ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത; സംസ്ഥാന സെക്രട്ടേറിയറ്റ് ആറിന് പരിശോധിക്കും
![APTOPIX India State Elections APTOPIX India State Elections](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2023/2/14/cpm-flag1.jpg?w=1120&h=583)
Mail This Article
ആലപ്പുഴ ∙ ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനു മുന്നിലുള്ള പരാതികളും അന്വേഷണ റിപ്പോർട്ടുകളും 6നു സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചേക്കും. ആറിനും ഏഴിനും സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നാണ് വിവരം. ജില്ലാ കമ്മിറ്റി നിയോഗിച്ച വിവിധ കമ്മിഷനുകളുടെ റിപ്പോർട്ടുകൾ അതിനു പിന്നാലെ ജില്ലാ സെക്രട്ടേറിയറ്റും ചർച്ച ചെയ്യും. ജില്ലയിലെ പ്രശ്നങ്ങൾ ഇവിടെത്തന്നെ പരിഹരിക്കാൻ ശ്രമിക്കണമെന്നും എല്ലാവരെയും യോജിപ്പിച്ചു പോകണമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
ജില്ലയിലെ പ്രശ്നങ്ങളിൽ രൂക്ഷമായ വിമർശനമാണ് സംസ്ഥാന സെക്രട്ടറി നടത്തിയത്. ആലപ്പുഴയിൽനിന്നു പല പരാതികളും സംസ്ഥാന നേതൃത്വത്തിനു മുന്നിൽ എത്തുന്നുണ്ടെന്നും അതിൽ പലതും ഇവിടെത്തന്നെ പരിഹരിക്കാവുന്നതാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടിയതായാണു വിവരം. കഴിഞ്ഞ സമ്മേളന കാലത്ത് ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, തകഴി, ഹരിപ്പാട് ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയതയുണ്ടായെന്നും കമ്മിറ്റികൾ പിടിച്ചെടുക്കാനും മത്സരം നടത്താനും ശ്രമമുണ്ടായെന്നുമുള്ള പരാതികൾ സംസ്ഥാന നേതൃത്വത്തിനു മുന്നിലുണ്ട്.
ഇവ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ബിജുവും ടി.പി.രാമകൃഷ്ണനും അന്വേഷിച്ചു നൽകിയ റിപ്പോർട്ട് നേതൃത്വത്തിനു മുന്നിലുണ്ട്. അതാണ് ആറിനു നേതൃത്വം പരിഗണിക്കുന്നത്. ഇതിനു പുറമേ ജില്ലാ തലത്തിലുള്ള ചില അന്വേഷണ റിപ്പോർട്ടുകളും തയാറായിട്ടുണ്ടെന്നാണു വിവരം. ഹരിപ്പാട് കുമാരപുരം 1449ാം നമ്പർ സഹകരണ ബാങ്കിലെ ക്രമക്കേട്, പാർട്ടി ഏരിയ കമ്മിറ്റിയംഗത്തിനെതിരായ ലഹരിക്കടത്ത് ആരോപണം തുടങ്ങിയവ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകളാണ് പ്രധാനം. സംസ്ഥാന കമ്മിറ്റി യോഗത്തിനു പിന്നാലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ഇവർ ചർച്ചയ്ക്കെടുക്കുമെന്ന് അറിയുന്നു. തർക്കങ്ങളിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെപ്പോലെ നേതൃത്വത്തിലുള്ളവർ പക്ഷം പിടിക്കേണ്ടെന്നും തെറ്റുകൾ തിരുത്തണമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞതായി അറിയുന്നു.