ADVERTISEMENT

മനുഷ്യരാശിക്ക് ലഭിച്ച അപ്രതീക്ഷിത അനുഗ്രഹങ്ങളിലൊന്നായിരുന്നു ഇന്റര്‍നെറ്റ്. എന്നാല്‍, ഒരു നാണയത്തിന് രണ്ടു വശങ്ങളുള്ളതു പോലെ അതുമൂലം പല പ്രശ്‌നങ്ങളും വന്നുകൂടുകയും ചെയ്തു. എങ്കിലും നാളിതുവരെയുള്ള ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ അതിന്റെ ഒരു സേവനത്തോട് പൊതുവെ എങ്ങും സ്‌നേഹാദരങ്ങളാണുള്ളത് - വിക്കിപീഡിയ. ഇതിന് കുറവുകളും പരിമിതികളും കണ്ടെത്താന്‍ എളുപ്പമാണെങ്കിലും ആര്‍ക്കും എഡിറ്റു ചെയ്യാവുന്ന ഓണ്‍ലൈന്‍ വിശ്വവിജ്ഞാന കോശമെന്ന ഈ ആശയം മനുഷ്യരാശിക്ക് അത്രമേല്‍ ഉപകാരപ്രദമായിരുന്നു. പതിനായിരക്കണക്കിനു രൂപ നല്‍കിയാല്‍ മാത്രം വാങ്ങാമായിരുന്ന ഇന്‍സൈക്ലോപീഡിയകളുടെ ഹാര്‍ഡ് കോപ്പി ഇറക്കല്‍ പരിപാടി തന്നെ പൂട്ടിപ്പോയി.

 

∙ തുടക്കത്തില്‍ പാസ്‌വേഡ് പോലുമില്ല

 

ഇപ്പോള്‍ ഒരു മിനിറ്റില്‍ ഏകദേശം 350 എഡിറ്റിങ്ങുകളാണ് വിക്കിപ്പീഡിയയില്‍ നടക്കുന്നത്. എന്നാല്‍, തുടക്കത്തിൽ ആര്‍ക്കും എഡിറ്റു ചെയ്യാവുന്ന ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാസ്‌വേഡ് പോലും വേണ്ടായിരുന്നു! അതൊരു വലിയ തെറ്റായിരുന്നവെന്ന് പെട്ടെന്നു തന്നെ തങ്ങള്‍ തിരിച്ചറിഞ്ഞുവെന്നാണ് വിക്കിപ്പീഡിയയുടെ സഹസ്ഥാപകനായ ജിമി വെയ്ല്‍സ് പറയുന്നത്. തുടക്കത്തില്‍ തങ്ങള്‍ക്ക് ഒരേയൊരു സെര്‍വര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ലോഗ്-ഇന്‍ ചെയ്യാനുള്ള ശരിക്കൊരു മാര്‍ഗം പോലും ഇല്ലായിരുന്നു. ആര്‍ക്കും ആരുടെ പേരിലും ലോഗ്-ഇന്‍ ചെയ്ത് എഡിറ്റിങ് നടത്താമായിരുന്നു. ഇതിങ്ങനെ മുന്നോട്ടു പോയിട്ടു കാര്യമില്ലെന്നു മനസിലാക്കിയ ഉടനെ താനൊരു പാസ്‌വേഡ് സിസ്റ്റം എഴുതിയുണ്ടാക്കിയെന്ന് ജിമി മാധ്യമപ്രവര്‍ത്തകരോട് സൂം കോള്‍ വഴി വെളിപ്പെടുത്തി. ഇന്ന്, 300 ഭാഷകളിലായി 55 ദശലക്ഷത്തിലേറെ ലേഖനങ്ങളാണ് വിക്കിപ്പീഡിയയില്‍ ഉള്ളത്. എന്താണ് ഈ സവിശേഷ പ്ലാറ്റ്‌ഫോമിന്റെ മേന്മകള്‍, സവിശേഷതകള്‍? മനുഷ്യരുടെ ജ്ഞാനശേഖരത്തിലേക്ക് കാശുമുടക്കാതെ ജ്ഞാന ദാഹികള്‍ക്ക് കയറി പരിശോധിക്കാന്‍ അനുവദിക്കുക എന്നതാണ് പ്രധനപ്പെട്ട ഉദ്ദേശങ്ങളിലൊന്ന് എന്ന് ജിമി പറയുന്നു. എന്നു കരുതി വിക്കിപ്പീഡിയയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തെറ്റായ സംഭാഷണ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നവരോ, അരാജകത്വം പ്രോത്സാഹിപ്പിക്കുന്നവരോ, ജനാധിപത്യപരമായി പെരുമാറുന്നവരോ ആണെന്ന് അവകാശപ്പെടില്ലെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ പദ്ധതി ഒരു വിശ്വവിജ്ഞാനകോശം നിര്‍മിച്ചെടുക്കുക എന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിനാല്‍ തന്നെ അവര്‍ പരമാവധി പക്ഷപാത രഹിതമായി നിലകൊള്ളാന്‍ ശ്രമിക്കുന്നു.

 

∙ പക്ഷം ചേരില്ല

 

ഒരു പ്രധാന പ്രശ്‌നത്തില്‍ പോലും പക്ഷം ചേരാതെ നിലകൊള്ളുക എന്നിട്ട് ആ പ്രശ്‌നത്തെക്കുറിച്ച് ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വിശദീകരണങ്ങള്‍ നല്‍കുക, അതുവഴി എല്ലാ വശവും ആളുകള്‍ക്ക് മനസ്സിലാക്കി നല്‍കുക എന്നതാണ് തങ്ങളുടെ പ്രധാന ഉദ്ദേശമെന്ന് ജിമി പറയുന്നു. ഈ നിലപാട് തങ്ങള്‍ക്ക് ഉപകരിച്ചുവെന്നും അദ്ദേഹം സമ്മതിക്കുന്നു. മര്യാദയോടെയുള്ള പെരുമാറ്റവും വിക്കി പ്രതീക്ഷിക്കുന്നു. വ്യക്തിവിദ്വേഷം പ്രകടിപ്പിക്കാന്‍ അനുവദിക്കില്ല എന്നത് ആദ്യംമുതല്‍ നിലനില്‍ക്കുന്ന നിയമമാണെന്നും അദ്ദേഹം പറയുന്നു. ഇന്ന് ലോകത്ത് പല സ്ഥലങ്ങളുമുണ്ട്. അവിടെയെല്ലാം ആളുകള്‍ പരസ്പരം പോര്‍വിളി നടത്തുകയും അലറിവിളിക്കുകയുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. അത് ഈ മേഖലകളെ വളരെ അപ്രിയ പ്രദേശങ്ങളാക്കുന്നു. ഇതിനാലാണ്, ആശയങ്ങളെ പക്ഷപാത രഹിതമായ രീതിയില്‍ അവതരിപ്പിക്കുന്ന മേഖലകള്‍ക്ക് അസാധാരണ പ്രാധാന്യം കൈവരുന്നതെന്നാണ് ജിമി പറയുന്നത്.

 

∙ വിക്കിയും ഇന്ത്യയും

 

ഇന്ത്യയില്‍ മാത്രം ഒരുമാസം 750 ദശലക്ഷം വിക്കി സന്ദര്‍ശനങ്ങള്‍ നടക്കുന്നു. വിക്കിപ്പീഡിയ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മലയാളമടക്കം 24 ഇന്ത്യന്‍ ഭാഷകളില്‍ വിക്കിപ്പീഡിയ ലഭ്യമാണ്. ചില ഭാഷകളില്‍ വിക്കിപ്പീഡിയയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാണ്. ഉദാഹരണത്തിന് ഒഡിയ കമ്യൂണിറ്റി ചെറുതാണെങ്കിലും വളരെ സജീവമാണ്. അതുപോലെ വിക്കിയുടെ ലോകത്ത് പഞ്ചാബി സംസാരിക്കുന്നവരും വളരെ സജീവമാണ്. അതേസമയം, ഇന്ത്യയില്‍ ഏറ്റവുമധികം സംസാരിക്കുന്ന ഭാഷയായ ഹിന്ദി ഭാഷയില്‍ വേണ്ടത്ര ഉഷാറില്ലെന്നത് നിര്‍ഭാഗ്യകരമാമെന്ന് വിക്കിമീഡിയ ഫൗണ്ടേഷന്റെ മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കാതറിന്‍ മാഹര്‍ പറയുന്നു. 

 

ഇന്ത്യയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് മൊബൈലില്‍ പോലും എഡിറ്റിങ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അവര്‍ അറിയിച്ചു. ഇന്ത്യ പ്രധാനമായും ഒരു മൊബൈല്‍ കംപ്യൂട്ടിങ് മേഖലയാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് വിക്കിപ്പീഡിയ ഫോണില്‍ എഡിറ്റു ചെയ്യാം. കംപ്യൂട്ടറിലേക്കു പോകേണ്ട കാര്യമില്ലെന്നും അവര്‍ പറയുന്നു. ഇത് മനപ്പൂര്‍വം നടപ്പിലാക്കിയതാണ്. കാരണം ഇന്ന് കൂടുതല്‍ ആളുകളുടെയും പോക്കറ്റിലാണ് കംപ്യൂട്ടിങ് ഉപകരണങ്ങള്‍ ഉള്ളതെന്നു പറയുന്നു. ഇന്ത്യയില്‍ കായ്ഒഎസ് (KaiOS) ഉപയോഗിക്കുന്നവരും ഉണ്ടന്നു കണ്ടെത്തിയതിനാല്‍, ആ ഭാഷയിലും ഒരു ആപ് ഇറക്കാനും വിക്കിപ്പീഡിയ മറന്നില്ല.

 

∙ കോവിഡിനു ശേഷം വിക്കിപ്പീഡിയയിലേക്ക് ഇടിച്ചു കയറ്റം

 

കൊറോണാവൈറസ് ബാധയ്ക്കു ശേഷം സകല റെക്കോഡുകളും തിരുത്തിയാണ് ആളുകള്‍ വിക്കിപ്പീഡിയ സന്ദര്‍ശനത്തിനെത്തുന്നത്. എന്നാല്‍, അത് ചില തലവേദനകളും ഉണ്ടാക്കി. തുടര്‍ന്ന്, 2020 ഓക്ടോബര്‍ മുതല്‍ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചായി മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങളുടെ അപ്‌ഡേഷന്‍. ഇപ്പോള്‍ മഹാമാരിയെക്കുറിച്ച് എല്ലാ ഭാഷകളിലുമായി 7000 ലേറെ ലേഖനങ്ങളുണ്ട്. ഇംഗ്ലിഷ് ഭാഷയിലുള്ള പേജിനു മാത്രം 80 ദശലക്ഷത്തിലേറെ വ്യൂസ് കിട്ടിയിട്ടുണ്ട്. എന്നാല്‍, ഈ പേജ് സൃഷ്ടിക്കല്‍ തലവേദന പിടിച്ച പണിയായിരുന്നുവെന്ന് പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ നിഷ്പക്ഷമായി നല്‍കുക എന്നത് ശ്രമകരമായ കാര്യമണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. 

 

∙ എഡിറ്റിങ്ങിലേക്ക് സ്ത്രീകള്‍ കടന്നു വരണം

 

വിക്കിപ്പീഡിയ എഡിറ്റിങ്ങില്‍ സ്ത്രീകള്‍ കുറവാണ്. കൂടുതലും പുരുഷന്മാരാണ് അതിനു മുന്നോട്ടു വന്നു കണ്ടിരിക്കുന്നത്. ഇതിനു മാറ്റംവന്നു കാണാൻ വിക്കിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആഗ്രഹിക്കുന്നു.

 

English Summary: Wikipedia Turns 20, Aims To Reach The Next Billion Users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com