സിം കാര്‍ഡ് വാങ്ങാനും പഴയതു മാറ്റി വാങ്ങാനും ഇനി നിയമം കർശനമായേക്കും; പൊലീസ് വെരിഫിക്കേഷനും!

Mail This Article
പുതിയ സിം കാര്‍ഡ് വേണ്ടവര്‍ക്കും, പഴയ സിം മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഇ-സിം സേവനം ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന കടകള്‍ക്കുമായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്നു റിപ്പോർട്ടുകൾ. ചില സംസ്ഥാനങ്ങളില്‍ സിം വില്‍ക്കുന്ന കടകള്‍ക്ക് പൊലിസ് വേരിഫിക്കേഷന്‍ പോലും വേണമെന്നും നിബന്ധന വന്നേക്കാം. അനര്‍ഹരുടെ കൈയ്യില്‍ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമങ്ങള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യക്തികള്‍ക്കും ടെലകോം കമ്പനികള്‍ക്കും സിം വില്‍ക്കുന്ന കടകള്‍ക്കും മുന്നില്‍ കൂടുതല്‍ കടമ്പകള്‍ ഉണ്ടാകും.
സിം നഷ്ടപ്പെട്ടാല്‍
ഇപ്പോള്‍ ഉപയോഗിച്ചു വരുന്ന സിം കാര്‍ഡിന് കേടുപാടു സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്യാം. പകരം പുതിയത് ലഭിക്കണമെങ്കില്‍ അതിവിശദമായ വേരിഫിക്കേഷന്‍ വേണ്ടിവന്നേക്കും എന്നാണ് സൂചന. പുതിയ സിം കാര്‍ഡ് എടുക്കാന്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍, മാറ്റിയെടുക്കുന്നവര്‍ക്കും ബാധകമാക്കിയേക്കും.
വില്‍പ്പനക്കാര്‍ക്ക്
സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം. ഇത്തരം കടകളില്‍ ജോലിയെടുക്കുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ചിരിക്കണം എന്നായിരിക്കും നിയമം അനുശാസിക്കാന്‍ പോകുന്നത്. അങ്ങനെ ചെയ്യാത്ത പക്ഷം ഓരോ കടയ്ക്കും 10 ലക്ഷം രൂപ വരെ പിഴയിട്ടേക്കുമെന്നാണ് സൂചന. ഈ നിയമം 2023 ഒക്ടോബര്‍ 1ന് പ്രാബല്യത്തില്‍ വരുമെന്നുമാണ് വിവരം. അതേസമയം, നിലവില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ജോലിക്കാരുടെ പശ്ചാത്തലം പരിശോധിക്കാന്‍ സെപ്റ്റംബര്‍ 30,2024 വരെ സാവകാശം നല്‍കും.
ജിയോയ്ക്കും എയര്‍ടെല്ലിനും കൂടുതല്‍ ഉത്തരവാദിത്വം
സിം വില്‍ക്കുന്ന ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലോകോം സേവനദാദാക്കള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വം ഏര്‍പ്പെടുത്തും. അവരുടെ കടകളിലും നിയമം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടി വരും.
പൊലിസ് വേരിഫിക്കേഷന്‍
അസാം, കശ്മിര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കമ്പനികള്‍ക്ക് സിം വില്‍ക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ പൊലിസ് വേരിഫിക്കേഷന്‍ വരെ വേണ്ടിവരും.
∙ഐഫോണ്‍ 15 സീരിസിന്റെ വില ഇങ്ങനെ?
ദിവസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഐഫോണ്‍ 15 സീരിസിന്റെ വലയെക്കുറിച്ച് ചില സൂചനകള്‍. ചൈനീസ് വെബ്‌സൈറ്റായ വെയ്‌ബോയെ ഉദ്ധരിച്ചുള്ള ടോംസ് ഗൈഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, 3എന്‍എം പ്രോസസ് ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്ത, എ17 ബയോണിക് പ്രൊസസര്‍ കരുത്തു പകരും എന്നു കരുതപ്പെടുന്ന, ഐഫോണ്‍ 15 പ്രോ മോഡലിന്റെ തുടക്ക വേരിയന്റിന് 1,099 ഡോളറായിരിക്കുമത്രെ വില.
ഇത് ഐഫോണ്‍ 15 പ്രോ മാക്‌സിന്റെ കാര്യത്തില്‍ 1,199 ഡോളര്‍ ആയിരിക്കും. ഇന്ത്യയില്‍ ഐഫോണ്‍ 15 പ്രോ തുടക്ക വേരിയന്റിന് (256ജിബി) 1,39,900 രൂപ വില പ്രതീക്ഷിക്കുന്നു. അതേസമയം, ഐഫോണ്‍ 15 പ്രോ മാക്‌സിന്റെ തുടക്ക വേരിയന്റിന് 1,69,900 രൂപ ആയിരിക്കാം വില. കഴിഞ്ഞ വര്‍ഷത്തെ നയമാണ് പിന്തുടരുന്നതെങ്കില്‍ ഇതായിരിക്കും വില.
ആനുപതികമായ വില വര്‍ദ്ധനവ് മറ്റു പ്രോ മോഡലുകള്‍ക്കും ഉണ്ടായിരിക്കും. അതായത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 100 ഡോളര്‍ വര്‍ദ്ധനയാണ് അമേരിക്കയില്‍ പ്രതീക്ഷിക്കുന്നത്. ചില രാജ്യങ്ങളില്‍ ഇത് 15 ശതമാനം വര്‍ദ്ധന ആയേക്കാമെന്നും പറയുന്നു. പ്രോ മോഡലുകള്‍ക്ക് ആക്ഷന്‍ ബട്ടണ്‍, യുഎസ്ബി സി പോര്‍ട്ട് തുടങ്ങിയവയും ഉണ്ടായിരിക്കും. ഐഫോണ്‍ 15 മാക്‌സിന് പെരിസ്‌കോപ് ക്യാമറയും ഉണ്ടായിരിക്കും.
∙ഐഫോണ്‍ 15, 15 പ്ലസ്
ഐഫോണ്‍ പ്രോയില്‍ കണ്ണുവയ്ക്കാത്തവര്‍ താരതമ്യേന ഭാഗ്യമുള്ളവരായിരിക്കുമെന്നും കരുതപ്പെടുന്നു. അവര്‍ക്ക വില വര്‍ദ്ധന ഉണ്ടായേക്കില്ല. ഇന്ത്യയില്‍ ഐഫോണ്‍ 14 തുടക്ക വേരിയന്റിന് (128ജിബി) 79,900 രൂപ വില പ്രതീക്ഷിക്കുന്നു. അതേസമയം, ഐഫോണ്‍ 15 പ്ലസ് വേരിയന്റിന് 89,900 രൂപയായിരിക്കും തുടക്ക വില.
∙32ജിബി റാം ഉള്ള ആന്‍ഡ്രോയിഡ് ഫോണ്‍ പരീക്ഷണ ഘട്ടത്തിലെന്ന്
ഇടത്തരം ലാപ്‌ടോപ്പുകളേക്കാള്‍ റാം അടങ്ങിയ ആന്‍ഡ്രോയിഡ് ഫോണ്‍ താമസിയാതെ പുറത്തിറക്കിയേക്കമെന്ന് ഡിജിറ്റല്‍ ആര്‍ട്ട് സ്റ്റേഷന്റെ റിപ്പോര്‍ട്ട്. ഏതു കമ്പനിയാണ് പുറത്തിറക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 32ജിബി റാം ഉള്ള ഫോണ്‍പരീക്ഷണഘട്ടത്തിലാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആന്‍ഡ്രോയിഡിന് ഇത്രമാത്രം റാം സപ്പോര്‍ട്ട് ചെയ്യാനുള്ള ശേഷിയുണ്ടോ എന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ വ്യക്തതയുമില്ല.
വീമ്പിളക്കാനായി പുതിയ മോഡലുകള്‍ ഇറക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് അതൊന്നും കണക്കിലെടുക്കുന്ന ചരിത്രമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദാഹരണത്തിന് 8ജിബി റാമുള്ള ലോകത്തെ ആദ്യത്തെ ഫോണ്‍ പുറത്തിറക്കിയത് വണ്‍പ്ലസ് കമ്പനിയായിരുന്നു. ആ കാലത്ത് ആന്‍ഡ്രോയിഡ് ഓഎസിന് അത്ര റാം സപ്പോര്‍ട്ടു ചെയ്യാന്‍ പോലുമാവില്ലായിരുന്നുവത്രെ.
∙മസ്‌കിന്റെ എഐ കമ്പനിക്ക് ഉദ്ദേശലക്ഷ്യങ്ങള്‍ മൂന്ന്
ടെസ്‌ലാ കമ്പനിയുടെ ഉടമയും ടെക്‌നോളജി സാമ്രാട്ടുമായ ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം ഈ മാസം പുറത്തിറക്കിയേക്കും. അത് രചിച്ചിരിക്കുന്നത് മറ്റാരുമല്ല, മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് അടക്കമുള്ളവരുടെ ബയോഗ്രഫി എഴുതി പേരെടുത്ത വാള്‍ട്ടര്‍ ഐസാക്‌സണ്‍ ആണ്. പുസ്തകത്തിലെ കുറച്ചു ഭാഗം ടൈം മാഗസിന്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് മസ്‌കിന്റെ ധാരണകളും പ്രതീക്ഷകളും ഭീതികളും പങ്കുവയ്ക്കുന്നതാണത്.
ഇപ്പോള്‍ വൈറലായ ചാറ്റ്ജിപിറ്റിക്കു പിന്നല്‍ പ്രവര്‍ത്തിക്കുന്ന കമ്പനയായ ഓപ്പണ്‍എഐയുടെ സ്ഥാപകരിലൊരാളായിരുന്നു മസ്‌ക്. ഒപ്പണ്‍എഐ ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റിന്റെ നിയന്ത്രണത്തിലേക്കു നീങ്ങിയിരിക്കുന്നു എന്ന കാര്യത്തില്‍ മസ്‌ക്നിരാശനാണ്. അതിനൊരു പരിഹാരമെന്ന നിലയില്‍ സ്വന്തം എഐ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ് മസ്‌ക്.
എക്‌സ്എഐ (xAI) എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. കമ്പനിക്ക് മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് മസ്‌ക് നല്‍കിയിരിക്കുന്നതെന്ന് ഐസാക്‌സണ്‍ പറയുന്നു. ഒന്നാമതായി അതിന് സ്വന്തമായികംപ്യൂട്ടര്‍ കോഡ് എഴുതാന്‍ സാധിക്കണം. അതായത്, ഒരു പ്രോഗ്രാമര്‍, കോഡിങ് ഭാഷ ടൈപ്പു ചെയ്തു തുടങ്ങുമ്പോള്‍ തന്നെ എഐയ്ക്ക് അത് ഓട്ടോ-കംപ്ലീറ്റ് ചെയ്തു നല്‍കാന്‍ സാധിക്കണം.
രണ്ടാമത്തെ ഉദ്ദേശം തന്റെ കൂടെ പദ്ധതിയായിരുന്ന ചാറ്റ്ജിപിറ്റിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കണം എന്നതാണ്. അതിന് രാഷ്ട്രീയ പക്ഷപാതം ഇല്ലാതിരിക്കണം. അതിലൊക്കെ മഹത്തരമാണ് മസ്‌കിന്റെ മൂന്നാമത്തെ ലക്ഷ്യം-മനുഷ്യരുടെ ബോധമണ്ഡലം പ്രശ്‌നമില്ലാതെനിലനിര്‍ത്താന്‍ സാധിക്കുന്ന രീതിയില്‍ എഐ വികസിപ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മനുഷ്യരുടെ ബോധമണ്ഡലം എഐയുടെ യുഗത്തില്‍ നിലനില്‍ക്കണമെങ്കില്‍ അതിന് ചിന്തിക്കാന്‍ സാധിക്കണമെന്നും അത് സത്യം അന്വേഷിക്കുന്നത് ആയിരിക്കണം എന്നും മസ്‌ക് കരുതുന്നു.
മെച്ചപ്പെട്ട ഒരു റോക്കറ്റ് എഞ്ചിന്‍ ഉണ്ടാക്കൂ എന്ന ആജ്ഞ ലഭിച്ചാല്‍ അതു ചെയ്യാന്‍ തന്റെ എഐക്ക് സാധിക്കണമെന്നും മസ്‌ക് ആഗ്രഹിക്കുന്നു. പരമാവധി ജിജ്ഞാസയുള്ളതായിരക്കണം തന്റെ എഐ എന്നും മസ്‌ക് ആഗ്രഹിക്കുന്നു. അത് പ്രപഞ്ചം എന്താണ് എന്ന്അറിയാന്‍ ശ്രമിക്കുന്നതാകണം. അത് മനുഷ്യരാശിക്കൊപ്പം നില്‍ക്കുന്നതായിരിക്കണം എന്നും മസ്‌ക് പ്രതീക്ഷിക്കുന്നതായി ഐസാക്‌സണ്‍ പറയുന്നു.
English Summary: Government Implements Stricter Regulations for SIM Card Sale