കേരളതീരത്ത് കടൽമണൽ ഖനനം ചെയ്യാനുള്ള കേന്ദ്രസർക്കാർ പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്. മത്സ്യബന്ധനത്തിന് ഏറ്റവും അനുയോജ്യമായ ഫിഷിങ് ഗ്രൗണ്ടായ കൊല്ലം പരപ്പ് ഉൾപ്പെടെയുള്ള പ്രദേശത്താണ് ഖനനം. ഇത് കടലിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ തകിടം മറിക്കുമെന്നും മൽസ്യസമ്പത്തിന്റെ നാശത്തിനു കാരണമാകുമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെയടക്കം ആശങ്ക.
2002 ലെ ഓഫ് ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിൽ 2023 ൽ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെയാണു രാജ്യത്തെ 13 ബ്ലോക്കുകളിലായി കടലിൽ ധാതുഖനനത്തിനു കേന്ദ്ര ഖനിമന്ത്രാലയം ടെൻഡർ ക്ഷണിച്ചത്. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ കടലിൽ മണൽ പർവതങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ടെങ്കിലും കണ്ണൂരിലും കോഴിക്കോടും കണ്ടെത്തിയ മണൽ നിർമാണ ആവശ്യത്തിനു പറ്റിയതാണോയെന്നു തിട്ടപ്പെടുത്തിയിട്ടില്ല. കൊല്ലത്തിനു പിന്നാലെ പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ മേഖലകളിലും ഖനനം നടത്തും.