ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്; നടപടി വേണമെന്ന് ആവശ്യം

Mail This Article
ചെറുപുഴ∙ ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിടുന്ന സ്വകാര്യ വാഹനങ്ങൾക്കു എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 90ലേറെ ബസുകൾ ദിവസവും കയറിയിറങ്ങുന്ന ചെറുപുഴ ബസ് സ്റ്റാൻഡിൽ സൗകര്യം കുറവാണ്. ഇതിനിടയിൽ സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിൽ അനധികൃതമായി നിർത്തിയിടുന്നത് യാത്രക്കാരെയും ബസ് ജീവനക്കാരെയും ദുരിതത്തിലാക്കുകയാണ്. നിയമം ലംഘിച്ചു ചെറുപുഴ ബസ് സ്റ്റാൻഡിൽ കൂടി ഇരുചക്രവാഹനങ്ങളും കാറുകളും മറ്റും തലങ്ങും വിലങ്ങും പായുന്നത് പതിവുകാഴ്ചയാണ്.
ഭാഗ്യം കൊണ്ടു മാത്രമാണു പലപ്പോഴും ദുരന്തങ്ങൾ ഒഴിവാകുന്നത്. പൊലീസിന്റെ ഭാഗത്തു നിന്നു ഇടപ്പെടൽ ഉണ്ടാകാത്തതാണു സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിനുള്ളിൽ നിർത്തിയിടാൻ പ്രധാന കാരണമെന്നു ആക്ഷേപമുണ്ട്. ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃതമായി പ്രവേശിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യം.