ആലുവ–പെരുമ്പാവൂർ റോഡിൽ കുഴികൾ; യാത്ര ദുരിതമായി

Mail This Article
ആലുവ∙ ആലുവ–പെരുമ്പാവൂർ ദേശസാൽകൃത റോഡിന്റെ പല ഭാഗവും മഴയിൽ തകർന്നതോടെ യാത്ര ദുരിതമായി. തോട്ടുമുഖം, കുട്ടമശേരി, ചാലയ്ക്കൽ, മാറമ്പള്ളി എന്നിവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴി ഉണ്ടെന്ന് അറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.
റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം പാഴ്‌വാക്കായി. കഴിഞ്ഞ വർഷം ചാലയ്ക്കലിൽ കുഴിയിൽ വീണു പരുക്കേറ്റ കുന്നത്തുമുകൾ സ്വദേശി മരിക്കുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തപ്പോഴാണ് അധികൃതർ വാഗ്ദാനങ്ങളുമായി എത്തിയത്.
അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ഇടപ്പള്ളിയിലെ കെആർഎഫ്ബി ഓഫിസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തകർച്ചയിലാണ് ഇപ്പോൾ റോഡ്. അപകടം ഒഴിവാക്കാൻ വലിയ കുഴികൾ കോൺക്രീറ്റ് കട്ടകൾ നിരത്തി നാട്ടുകാർ അടച്ചു വരികയാണ്.