പാട്ടും മേളവും, ദോഹ കോർണിഷിനെ വർണക്കടലാക്കി മാറ്റി ആരാധക കൂട്ടം

Mail This Article
ദോഹ ∙ ലോകകപ്പിനു തൊട്ടുമുൻപ് ദോഹ കോർണിഷിനെ വർണക്കടലാക്കി മാറ്റി ആരാധക കൂട്ടം. പാട്ടും മേളവുമായി കടൽ പോലെ ഒഴുകിയെത്തിയ ആരാധകരുടെ സംഗമത്തിനാണ് ദോഹയുടെ കടൽത്തീരമായ കോർണിഷ് ഇന്നലെ സാക്ഷ്യം വഹിച്ചത്. വിവിധ ഫാൻസ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കോർണിഷിൽ ആരാധകസംഗമങ്ങൾ നടന്നത്. ഉച്ചയ്ക്കു തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രിയേറെ നീണ്ടു. ബ്രസീലിന്റെയും അർജന്റീനയുടെയും പോർച്ചുഗലിന്റെയും ഇംഗ്ലണ്ടിന്റെയുമെല്ലാം നൂറുകണക്കിന് ആരാധകരാണ് ടീം ജഴ്‌സിയണിഞ്ഞ് കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ ഒത്തുകൂടിയത്.

ചെണ്ട മേളവും ബാൻഡ് വാദ്യവുമായി പ്ലാസയിൽ നിന്നാരംഭിച്ച പരേഡുകളും മാർച്ചുകളും അവസാനിച്ചത് ലോകകപ്പിന്റെ കൗണ്ട് ഡൗൺ ക്ലോക്കിന് സമീപത്താണ്. വ്യത്യസ്ത സമയങ്ങളിലായാണ് സംഗമങ്ങൾ തുടങ്ങിയതെങ്കിലും അവസാന മണിക്കൂറുകളിൽ എല്ലാ ടീമുകളുടെയും അയ്യായിരത്തിലധികം വരുന്ന ആരാധകർ ‘ഒറ്റപ്പുഴ’യായി ഒഴുകി. കൊച്ചു കുട്ടികൾ മുതൽ സ്ത്രീകളും പുരുഷന്മാരും തുടങ്ങി പ്രായഭേദമന്യേയുള്ള ഫുട്‌ബോൾ ആരാധകരാണ് ഇഷ്ട ടീമിന് ഉച്ചത്തിൽ പിന്തുണ പ്രഖ്യാപിച്ചെത്തി കോർണിഷിൽ ആവേശക്കടൽ തീർത്തത്.

English Summary: Various football team fans get together at Corniche, Doha