പേട്ടക്കവല ‘സെൽഫി സ്പോട്ട്’ ആയി മാറാൻ കാരണമെന്ത്?; കൊച്ചമ്പലം, നൈനാർ മസ്ജിദ് എന്നിവ ഒറ്റ 'ഫ്രെയിമിൽ'

Mail This Article
എരുമേലി ∙ ശബരിമല തീർഥാടകർക്ക് ‘സെൽഫി സ്പോട്ട്’ ആയി എരുമേലി പേട്ടക്കവല. കൊച്ചമ്പലം, നൈനാർ മസ്ജിദ് എന്നിവ ഒരുമിച്ചു ചിത്രത്തിൽ കിട്ടുമെന്നതാണു പേട്ടക്കവലയിലെ ആകർഷണം.ശബരിമല തീർഥാടന യാത്രയിലെ അവിസ്മരണീയമായ മുഹൂർത്തമായിട്ടാണു മിക്കവരും എരുമേലി പേട്ടതുള്ളലിനെ കാണുന്നത്.
പേട്ടതുള്ളൽ മുഹൂർത്തം സൂക്ഷിക്കുന്നതിനാണു പലരും ചിത്രം പകർത്തുന്നത്.സമീപത്തെ കച്ചവടക്കാരെ കൊണ്ട് ഗ്രൂപ്പ് ചിത്രം എടുപ്പിക്കുന്ന തീർഥാടക സംഘങ്ങളുമുണ്ട്. പേട്ടതുള്ളലിനായി പരമ്പരാഗത വേഷത്തിൽ കുങ്കുമം അണിഞ്ഞ് എത്തുന്ന സമയത്തു ചിത്രം പകർത്തുന്നതും തീർഥാടകർക്ക് ആവേശമാണ്.
പലപ്പോഴും വലിയ തീർഥാടക സംഘങ്ങൾ ചിത്രം പകർത്തുമ്പോൾ റോഡിൽ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ പൊലീസ് ഇവരെ സ്നേഹപൂർവം പിന്തിരിപ്പിക്കാറുണ്ട്.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർക്കാണ് ഏറെ കൗതുകം. ചില തീർഥാടകർ വിശുദ്ധ പാതയിലെ പേട്ട തുള്ളലും ക്ഷേത്ര ദർശനവും വിഡിയോ കോളിലൂടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്.
നടപ്പാതയിലും വ്യാപക കയ്യേറ്റം
പതിനായിരക്കണക്കിനു തീർഥാടകർ എത്തുന്ന എരുമേലിയിലെ നടപ്പാതകൾ ഇപ്പോൾ കയ്യേറ്റത്തിന്റെ പിടിയിൽ.താൽക്കാലിക കടകളും സ്ഥിരം കടകളും നടപ്പാതയിലെ ബോർഡും കച്ചവട സാധന സാമഗ്രികളും ഇറക്കി വയ്ക്കുന്നതു കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
വിശുദ്ധ പാതയിൽ പേട്ടക്കവല മുതൽ വലിയമ്പലം വരെയുള്ള ഭാഗത്താണു നടപ്പാതയിലെ കയ്യേറ്റം കൂടുതൽ.ഹോട്ടലുകളുടെ ബോർഡ് നടപ്പാതയിലേക്ക് ഇറക്കി വച്ചതു സംബന്ധിച്ച് 2 ഹോട്ടലുകാർ തമ്മിൽ ഉണ്ടായ തർക്കം പൊലീസ് എത്തി ബോർഡ് നീക്കം ചെയ്താണു പരിഹരിച്ചത്.നടപ്പാതയിലെ കയ്യേറ്റം മൂലം റോഡിലേക്ക് ഇറങ്ങിയാണ് പേട്ട തുള്ളാൻ എത്തുന്ന തീർഥാടകർ നടക്കുന്നത്.വാഹനങ്ങളുടെ ഇടയിലൂടെ നടക്കുന്ന അപകടങ്ങൾക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്.
അന്നദാനം ആരംഭിച്ചു
അഖില ഭാരതീയ അയ്യപ്പ ധർമ പ്രചാര സഭയുടെ നേതൃത്വത്തിൽ എരുമേലി സെന്റ് തോമസ് ജംക്‌ഷനു സമീപം അന്നദാനം ആരംഭിച്ചു. ദേശീയ പ്രസിഡന്റ് കെ. അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു. ധർമശാസ്താ ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി, മഹല്ല് ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ്, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. തീർഥാടകർക്ക് 3 നേരവും ഇവിടെ നിന്നു ഭക്ഷണം നൽകും.