ADVERTISEMENT

ഇറ്റലിക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ല്യൂഗി റിവ. 35 രാജ്യാന്തര ഗോളുകൾ നേടിയിട്ടുള്ള താരം 1968ൽ യൂറോപ്യൻ ചാംപ്യൻഷിപ്പും വിജയിച്ചു. ഗോൾ സ്കോറിങ് മികവിൽ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളായാണ് ഇറ്റാലിയൻ ഇതിഹാസത്തെ ഫുട്ബോൾ ആരാധകർ വാഴ്ത്തുന്നത്. ഞായറാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടക്കത്തിൽ ല്യൂഗി റിവയുടെ ആരോഗ്യനില തൃപ്തികരമായിരുന്നെങ്കിലും പെട്ടെന്നു വഷളായി.

ക്ലബ് ഫുട്ബോളിൽ ലെഗ്‍നാനോയ്ക്കൊപ്പം കരിയർ തുടങ്ങിയ റിവ പിന്നീട് കലിയരിയിലേക്കു മാറി. കരിയറിൽ ഭൂരിഭാഗവും താരം കളിച്ചത് ഈ ക്ലബ്ബിലായിരുന്നു. 1969–70 ൽ ക്ലബ്ബിനെ സിരി എ വിജയത്തിലെത്തിച്ചു. രാജ്യാന്തര തലത്തിൽ 1968ലെ യുവേഫ യൂറോപ്യന്‍ ചാംപ്യൻഷിപ്പ് വിജയിച്ചതാണു താരത്തിന്റെ മികച്ച നേട്ടം. 1970 ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായി. ഇതിഹാസതാരം പെലെ നയിച്ച ബ്രസീൽ ടീമിനോടു മാത്രമാണ് ഈ ലോകകപ്പിൽ ഇറ്റലി കീഴടങ്ങിയത്.

1974 ലോകകപ്പിലും താരം ഇറ്റലിക്കായി കളിച്ചു. 1965 നും 1974നും ഇടയിൽ ഇറ്റലിക്കു വേണ്ടി 42 മത്സരങ്ങളിൽനിന്ന് 35 ഗോളുകൾ താരം നേടി. കലിയരി ക്ലബ് 1970ൽ സിരി എ വിജയിക്കുമ്പോൾ ലീഗിലെ ടോപ് സ്കോററായിരുന്നു ല്യൂഗി റിവ. മരിക്കുന്ന സമയത്ത് ക്ലബ്ബിന്റെ ഹോണററി പ്രസിഡന്റെന്ന ചുമതല റിവയ്ക്കുണ്ടായിരുന്നു.

‘‘ഞാൻ പ്രശസ്തനാകുന്നത് കാണാൻ എന്റെ രക്ഷിതാക്കൾ ഉണ്ടായിരുന്നില്ല എന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം. ക്ലബ്ബിനായി കളിക്കുമ്പോൾ എസി മിലാൻ, ഇന്റർ മിലാൻ, യുവന്റസ് ക്ലബ്ബുകളെ തോൽപിച്ചതാണ് ഏറ്റവും തൃപ്തി നൽകിയത്.’’– കഴിഞ്ഞ ജൂണിൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റിവ വ്യക്തമാക്കി.  പരുക്കുകൾ നിരന്തരം വെല്ലുവിളിയായതിനെ തുടർന്ന് 1976ലാണു താരം വിരമിച്ചത്.

ഈ സമയത്ത് ക്ലബ്ബിനായി 315 മത്സരങ്ങളില്‍നിന്ന് 164 ഗോളുകൾ റിവ നേടിക്കഴിഞ്ഞിരുന്നു. മൂന്നു വട്ടം സിരി എയിലെ ടോപ് സ്കോററുമായി. വിരമിക്കലിനു ശേഷം 2013 വരെ ദേശീയ ടീമിനായി സീനിയർ മാനേജിങ് ഒഫിഷ്യൽ, പ്ലേയർ അഡ്വൈസർ, കൺസല്‍ട്ടന്റ് എന്നീ റോളുകളിലും റിവ പ്രവർത്തിച്ചു.

English Summary:

Gigi Riva, Italy and Cagliari footballing hero, dies aged 79 after heart attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com