ചപ്പാരപ്പടവ് മിനി ബസ് സ്റ്റാൻഡിന് ആർടിഎ അനുമതി നൽകിയില്ല

Mail This Article
ചപ്പാരപ്പടവ് ∙ നിയമപരമായ പ്രശ്നം മൂലം പ്രവർത്തനം തുടങ്ങാത്ത ചപ്പാരപ്പടവ് മിനി ബസ് സ്റ്റാൻഡിന് പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ കലക്ടർക്കു നിവേദനം നൽകി. ബസ് സ്റ്റാൻഡിന് ആവശ്യമായ സ്ഥലമില്ലെന്ന കാരണത്താൽ ആർടിഎ അനുമതി നൽകിയിരുന്നില്ല. ഇതിനെത്തുടർന്നാണ് നിർമാണം പൂർത്തീകരിച്ച് വർഷം കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡ് പ്രവർത്തിക്കാത്തത്. ഇതോടെ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച മിനി ബസ് സ്റ്റാൻഡും ശുചിമുറിയും ലക്ഷ്യം കാണാതെ കിടക്കുകയാണ്.
ചപ്പാരപ്പടവ് പാലത്തിനു സമീപം സ്വകാര്യവ്യക്തികളിൽ നിന്നു ലഭിച്ച 22 സെന്റ് സ്ഥലത്താണ് മിനി ബസ് സ്റ്റാൻഡും ശുചിമുറിയും നിർമിച്ചത്. ബസ് സ്റ്റാൻഡ് പ്രവർത്തിക്കാത്തതിനാൽ ശുചിമുറിയും പ്രവർത്തിച്ചുതുടങ്ങിയില്ല. ആർടിഎയുടെ അനുമതി ലഭിക്കാൻ മിനി ബസ് സ്റ്റാൻഡിനു ചുരുങ്ങിയത് 40 സെന്റ് സ്ഥലം വേണം. നാലു വർഷം മുൻപാണ് ചപ്പാരപ്പടവ് പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കാൻ 22 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയത്. പിന്നീട് 5 ലക്ഷം രൂപ കൂടി അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപ ശുചിമുറിക്കും അനുവദിച്ചു.
പണി പൂർത്തീകരിച്ച് കഴിഞ്ഞപ്പോഴാണ് മിനി ബസ് സ്റ്റാൻഡിനു അനുമതി ലഭിക്കുകയില്ലെന്നറിയുന്നത്. അതേസമയം, ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങാത്തതിനാൽ ടൂറിസ്റ്റ് ബസുകളും ടാക്സി വാഹനങ്ങളും സ്ഥലം കയ്യേറി പാർക്കിങ് സ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ അനധികൃത പാർക്കിങ് നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചെങ്കിലും അത് ലംഘിച്ചും ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ പാർക്കിങ് തുടരുകയാണ്.