ഒളിംപിക് അസോസിയേഷൻ ടീം ദേശീയ ഗെയിംസിന്

Mail This Article
കൊച്ചി ∙ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത പുരുഷ, വനിത വോളിബോൾ ടീമുകൾക്കു ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ, കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) തിരഞ്ഞെടുത്ത ടീമിനു ദേശീയ ഗെയിംസിൽ പങ്കെടുക്കാം. ഈ ടീമിലെ അംഗങ്ങളുടെ പേരാണു കെഒഎ ദേശീയ ഗെയിംസ് സംഘാടക സമിതിക്കു നൽകിയിട്ടുള്ളത്.
ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം.എസ്. അനിൽകുമാർ നൽകിയ ഹർജിയിലെ ഇടക്കാല ആവശ്യമാണു ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിനെ പങ്കെടുക്കാൻ അനുവദിച്ചാൽ കെഒഎ തിരഞ്ഞെടുത്ത കളിക്കാർക്കു പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നു വിലയിരുത്തിയാണു ഹൈക്കോടതി നടപടി. ഹർജിയിൽ എതിർസത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ളവരോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ദേശീയ ഗെയിംസിനുള്ള ടീമിനെ ആരു തിരഞ്ഞെടുക്കുമെന്ന തർക്കമാണു കോടതിയിലെത്തിയത്. വോളിബോൾ ദേശീയ ചാംപ്യൻഷിപ്പിനുള്ള ടീമുകളെ തിരഞ്ഞെടുത്തതു ടെക്നിക്കൽ കമ്മിറ്റിയാണ്. അതേ ടീം തന്നെ ദേശീയ ഗെയിംസിലും കളിക്കണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം. എന്നാൽ സംസ്ഥാന വോളിബോൾ അസോസിയേഷനുമായി ചേർന്നു സിലക്‌ഷൻ ട്രയൽസ് നടത്തി കെഒഎ ടീമിനെ തിരഞ്ഞെടുക്കുകയും ഗെയിംസ് സംഘാടകർക്കു സമർപ്പിക്കുകയും ചെയ്തിരുന്നു.
വോളി ടീമിനും ഫ്ലൈറ്റ് ടിക്കറ്റ്
തിരുവനന്തപുരം∙ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതോടെ ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ വോളിബോൾ–ബീച്ച് ബോളിബോൾ ടീമുകൾക്ക് കേരള ഒളിംപിക് അസോസിയേഷനും വോളിബോൾ അസോസിയേഷനും ചേർന്ന് സ്വന്തം നിലയ്ക്ക് വിമാന ടിക്കറ്റെടുത്തു. ടീമുകൾ ഇന്ന് പുറപ്പെടും.
ഗെയിംസിൽ പങ്കെടുക്കുന്ന മറ്റിനങ്ങളിലെ ടീമുകൾക്കെല്ലാം സർക്കാർ ഫണ്ട് ഉപയോഗിച്ച് കേരള സ്പോർട്സ് കൗൺസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തു നൽകിയത്. വോളിബോൾ ടീമിന് ടിക്കറ്റ് നൽകുന്ന കാര്യത്തിൽ കൗൺസിൽ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്കു ടിക്കറ്റ് എടുത്തതെന്ന് ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ പറഞ്ഞു.
വോളിബോൾ ടീമുകളുടെ കാര്യത്തിൽ എന്തു തുടർ നടപടി സ്വീകരിക്കണമെന്നതിൽ കൗൺസിൽ നേതൃത്വം കായിക മന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനം എടുക്കുമെന്ന് പ്രസിഡന്റ് യു.ഷറഫലി അറിയിച്ചു. അതേസമയം ഹാൻഡ് ബോൾ അസോസിയേഷന്റെ അംഗീകാരവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ വനിത ബീച്ച് ഹാൻഡ്ബോൾ ടീമിന്റെ തിരഞ്ഞെടുപ്പും കൗൺസിൽ ചോദ്യം ചെയ്തിരുന്നെങ്കിലും ടീമിന് ഒടുവിൽ കൗൺസിൽ ടിക്കറ്റ് അനുവദിച്ചു. കഴിഞ്ഞ ദേശീയ ഗെയിംസിൽ ഈ ഇനത്തിൽ കേരളം വെള്ളി മെഡൽ നേടിയിരുന്നു.
∙അഭ്യന്തര തർക്കങ്ങളും കലഹങ്ങളും നടക്കുമ്പോൾ അതിന്റെ ആഘാതം അനുഭവിക്കേണ്ടി വരിക അത്‌ലീറ്റുകളും കായികരംഗവുമാണ്. ചുമതലപ്പെട്ടവർ ഇക്കാര്യത്തിൽ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.-ജസ്റ്റിസ് സി.എസ്. ഡയസ്