കച്ചേരിമുക്ക് – നാന്തിരിക്കൽ റോഡിൽ നടുവൊടിക്കും യാത്ര
![കച്ചേരിമുക്ക് നാന്തിരിക്കൽ റോഡ് പുനർനിർമാണം നിലച്ച നിലയിൽ. കച്ചേരിമുക്ക് നാന്തിരിക്കൽ റോഡ് പുനർനിർമാണം നിലച്ച നിലയിൽ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2022/6/25/kollam-kundara-kacherimukku-nanthirikkal-road.jpg?w=1120&h=583)
Mail This Article
കുണ്ടറ ∙ കച്ചേരിമുക്ക് നാന്തിരിക്കൽ റോഡ് പുനർനിർമാണം നിലച്ചിട്ട് മാസങ്ങൾ. മെറ്റൽ പാകിയ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കച്ചേരിമുക്ക് മുതൽ നാന്തിരിക്കൽ പള്ളി വരെയുള്ള രണ്ട് കിലോമീറ്ററോളം വരുന്ന റോഡിന്റെ നവീകരണം ഒരു വർഷം മുൻപാണ് ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം കൊണ്ട് റോഡ് കുത്തിപ്പൊളിച്ച ശേഷം ഒച്ചിഴയുന്ന വേഗത്തിലാണ് നിർമാണ പ്രവർത്തനം നടന്നത്.കഴിഞ്ഞ മാർച്ച് വരെ ഹൈവേ വികസനത്തിന്റെ പേരിൽ നിർമാണ സാമഗ്രികൾ ലഭ്യമായിരുന്നില്ല. പിന്നീട് നിർമാണ പ്രവർത്തനം ആരംഭിച്ചപ്പോൾ മഴ വില്ലനായി.
ഇടയ്ക്ക് മഴ മാറിയപ്പോൾ റോഡിൽ മെറ്റൽ പാകി ഉറപ്പിച്ചെങ്കിലും ടാറിങ് ആരംഭിച്ചില്ല. ഇടയ്ക്ക് പെയ്ത മഴയിൽ പലയിടത്തും മെറ്റലുകൾ ഇളകിയ നിലയിലാണ്. ഇതോടെ കാൽനട പോലും ദുസ്സഹമായ അവസ്ഥയാണ്. വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം ദിവസേന നൂറു കണക്കിന് ജനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. ഇനി ടാറിങ് ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. വശങ്ങളിലെ സംരക്ഷണ ഭിത്തികളുടെയും മറ്റും നിർമാണം ഉടൻ പൂർത്തിയാകും. മഴ മാറിയാൽ ഉടൻ ടാറിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.