ആയില്യം 'അയൽ' ദോഷിയോ? വാസ്തവം ഇതാണ്

Mail This Article
അടുത്ത വീടുകളിൽ എവിടെയെങ്കിലും ആയില്യം നക്ഷത്രക്കാരുണ്ടെങ്കിൽ എങ്ങനെയെങ്കിലും താമസം മാറി പോകണമെന്ന് ചിന്തിക്കുന്നവരുണ്ട് നമ്മുടെ സമൂഹത്തിൽ. ഏതെങ്കിലും വീട്ടിൽ കയറിച്ചെല്ലുമ്പോൾ മഞ്ഞമുളയോ മലവാഴയോ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പ്രകൃതിസ്നേഹമാണെന്ന് കരുതേണ്ട. അയൽപക്കത്ത് ആയില്യം നക്ഷത്രക്കാർ ആരെങ്കിലുമുണ്ടോ എന്ന് നിസ്സംശയം നിങ്ങൾക്ക് അവരോടു ചോദിക്കാം.
ആയില്യം നക്ഷത്രത്തിൽ ജനിച്ചവരുടെ മാനസ്സികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എത്ര സ്നേഹബന്ധമുള്ള ആളുകൾ പോലും ഇവരെ പ്രതിരോധിക്കാൻ തൊട്ടടുത്ത വീട്ടിൽ ആയില്യം കൊല്ലിയും മറ്റും നടുന്ന അവസ്ഥ. ആയില്യം നക്ഷത്രത്തിന്റെ ദേവത സർപ്പങ്ങൾ ആണ്. അതുകൊണ്ടു തന്നെ ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് സർപ്പത്തിന്റെ സ്വഭാവരീതിയും അവരുടെ നോട്ടം സർപ്പകോപം പോലെയാണെന്നും ‘അന്ധവിശ്വാസം’ നിലവിലുണ്ട്. ‘ആയില്യം’ എന്ന വാക്കിൽ തന്നെ അയൽ എന്ന വാചകം ഒളിഞ്ഞിരിക്കുന്നതിനാൽ പലരും അങ്ങ് ഉറപ്പിച്ചു, ഇവർ അയൽദോഷികൾ തന്നെയെന്ന്. യാതൊരു ശാസ്ത്രീയ പിന്തുണയും ഇല്ലാത്ത ആരോപണം മാത്രമാണിത്.
ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ അൽപം പിടിവാശിക്കാരും നിർബന്ധബുദ്ധിക്കാരും എടുത്തു ചാടി സംസാരിക്കുന്നവരും ആണെന്ന് ജ്യോതിഷത്തിൽ പറയുന്നുണ്ട്. അപ്പോൾ അയൽപക്കത്തുള്ളവരുമായി ഏറ്റുമുട്ടാൻ സാധ്യത കൂടുതൽ എന്നൊരു വിശ്വാസം കൊണ്ടുകൂടിയാകാം ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ അപകടകാരികളാണെന്ന ധാരണ പരന്നത്.
നമ്മുടെ മനസ്സിൽ ഇത്തരമൊരു തെറ്റിദ്ധാരണയുള്ളതിനാൽ പനിയോ ജലദോഷമോ വന്നാലോ, കാലൊന്നു തട്ടിയാൽ പോലുമോ ആയില്യ ദോഷം കൊണ്ട് ആണെന്ന് ചിന്തിക്കും. ശാസ്ത്രമാണ് എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന അന്ധവിശ്വാസങ്ങൾ പരിഗണിക്കേണ്ടതില്ല.