ജില്ലാ ആശുപത്രിയിൽ ഒപി ഇല്ല; ബദൽ സംവിധാനവും
Mail This Article
ചെങ്ങന്നൂർ ∙ ഗവ.ജില്ലാ ആശുപത്രിയിൽ ഒപി വിഭാഗം താൽക്കാലികമായി നിർത്തലാക്കിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴും ബദൽ സംവിധാനം അകലെ. കെട്ടിടനിർമാണം പൂർത്തിയാകുന്നതു വരെ ഗവ.ബോയ്സ് ഹൈസ്കൂളിലാണ് ആശുപത്രി താൽക്കാലികമായി പ്രവർത്തിക്കേണ്ടത്. എന്നാൽ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. കൺസൽറ്റേഷൻ മുറികളുടെ നിർമാണം പൂർത്തിയാകുന്നതേയുള്ളൂ. ആശുപത്രി ഉപകരണങ്ങൾ പ്രവർത്തിക്കാൻ സ്ഥിരമായ വൈദ്യുതി ഉറപ്പാക്കാൻ പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കേണ്ടതുണ്ട്. ഇതു നടന്നിട്ടില്ല. ശുദ്ധജല കണക്‌ഷനും ലഭിച്ചിട്ടില്ല. സ്റ്റോർ, അത്യാഹിത വിഭാഗം, കിടത്തി ചികിത്സാ സൗകര്യം, നഴ്സസ് സ്റ്റേഷൻ എന്നിവയൊക്കെ ക്രമീകരിക്കേണ്ടതുണ്ട്.
സ്കൂളിലെസജ്ജീകരണങ്ങൾ വേഗത്തിൽ പൂത്തീകരിച്ചില്ലെങ്കിൽ ഒപിയിൽ ചികിത്സ തേടുന്ന നൂറുകണക്കിനു സാധാരണക്കാർ വലയും.100 കോടി രൂപ ചെലവിൽ പുതിയ കെട്ടിടസമുച്ചയം നിർമിക്കുകയാണു ജില്ലാ ആശുപത്രിയിൽ. ഇതു മൂലം രണ്ടാഴ്ചത്തേക്കാണ് ഒപി, അത്യാഹിതവിഭാഗം, ലബോറട്ടറി, എക്സ്റേ എന്നിവയും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചത്. മാതൃശിശു കേന്ദ്രത്തിൽ പ്രസവ സംബന്ധമായതും സ്ത്രീ രോഗങ്ങൾക്കുമുള്ള ചികിത്സയും ശിശുരോഗവിഭാഗവും പ്രവർത്തിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട സ്രവപരിശോധന പഴയ കെട്ടിടം പൊളിച്ചു നീക്കുന്ന ദിവസം വരെ പ്രവർത്തിക്കും. കോവിഡ് വാക്സിനേഷനും തുടരും.
നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ട്രാൻസ്ഫോമർ സ്ഥാപിക്കാൻ കെഎസ്ഇബിക്കു കത്ത് നൽകിയിരുന്നു.ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി വേണം. വൈകാതെ ലഭിക്കും. ശുദ്ധജല കണക്‌ഷൻ ലഭിക്കാനും തടസ്സമില്ല. ലബോറട്ടറി സജ്ജീകരിച്ചു. മറ്റ് ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതുണ്ട്. ഈ മാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണു കരുതുന്നത്.
ഡോ. കെ.എം. രാജീവ്, ആശുപത്രി സൂപ്രണ്ട്.