ADVERTISEMENT

ബേസില്‍ ജോസഫിന്‍റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തിയ ‘മിന്നൽ മുരളി’ നാട്ടിലുണ്ടാക്കിയ തരംഗം ചില്ലറയല്ല. സിനിമയിലെ പുത്തൻ പരീക്ഷണം ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ മലയാള സിനിമ മറ്റൊരു തലത്തിലേക്ക് കാലൂന്നുകയായിരുന്നു. സൂപ്പർ ഹീറോകളെല്ലാം ‘ഇംഗ്ലിഷു’കാരെന്ന പതിവ് ക്ലീഷേ തച്ചുതകർത്തതും മിന്നൽ മുരളിയായിരുന്നു.

മിന്നലേറ്റ് സൂപ്പർ പവർ ലഭിച്ച മുരളി പിന്നീട് മിന്നൽ മുരളിയായതും കുറുക്കൻമൂലയുടെ കാവൽക്കാരനായതുമെല്ലാം നാം കണ്ടുകഴിഞ്ഞു. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ‘മിന്നൽ മിനി’യാണ്. മിന്നലടിച്ച് സൂപ്പർ വുമണായ മിന്നൽ മിനി. നാൽപ്പതോളം ഫോട്ടോകൾ ചേർത്തുള്ള ഒരു കഥയാണ് മിന്നൽ മിനി പറയുന്നത്. 

ആയിരം വാക്കുകൾക്ക് പകരംവയ്ക്കാൻ ഒരൊറ്റ ചിത്രം മതിയെന്നാണ് പറയാറുള്ളത്. അതപ്പാടെ പകർത്തുകയാണ് കൺസെപ്റ്റ് ഫൊട്ടോഗ്രാഫർമാർ ചെയ്യുന്നത്. ചിത്രങ്ങളിലൂടെ കഥ പറയുന്ന രീതി. മിന്നൽ മിനിക്കു പിന്നിലുള്ളതും ഇങ്ങനെയൊരു ഫൊട്ടോഗ്രഫറാണ്. പേര് അരുൺരാജ്. ‘മിന്നലിന് ആൺ-പെൺ വ്യത്യാസമില്ല. അതാർക്ക് വേണമെങ്കിലും അടിക്കാം. മിന്നൽ മുരളിയിൽ പക്ഷേ മിന്നലടിച്ചവർ രണ്ട് പേരും പുരുഷന്മാരാണ്. എന്റെ കാഴ്ചപ്പാടിൽ സൂപ്പർ പവറില്ലാതെ തന്നെ സ്ത്രീകൾ സൂപ്പർ വുമണാണ്. സൂപ്പർ പവർ കൂടി ലഭിച്ചാൽ അവർ സൂപ്പര്‍ സൂപ്പർ വുമണാകും’- എന്നാണ് അരുൺരാജ് പറയുന്നത്. 

‘എല്ലാ സ്ത്രീകൾക്കുള്ളിലും അവർ അറിയാതെ തന്നെ ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരുപ്പുണ്ട്. കൗമാരം, യൗവനം, വാർദ്ധക്യം  ഓരോ ജീവിത യാത്രകളിലെ വേദനകളിലും സന്തോഷങ്ങളിലും അവളെ അതിജീവിക്കാൻ സഹായിച്ച സൂപ്പർ പവർ അവളുടേത് മാത്രം. സ്വയം ആർജിച്ചെടുത്ത സൂപ്പർ പവർ കൊണ്ട് തന്നെ സൂപ്പർ ഹീറോ ആയ അവൾക്ക് ഒരു സൂപ്പർ പവർ കൂടി കിട്ടി കഴിഞ്ഞാൽ നൂറ് മിന്നൽ മുരളിയേക്കാൾ അവൾ പവർ ഫുള്ളായിരിക്കും...’

എല്ലാവർക്കും ഇത് ഇഷ്ടപ്പെടണമെന്നില്ല. പുരുഷമേധാവിത്വ മനോഭാവം വച്ചുപുലർത്തുന്നവർക്ക് ഇതൊരു തമാശയായിരിക്കും. എന്നാൽ തന്നെ സംബന്ധിച്ച് ഇതങ്ങനെയല്ല. മിന്നൽ പുരുഷന്മാർക്ക് മാത്രമേ അടിക്കാവൂ, അവർക്ക് മാത്രമേ ശക്തി കിട്ടാവൂ എന്ന ചിന്താഗതിക്കാർ കളിയാക്കുമായിരിക്കും പക്ഷേ താനൊരു സ്ത്രീപക്ഷ കൺസെപ്റ്റ് ചെയ്യുന്നയാളാണെന്നു കൂടി അഭിമാനത്തോടെ അരുൺരാജ് പറഞ്ഞുവയ്ക്കുന്നു

മുൻപും ഇത്തരത്തിലുള്ള ഫൊട്ടോഷൂട്ടുകൾകൊണ്ട് ശ്രദ്ധേയനായിട്ടുണ്ട് അരുൺരാജ്. കഴിഞ്ഞ ഫാദേഴ്സ് ഡേയ്ക്ക് ‘അച്ഛൻ.. ഇനിയും വായിച്ചു തീരാത്ത  മഹാകാവ്യം..’ എന്ന അടിക്കുറിപ്പോടെ ഷെയർ ചെയ്ത ചിത്രങ്ങൾ വൈറലായിരുന്നു.  മാതൃത്വം, കാസ്റ്റിങ് കൗച്ച് എന്നിങ്ങനെ അരുണിന്റെ ക്യാമറയ്ക്കു മുന്നിൽ പിറന്ന ചിത്രങ്ങളെല്ലാം നിലവിലെ സാമൂഹിക സാഹചര്യങ്ങൾ പരിഗണിച്ചാൽ വിഷയംകൊണ്ടും അവതരണംകൊണ്ടും പ്രത്യേകതകളുള്ളതാണ്. മിന്നൽ മിനിയും അങ്ങനെ തന്നെ. മീനാക്ഷി അനിലാണ് ഫോട്ടോഷൂട്ടിൽ മിന്നൽ മിനിയായി എത്തിയിരിക്കുന്നത്. അനന്തു കെ.പ്രകാശ് കണ്ണകി, രേവതി എന്നിവരാണ് മറ്റുള്ളവർ.

English Summary: Viral Photoshoot Of Minnal Mini

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com