കാവാലം– തട്ടാശേരി പാലത്തിനു വേണ്ടിയുള്ള നാടിന്റെ കാത്തിരിപ്പു നീളുന്നു
![alappuzha-kuttanad-river കാവാലം–തട്ടാശേരി കടവ്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2023/12/22/alappuzha-kuttanad-river.jpg?w=1120&h=583)
Mail This Article
കുട്ടനാട്∙ കാവാലം– തട്ടാശേരി പാലത്തിനു വേണ്ടിയുള്ള നാടിന്റെ കാത്തിരിപ്പു നീളുന്നു. 2016ൽ പാലം നിർമാണത്തിന് 30 കോടി രൂപ അനുവദിച്ചു. പിന്നീട് എസ്റ്റിമേറ്റിൽ മാറ്റം വരുത്തി അടങ്കൽ തുക 52 കോടിയായി ഉയർത്തി. സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് അടക്കം ഒടുവിൽ തുക 67 കോടി രൂപയായി വർധിപ്പിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ ടെൻഡർ നടത്തുമെന്ന് അറിയിപ്പുണ്ടായെങ്കിലും നടപടി നീളുകയാണ്. പാലത്തിനു വേണ്ടിയുള്ള മുഴുവൻ സ്ഥലവും ഏറ്റെടുത്തതിനു ശേഷമേ നിർമാണം ആരംഭിക്കുകയുള്ളുവെന്ന നിലപാടിലാണു പൊതുമരാമത്ത് വകുപ്പ്.
സ്ഥലം ഏറ്റെടുക്കൽ നടപടി നീളുന്നതിനാൽ പാലത്തിന്റെ നിർമാണവും നീളുകയാണ്. പുതുക്കിയ എസ്റ്റിമേറ്റിനുള്ള അംഗീകാരം സർക്കാരിൽ നിന്ന് ഇനി ലഭിക്കണം. ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന പാതയുടെ ഭാഗമാണ് നിർദിഷ്ട പാലം. കാവാലം, നീലംപേരൂർ പഞ്ചായത്തുകളിൽ നിന്ന് താലൂക്ക് കേന്ദ്രത്തിൽ വേഗത്തിൽ എത്തിച്ചേരാന്്‍ പുതിയ പാലം ഉപകാരപ്പെടും. നിലവിൽ ജങ്കാർ ലഭിച്ചില്ലെങ്കിൽ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണു ജനങ്ങൾ താലൂക്ക് കേന്ദ്രത്തിൽ എത്തുന്നത്.
കാവാലം–തട്ടാശേരി കടവിൽ തോന്നുംപടി കടത്തിറക്കു കൂലി
കടത്തിറക്കു കൂലി സംബന്ധിച്ച തർക്കങ്ങൾ കാവാലം–തട്ടാശേരി കടവിൽ പതിവായി. കാവാലം പഞ്ചായത്ത് അധികൃതർ തട്ടാശേരി കടവിൽ സ്ഥാപിച്ച ബോർഡിലെ തുകയും ജങ്കാറിലും കടത്തുവള്ളങ്ങളിലും വാങ്ങുന്ന തുകയും തമ്മിലുള്ള വ്യത്യാസമാണു തർക്കങ്ങൾക്കു കാരണം. ബോർഡിൽ ഒരാൾക്ക് മറുകര കടക്കാൻ 3 രൂപ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ വാങ്ങുന്നത് 5 രൂപയാണ്. അതുപോലെ ജങ്കാറിൽ ഇരുചക്രവാഹനങ്ങൾ കയറ്റാൻ 5 രൂപയെന്നാണ് ബോർഡിൽ. വാങ്ങുന്നത് 10 രൂപയാണ്. ഇതാണു തർക്കങ്ങൾക്കു കാരണമാകുന്നത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും പ്രയോജനമില്ലാതായതോടെ നാട്ടുകാർ കൂടിയ തുക നൽകിയാണ് ജങ്കാറിലും കടത്തുവള്ളങ്ങളിലും സഞ്ചരിക്കുന്നത്.കൂട്ടിയ തുക നൽകിയില്ലെങ്കിൽ ജങ്കാറിൽ നിന്ന് ഇറങ്ങിക്കോ എന്ന മറുപടി ലഭിക്കുന്നതോടെ പ്രതിഷേധക്കാരും കൂടിയ തുക നൽകാൻ നിർബന്ധിതരാകുന്നു.