പക്ഷിപ്പനി: പരിശോധന പൂർത്തിയായി കേന്ദ്രസംഘം മടങ്ങി

Mail This Article
ആലപ്പുഴ∙ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് വിവരങ്ങൾ ശേഖരിക്കാനും പഠനത്തിനുമായി എത്തിയ കേന്ദ്ര സംഘം മടങ്ങി. മടങ്ങുന്നതിനു മുൻപായി കലക്ടറേറ്റിലെത്തി കലക്ടർ വി.ആർ.കൃഷ്ണ തേജയുമായി സംഘം പ്രത്യേക ചർച്ച നടത്തി. പക്ഷിപ്പനിയുടെ വ്യാപനം തടയൽ, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കൽ, ശേഷമുള്ള ശുചീകരണം, പൊതുവിപണിയിൽ ഏർപ്പെടുത്തിയ നിരോധനം തുടങ്ങിയ പ്രവർത്തനങ്ങൾ മാതൃകാപരമായാണ് ജില്ലയിൽ നടത്തിയതെന്ന് സംഘം വിലയിരുത്തി. ഇതിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിച്ചു.
പക്ഷിപ്പനി ആവർത്തിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാവിയിൽ രോഗം വരാതിരിക്കാനുള്ള നടപടികളും ചർച്ച ചെയ്തു. പകർച്ചവ്യാധികൾ ഒഴിവാക്കാനുള്ള നടപടികൾ സംബന്ധിച്ച് താറാവ് കർഷകർക്ക് പ്രത്യേകം ബോധവൽക്കരണ ക്ലാസ് നടത്തും. ഈ ക്ലാസിൽ പങ്കെടുത്തവർക്ക് മാത്രമേ പഞ്ചായത്തിൽ നിന്നുള്ള ലൈസൻസ് ഇനി നൽകൂ എന്ന നിർദേശം മുന്നോട്ടുവയ്ക്കുമെന്നും കലക്ടർ പറഞ്ഞു. ഇതു സംബന്ധിച്ച് ആവശ്യമെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം പ്രത്യേക ഉത്തരവ് ഇറക്കുന്നതും പരിശോധിക്കും. താറാവുകളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് കർഷകർക്ക് നിർദേശം നൽകും. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ബെംഗളൂരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖല ഓഫിസിലെ സീനിയർ റീജനൽ ഡയറക്ടർ ഡോ.രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ആശാ സി.എബ്രഹാം, ഡിഎംഒ (ആരോഗ്യം) ഡോ.ജമുന വർഗീസ്, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഡി.എസ്.ബിന്ദു എന്നിവരും പങ്കെടുത്തു.
കള്ളിങ് നടത്തിയവരുടെസാംപിൾ പരിശോധിക്കും
കള്ളിങ് ജോലികൾ പൂർത്തിയാക്കിയവരുടെ സാംപിളുകൾ കൂടി പരിശോധിക്കാൻ തീരുമാനം. സാംപിളുകൾ ഇന്നു ശേഖരിക്കുമെന്നാണു കരുതുന്നത്. രാജ്യത്ത് ഇതുവരെ മനുഷ്യരിലേക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പക്ഷിപ്പനി പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വകുപ്പ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
തുടർന്നാണ്, പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തും സമീപ പ്രദേശങ്ങളിലും പനിബാധിതരുടെ സാംപിളുകൾ ശേഖരിച്ചത്. പരിശോധിച്ച 20 സാംപിളുകളും നെഗറ്റീവായിരുന്നു. കള്ളിങ് ജോലികൾ പൂർത്തിയാക്കിയവരുടെ സാംപിളുകളാണ് ഇനി പരിശോധിക്കുക. സമീപപ്രദേശങ്ങളിലെ പനിബാധിതരെയും നിരീക്ഷിക്കും. ആവശ്യമെങ്കിൽ സാംപിളുകൾ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന.
കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ ഉദ്യോഗസ്ഥർഎത്തിയില്ല
പക്ഷിപ്പനി സ്ഥിരീകരണത്തിനു പിന്നാലെ ജില്ലയിലെത്തുമെന്നറിയിച്ച കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ സംഘം ഇതുവരെയും എത്തിയിട്ടില്ല. ഇന്നലെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ആരോഗ്യ വിഭാഗം കേന്ദ്രസംഘമാകട്ടെ പരിശോധന കഴിഞ്ഞ് മടങ്ങിപ്പോയി. പ്രതിരോധ നടപടികളിൽ തൃപ്തി അറിയിച്ച സംഘം താറാവു കർഷകർക്ക് ബോധവൽക്കരണം നൽകണമെന്നും പനിബാധിതരെ നിരീക്ഷിക്കണമെന്നും നിർദേശിച്ചിട്ടാണ് മടങ്ങിയത്.
ചെറുതനയിലേത് പക്ഷിപ്പനിയോ;സ്ഥിരീകരണം ഇന്നു വന്നേക്കും
ആലപ്പുഴ∙ ചെറുതനയിലേത് പക്ഷിപ്പനിയാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടായേക്കുമെന്നു സൂചന. ഇന്നലെ സ്ഥിരീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവിടെ ഇന്നലെയും 60 താറാവുകൾ ചത്തു. ചെറുതന പാണ്ടി പുത്തൻ പുരയിൽ ചാക്കോ വർക്കിയുടെ താറാവുകളാണ് പക്ഷിപ്പനി രോഗലക്ഷണങ്ങളുമായി ചാകുന്നത്. ആകെ 8000 താറാവുകളിൽ ഇതുവരെ ചത്തത് 323 എണ്ണമാണെന്ന് ജില്ലാ മൃഗസംഗക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ചെറുതനയിലെ സാംപിളുകൾ തിരുവല്ലയിലെ ലാബിൽ പരിശോധിച്ചപ്പോൾ ‘പാസ്ചുറല്ല’ (രക്തം കട്ട പിടിക്കൽ ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷിപ്പനി സാധ്യതയ്ക്കൊപ്പമാണിത്. ഔദ്യോഗിക സ്ഥിരീകരണം വന്നാലേ പക്ഷിപ്പനി ഉറപ്പിക്കാനാകൂ. എന്നാൽ, മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും സുരക്ഷാ നടപടി സ്വീകരിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ജീവനക്കാർ പിപിഇ കിറ്റും മാസ്കും ബ്ലീച്ചിങ് പൗഡറും ചാക്കോ വർക്കിയുടെ വീട്ടിലെത്തിച്ചു. ഓരോ ദിവസവും ചാകുന്ന താറാവുകളുടെ എണ്ണം മൃഗസംരക്ഷണ വകുപ്പ് അധികൃതർ തിട്ടപ്പെടുത്തുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണോ കുഴിച്ചിടുന്നത് എന്നും പരിശോധിക്കുന്നുണ്ട്.