കെപിഎൽ ഫുട്ബോൾ 27 മുതൽ, ഉദ്ഘാടനമത്സരം മഞ്ചേരിയിൽ വൈകിട്ട് 3.30ന്: കേരള ബ്ലാസ്റ്റേഴ്സ്– ഗോകുലം

Mail This Article
കോഴിക്കോട്∙ കേരള പ്രിമിയർ ലീഗ് ഫുട്ബോളിന്റെ പുതിയ സീസൺ 27ന് ആരംഭിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ്സിയും ഏറ്റുമുട്ടും. മൂന്നു മാസം നീളുന്ന സീസൺ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലുമായാണ് നടക്കുക. രണ്ടു വേദികളിലായി 94 മത്സരങ്ങൾ നടക്കും. 560 കളിക്കാരാണ് ഈ സീസണിൽ മത്സരിക്കാനിറങ്ങുന്നത്.
14 ടീമുകളാണ് ലീഗിലുള്ളത്. കോർപറേറ്റ് എൻട്രിയിലൂടെ ഇന്റർ കേരള എഫ്സിയെന്ന പുതിയ ടീമും ഇത്തവണയുണ്ട്. മാർച്ച് 27 വരെ നടക്കുന്ന പ്രാഥമിക റൗണ്ടിൽ 14 ടീമുകൾ സിംഗിൾ ലീഗ് ലെഗ് ഫോർമാറ്റിൽ മത്സരിക്കും. മികച്ച 4 ടീമുകൾ സെമിയിലെത്തും.
ഏപ്രിൽ അവസാനയാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഫൈനൽ. കെപിഎൽ വിജയി ഐ ലീഗ് മൂന്നാം ഡിവിഷനിലേക്ക് യോഗ്യത നേടുമെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. മത്സരങ്ങൾ സ്കോർലൈൻ സ്പോർട്സ് യൂട്യൂബ് ചാനലിലൂടെ തത്സമയം കാണാം.