റോളിലായിരുന്നു ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ ക്യാംപ്. ഇവരിൽ ചിലർക്കായി കയ്യിലൊതുങ്ങുന്ന പണത്തിന് ചെറിയ ശ്രമങ്ങൾ നടത്താതിരുന്നുമില്ല.
അനുവദനീയ പരിധിയായ ആറു താരങ്ങളെയും ലേലത്തിനു മുൻപേ നിലനിർത്തിയതിനാൽ, ആർടിഎം സംവിധാനം ഉപയോഗപ്പെടുത്താൻ പോലും രാജസ്ഥാന് സാധിക്കുമായിരുന്നില്ല. ആദ്യ ദിനം 23.65 കോടി രൂപ മുടക്കി അഞ്ച് താരങ്ങളെയാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. 17.35 കോടി രൂപയുമായി രണ്ടാം ദിനം ലേലത്തിെനത്തിയ രാജസ്ഥാൻ, 9 പേരേക്കൂടി സ്വന്തമാക്കി. ഇതിൽ ദക്ഷിണാഫ്രിക്കൻ താരം ക്വേന മഫാക, അഫ്ഗാൻ താരം ഫസൽഹഖ് ഫാറൂഖി എന്നിവരുമുണ്ട്.
എന്തായാലും താരലേലം പൂർത്തിയാകുമ്പോൾ ഏറെക്കുറേ സന്തുലിതമെന്നു പറയാവുന്ന ടീമിനെയാണ് ദ്രാവിഡും സംഘവും രൂപപ്പെടുത്തിയെടുത്തിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. ആകെ 20 അംഗങ്ങളാണ് ടീമിലുള്ളത്. ഇതിൽ ആറു പേർ വിദേശ താരങ്ങളാണ്.
ദീർഘകാലം പരുക്കുമൂലം നഷ്ടമായി അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ മികവിലേക്ക് ഇനിയും ഉയരാത്ത ജോഫ്ര ആർച്ചറാണ് താരലേലത്തിൽ കൂടിയ വിലയ്ക്ക് രാജസ്ഥാനിലെത്തിയത്. 12.5 കോടി രൂപയാണ് ഇംഗ്ലിഷ് താരത്തിനായി രാജസ്ഥാൻ മുടക്കിയത്. ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണിന് ട്വന്റി20യിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്ന ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയെ 5.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ചതും ശ്രദ്ധേയമായി. ചെന്നൈ സൂപ്പർ കിങ്സിൽ കഴിഞ്ഞ സീസണിൽ ധോണിയുടെ പ്രധാന ബോളറായിരുന്ന തുഷാർ ദേശ്പാണ്ഡെയാണ് പേസ് ബോളിങ്ങിലെ പ്രധാന ഇന്ത്യൻ മുഖം. 6.25 കോടി രൂപയ്ക്കാണ് ദേശ്പാണ്ഡെയെ ടീമിലെത്തിച്ചത്. പേസ് ബോളിങ് വിഭാഗത്തിലേക്ക് വിദേശ താരങ്ങളായി അഫ്ഗാന്റെ ഫസൽഹഖ് ഫാറൂഖിയും ദക്ഷിണാഫ്രിക്കയുടെ ക്വേന മഫാകയുമുണ്ട്.
ഇത്തവണത്തെ താരലേലത്തിൽ ഏറ്റവും കൂടുതൽ തലക്കെട്ടുകൾ സൃഷ്ടിച്ച ഒരു വിളിയും രാജസ്ഥാൻ നടത്തി. 13 വയസ് മാത്രം പ്രായമുള്ള ബിഹാർ സ്വദേശി വൈഭവ് സൂര്യവംശിയെ 1.1 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ഐപിഎൽ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമെന്നതിനൊപ്പം, താരത്തിനു ലഭിച്ച വിലയും ചർച്ചയായി. ഐപിഎലിൽ മികച്ച റെക്കോർഡുള്ള നിതീഷ് റാണയാണ് രാജസ്ഥാന്റെ മറ്റൊരു പ്രധാന നേട്ടം. ചെന്നൈയിൽനിന്നു തന്നെ സ്പിന്നറായ മഹീഷ് തീക്ഷണയെയും അടർത്തിയെടുത്ത് ചെഹൽ പോയതോടെ ഒഴിവുന്ന വന്ന സ്പിൻ ഡിപ്പാർട്മെന്റിലെ ഒഴിവു നികത്തി.
നിലവിലെ സാഹചര്യത്തിൽ രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവൻ ഏറെക്കുറെ ഇങ്ങനെയായിരിക്കുമെന്ന് കരുതാം:
യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മെയർ, ജോഫ്ര ആർച്ചർ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, സന്ദീപ് ശർമ, ആകാശ് മധ്‌വാൾ
∙ രാജസ്ഥാൻ റോയൽസ് സ്ക്വാഡ്
∙ ബാറ്റർമാർ
യശസ്വി ജയ്സ്വാൾ, ഷിംറോൺ ഹെറ്റ്മെയർ, ശുഭം ദുബെ, വൈഭവ് സൂര്യവംശി
∙ വിക്കറ്റ് കീപ്പർമാർ
സഞ്ജു സാംസൺ, കുനാൽ റാത്തോർ, ധ്രുവ് ജുറേൽ
∙ ഓൾറൗണ്ടർമാർ
റിയാൻ പരാഗ്, വാനിന്ദു ഹസരംഗ, നിതീഷ് റാണ, ജോഫ്ര ആർച്ചർ
∙ പേസ് ബോളർമാർ
സന്ദീപ് ശർമ, ക്വേന മഫാക, ഫസൽഹഖ് ഫാറൂഖി, ആകാശ് മധ്‌വാൾ, തുഷാർ ദേശ്പാണ്ഡെ, യുധ്‌വീർ സിങ്, അശോക് ശർമ
∙ സ്പിന്നർമാർ
മഹീഷ് തീക്ഷണ, കുമാർ കാർത്തികേയ
∙ രാജസ്ഥാൻ താരങ്ങളുടെ മൂല്യം
∙ നിലനിർത്തിയവർ
സഞ്ജു സാംസൺ (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറേൽ (14 കോടി), ഷിംറോൺ ഹെറ്റ്മെയർ (11 കോടി), സന്ദീപ് ശർമ (4 കോടി)
∙ ലേലത്തിൽ ടീമിലെത്തിച്ചവർ
ജോഫ്ര ആർച്ചർ (12.50 കോടി), മഹീഷ് തീക്ഷണ (4.4 കോടി), വാനിന്ദു ഹസരംഗ (5.25 കോടി), ആകാശ് മധ്‌വാവ്‍ (1.2 കോടി), കുമാർ കാർത്തികേയ (30 ലക്ഷം), നിതീഷ് റാണ (4.2 കോടി), തുഷാർ ദേശ്പാണ്ഡെ (6.5 കോടി), ശുഭം ദുബെ (80 ലക്ഷം), യുധ്‌വീർ സിങ് (35 ലക്ഷം), ഫസൽഹഖ് ഫാറൂഖി (2 കോടി), വൈഭവ് സൂര്യവംശി (1.1 കോടി), ക്വേന മഫാക (1.5 കോടി), കുനാൽ റാത്തോർ (30 ലക്ഷം), അശോക് ശർമ (30 ലക്ഷം)