പ്രാർഥനാവഴിയിൽ പതിനായിരങ്ങൾ; പരുമലയിൽ റാസ ഭക്തിസാന്ദ്രം
Mail This Article
പരുമല ∙ പൊൻവെള്ളിക്കുരിശുകളും മുത്തുക്കുടകളുമായി നീങ്ങിയ വിശ്വാസികൾ പരുമലയെ ഭക്തിസാന്ദ്രമാക്കി. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന റാസയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പള്ളിയുടെ പടിഞ്ഞാറേ വാതിൽ വഴി വിശ്വാസികൾ പ്രധാന കുരിശടിയിലെത്തി. ഇവിടെനിന്നു വടക്കേ വാതിൽ വഴി റാസ തിരികെ പള്ളിയിൽ പ്രവേശിക്കാൻ 2 മണിക്കൂറോളം വേണ്ടിവന്നു.
-
Also Read
കാലത്തിനു മുമ്പേ നടന്ന ക്രാന്തദർശി
പെരുന്നാൾ സന്ധ്യാനമസ്‌കാരത്തിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഡോ. യൂഹാനോൻ മാർ തേവോദോറോസ് പ്രസംഗിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പൊലീത്തമാരും വിശ്വാസ സഹസ്രങ്ങൾക്ക് ശ്ലൈഹിക വാഴ്‌വ് നൽകി.
പെരുന്നാൾ ദിനമായ ഇന്ന് പുലർച്ചെ 3ന് യൂഹാനോൻ മാർ പോളിക്കാർപ്പോസും 6.15ന് ഡോ. യാക്കോബ് മാർ ഐറേനിയസും കുർബാനക്ക് കാർമികത്വം വഹിക്കും. 8.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ പുരസ്‌കാരം കാതോലിക്കാ ബാവായ്ക്ക് മെത്രാപ്പോലീത്തൻ ആന്റണി സമർപ്പിക്കും. സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. 12ന് എംജിഒസിഎസ്എം സമ്മേളനം. 2ന് റാസ 3ന് കൊടിയിറക്ക്.
-
Also Read
കാലത്തിന്നൊരു കുറിവാക്യം
തീർഥാടക സംഗമത്തിൽ പങ്കെടുക്കാനായി കേരളത്തിനകത്തും പറത്തുനിന്നുമുള്ള നൂറു കണക്കിന് പദയാത്ര സംഘങ്ങൾ ഇന്നലെ വൈകിട്ടോടെ പരുമലയിലെത്തി. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ ഭദ്രാസനങ്ങളിൽ നിന്നുള്ള തീർഥാടകർ ട്രെയിൻമാർഗം തിരുവല്ല, ചെങ്ങന്നൂർ തുടങ്ങിയ റെയിൽവേ സ്റ്റേഷനിൽ എത്തി പദയാത്രയായി പരുമലയിൽ എത്തി. ഏറ്റവും കൂടുതൽ ദൂരം കാൽനടയായി സഞ്ചരിച്ച് പരുമലയിലെത്തിയ കണ്ണൂർ കേളകം പദയാത്രാ സംഘത്തെ പരുമല തിരുമേനിയുടെ കബറിടത്തിൽ സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, പരുമല സെമിനാരി അസി. മാനേജർ ഫാ.എൽദോസ് ഏലിയാസ് പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, പി.എ.ജോസ് പുത്തൻപുരയിൽ, പരുമല ആശുപത്രി കൗൺസിൽ അംഗം ഷാജി അരികുപുറം എന്നിവർ ചേർന്ന് സ്വീകരിച്ചു.