ഇവിടെ എത്തിയാൽ കുറഞ്ഞ ചെലവിൽ ഇത്തവണത്തെ ക്രിസ്മസ് അടിപൊളിയാക്കാം

Mail This Article
കുറഞ്ഞ ചെലവിൽ ഒരു ദിവസം മുഴുവൻ കുടുംബവുമൊത്ത് ആഘോഷമാക്കാൻ സാധിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. പുത്തൻകാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന ഇടങ്ങൾ. എറണാകുളം ജില്ലയിൽ. വൈപ്പിൻകരയിലാണ് ഇവ. മത്സ്യഫെഡിന്റെ മാലിപ്പുറം ഫിഷ്ഫാമും ഞാറയ്ക്കൽ ഫിഷ് ഫാമും. ഇവിടെ നിങ്ങളുടെ മനസ്സ് മാത്രമല്ല, വയറും നിറയും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം. പ്രകൃതിയെ കൂടുതലറിയുവാനും ആസ്വദിക്കുവാനും ഇതിലും മികച്ചയിടങ്ങൾ വേറെ കാണില്ല.
അവധി ആഘോഷമാക്കാം
അവധിക്കാലം വ്യത്യസ്തമാക്കാൻ പുതുമയാർന്ന ഉല്ലാസപദ്ധതികളുമായി മത്സ്യഫെഡ്. ക്രിസ്മസിനോടനുബന്ധിച്ചു ഞാറയ്ക്കൽ, മാലിപ്പുറം എന്നിവിടങ്ങളിലെ അക്വാ ടൂറിസം സെന്ററുകളിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. 15 മിനിറ്റ് കായൽ സവാരി, പൂമീൻ ചാട്ടം കാണൽ, കണ്ടൽ പാർക്കിലൂടെയുള്ള പെഡൽ ബോട്ടിങ്, ചാപ്പബീച്ചിലെ പട്ടം പറത്തൽ, ചായ, ലഘുഭക്ഷണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്പെഷൽ ഈവനിങ് പാക്കേജ് ആണ് ഇവയിൽ ഒന്ന്. 150 രൂപ മുതൽ 300 രൂപ വരെ വ്യത്യസ്തനിരക്കുകളിൽ ഈ പാക്കേജ് ലഭ്യമാണ്. ഞാറയ്ക്കൽ, മാലിപ്പുറം അക്വാ ടൂറിസം സെന്ററുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ദ്വയം എന്ന പാക്കേജ് ആണു മറ്റൊരാകർഷണം.

ഞാറയ്ക്കൽ കേന്ദ്രത്തിലെ മുളംകുടിൽ, വഞ്ചിത്തുരുത്തിലെ ഏറുമാടം, കുട്ടവഞ്ചി, സോളർ ബോട്ട്, വാട്ടർ സൈക്കിൾ, കയാക്കിങ്,റോയിങ് ബോട്ട്, ചങ്ങാടം എന്നിവയെല്ലാം ഒരു യാത്രയിൽതന്നെ ആസ്വദിക്കാൻ കഴിയുമെന്നതാണു പ്രത്യേകത. ഏതെങ്കിലും ഒരു സെന്ററിൽ ഉച്ചവരെയും അതിനു ശേഷമുള്ള സമയം രണ്ടാമത്തെ സെന്ററിലും ചെലവിടാം. ഇഷ്ടാനുസരണം സെന്ററുകൾ തിരഞ്ഞെടുക്കാം. ഒപ്പം ഫ്രഷ് ജ്യൂസ്, ചായ, ലഘുഭക്ഷണം, ഫാമിലെ മത്സ്യം ഉപയോഗിച്ചു തയാറാക്കിയ വിഭവങ്ങളടങ്ങിയ ഉച്ചയൂണ്, ഐസ്ക്രീം എന്നിവയെല്ലാം പാക്കേജിൽ ഉൾപ്പെടുന്നു. 500 രൂപ മുതൽ 750 രൂപ വരെയാണു നിരക്ക്.ജലവിനോദസഞ്ചാരകേന്ദ്രങ്ങളിലെ കാഴ്ചകൾക്കൊപ്പം മുസിരിസ് പൈതൃകപദ്ധതിയെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സംസ്കൃതി ആണു മറ്റൊരു പാക്കേജ്.

ഉച്ചയൂണു വരെ ഞാറയ്ക്കൽ അല്ലെങ്കിൽ മാലിപ്പുറം ജല വിനോദസഞ്ചാരകേന്ദ്രം അതിനുശേഷം ചേന്ദമംഗലം ജൂതപ്പള്ളി, പാലിയം കൊട്ടാരം, പാലിയം നാലുകെട്ടിൽ ചായയും ലഘുഭക്ഷണവു എന്നിങ്ങനെയാണ് ഈ പാക്കേജ്. മടക്കയാത്രയിൽ കുഴുപ്പിള്ളി ബീച്ച് സന്ദർശനവും ഉൾപ്പെടുത്തിയിരിക്കുന്നു. 800 രൂപ മുതൽ 1250 രൂപ വരെയാണുനിരക്ക്. ഇതിനു പുറമേ, പുതുവത്സരം പ്രമാണിച്ചു പ്രത്യേക സായാഹ്ന പാക്കേജുകളും തയാറാക്കിയിട്ടുണ്ട്. 24 മുതൽ ജനുവരി 5 വരെ 2 സെന്ററുകളിലും രാത്രി 8 വരെ നീളുന്ന ഭക്ഷ്യമേള സംഘടിപ്പിക്കും. സ്കൂൾ വിദ്യാർഥികൾക്കു പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോൺ: 95260 41209