മട്ടന്നൂർ നഗരസഭാ ഷോപ്പിങ് മാൾ കെട്ടിടം ചോരുന്നു
Mail This Article
മട്ടന്നൂർ∙ എട്ടു കോടി രൂപ ചെലവിൽ പണിത നഗരസഭാ ഷോപ്പിങ് മാൾ കെട്ടിടം ചോരുന്നു. ചോർച്ച ഒഴിവാക്കാൻ കെട്ടിടത്തിനു മുകളിൽ മേൽക്കൂര പണിയാൻ തുടങ്ങി. 2017 ജൂലൈ 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഷോപ്പിങ് മാൾ ഉദ്ഘാടനം ചെയ്ത്ത്. മൂന്നു വർഷം ആയപ്പോഴേക്കും വ്യാപകമായ ചോർച്ച ഉണ്ടായി. കോൺക്രീറ്റ് ചെയ്ത മേൽ ഭാഗത്തു നിന്നു ചുമരിലൂടെ വെള്ളം ചോരുന്നുണ്ട്. വ്യാപാരികൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് അലൂമിനിയം ഷീറ്റു കൊണ്ടു പുതിയ മേൽക്കൂര സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്.കെട്ടിട നിർമാണത്തിൽ ക്രമക്കേട് ഉണ്ടെന്ന് ആദ്യഘട്ടത്തിൽ തന്നെ പരാതി ഉണ്ടായിരുന്നു. ഷോപ്പിങ് മാളിന് ഉചിതമല്ലാത്ത വിധത്തിൽ കെട്ടിടം പണിതതിനാൽ ഒട്ടേറെ മുറികൾ പൂട്ടിക്കിടക്കുകയാണ്. വ്യാപാരം തുടങ്ങാൻ ആളുകൾ തയാറാകുന്നില്ല. മുൻപ് മുറികൾ എടുത്ത കുറേ പേർ വ്യാപാര നഷ്ടത്തെ തുടർന്നു കച്ചവടം മതിയാക്കി. ഇതിനു പുറമേയാണ് ഇപ്പോൾ കെട്ടിടത്തിൽ വ്യാപകമായ ചോർച്ച ഉണ്ടായത്.
‘നിർമാണത്തിലെ അഴിമതി അന്വേഷിക്കണം’
നഗരസഭാ ഷോപ്പിങ് മാൾ കെട്ടിട നിർമാണത്തിൽ അഴിമതി ഉണ്ടെന്നും അന്വേഷണം നടത്തി നടപടി എടുക്കണമെന്നും കോൺഗ്രസ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയമായി നിർമിച്ച കെട്ടിടത്തിൽ വ്യാപാരം നടക്കുന്നില്ല. നഗരസഭയുടെ മുൻ ഭരണ സമിതിയാണ് കെട്ടിടം പണിതത്. നിർമാണത്തിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്നു അന്നു തന്നെ ചൂണ്ടിക്കാട്ടിയെങ്കിലും നഗരസഭ ചെവിക്കൊണ്ടില്ല. ചോർച്ച തടയുന്നതിനു ഭീമമായ തുക വീണ്ടും ചെലവഴിക്കുന്നതു കൊണ്ട് കരാറുകാരനിൽ നിന്നു തന്നെ നഷ്ടം ഈടാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു സർക്കാരിനു പരാതി നൽകിയതായി മണ്ഡലം പ്രസിഡന്റ് എ.കെ.രാജേഷ് അറിയിച്ചു.