മുഖ്യമന്ത്രിയുടെ യാത്ര: തളിപ്പറമ്പിൽ 6 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്, സുരക്ഷയെല്ലാം മറികടന്നു കരിങ്കൊടി കാണിച്ചു
Mail This Article
തളിപ്പറമ്പ് ∙ മുഖ്യമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് തളിപ്പറമ്പിലും പരിസരങ്ങളിലും ഏർപ്പെടുത്തിയതു കർശന സുരക്ഷ. 6 പേരെ മുൻകരുതൽ എന്ന നിലയ്ക്കു കസ്റ്റഡിയിലെടുത്തു. മയ്യിൽ റോഡിൽ നിന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കാസർകോട്ടേക്ക് പോകാനായി ദേശീയപാതയിലേക്കു പ്രവേശിക്കുന്നത് തളിപ്പറമ്പിലായതിനാൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയത്. മയ്യിൽ റോഡ് സംഗമിക്കുന്ന തൃച്ചംബരത്തും കർശന സുരക്ഷ ഏർപ്പെടുത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടെ വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നു പൊലീസിനു സൂചന ലഭിച്ചതിനാലാണ് ഇവിടെ സുരക്ഷ കർശനമാക്കിയത്. എന്നാൽ ഈ സുരക്ഷയെല്ലാം മറികടന്നാണ് ചുടലകപ്പണത്തട്ടിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാക്കളായ സുദീപ് ജയിംസ്, വി.രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. പൊലീസുകാർക്കും ഇന്നലെ രാവിലെ മാത്രമാണു ഡ്യൂട്ടി ചെയ്യേണ്ട സ്ഥലങ്ങളെക്കുറിച്ചു വിവരം നൽകിയത്.
രാവിലെ തളിപ്പറമ്പ് നഗരത്തിൽ ദേശീയപാതയോരത്തു കൂടി നടന്നുപോകുമ്പോഴാണ് 5 യൂത്ത് കോൺഗ്രസ് നേതാക്കളെയും ഒരു യൂത്ത് ലീഗ് നേതാവിനെയും കസ്റ്റഡിയിൽ എടുത്തത്. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം, യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം രാഹുൽ ദാമോദരൻ, നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ.സായൂജ്, സെക്രട്ടറിമാരായ കെ.വി.സുരാഗ്, കെ.വി.ഇർഷാദ്, മുരളി പൂക്കോത്ത് എന്നിവരെയാണു കസ്റ്റഡിയിൽ എടുത്തത്.
മുഖ്യമന്ത്രി കടന്നുപോയ ശേഷമാണ് ഇവരെ വിട്ടയച്ചത്. വാഹനവ്യൂഹം എത്തുന്നതിനു മുൻപായി ദേശീയപാതയിലേക്കുള്ള എല്ലാ റോഡുകളിൽ നിന്നും ഉള്ള ഗതാഗതവും പൊലീസ് തടഞ്ഞിരുന്നു. വൈകിട്ട് മുഖ്യമന്ത്രി തിരിച്ചുപോകുമ്പോഴും സമാനരീതിയുള്ള സുരക്ഷയാണ് ഒരുക്കിയത്.