മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റിയിൽ ഒപി പ്രവർത്തിച്ചു തുടങ്ങി
Mail This Article
അമ്പലപ്പുഴ∙ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി പ്രകാരം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ പൂർത്തിയാക്കിയ സൂപ്പർ സ്പെഷ്യൽറ്റി സമുച്ചയത്തിൽ ഒപി പ്രവർത്തിച്ചു തുടങ്ങി. ആദ്യ ദിനത്തിൽ യൂറോളജി, നെഫ്രോളജി ഒപികളാണ് പ്രവർത്തിച്ചത്. ഒപി വിഭാഗങ്ങൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തിരിച്ചറിയുന്നതിന് ആവശ്യമായ സൂചന ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. സഹായത്തിനായി സുരക്ഷാ ജീവനക്കാരുമുണ്ട്. ലാബുകളും ഫാർമസികളും സമുച്ചയത്തിൽ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്. ലാബ് പരിശോധനയ്ക്ക് ജെ ബ്ലോക്കിലേക്കും മരുന്നു വാങ്ങാനായി എഫ് ബ്ലോക്കിലേക്കും പോകേണ്ടി വരുന്നു.
കൂടാതെ ഒപി ചീട്ടെടുക്കാൻ എഫ് ബ്ലോക്കിലെത്തുകയും വേണം. അടുത്ത ഘട്ടത്തിൽ കിടത്തി ചികിത്സ വിഭാഗങ്ങൾ സൂപ്പർ സ്പെഷ്യൽറ്റിയിലേക്ക് മാറ്റും. ആദ്യം കാർഡിയോളജി കിടത്തി ചികിത്സ വിഭാഗം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. മാലിന്യ സംസ്കരണ പ്ലാന്റിന്റെ അനുമതി കിട്ടിയാലുടൻ കാർഡിയോളജി വിഭാഗം കിടത്തി ചികിത്സ പ്രവർത്തിച്ചു തുടങ്ങും. 173.18 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെലവഴിച്ചാണ് സ്പെഷ്യൽറ്റി സമുച്ചയം ഒരുക്കിയത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും നിയമന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഡോക്ടർമാരുടെ 23 തസ്തിക ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധികാരികൾ സർക്കാരിലേക്ക് സമർപ്പിച്ച അപേക്ഷയിൽ ഇനിയും തീരുമാനമായിട്ടില്ല.