സംസ്ഥാന സീനിയർ സോഫ്റ്റ് ബേസ്ബോൾ: പത്തനംതിട്ടയും മലപ്പുറവും ചാംപ്യൻമാർ
Mail This Article
കോടഞ്ചേരി∙ സെന്റ് ജോസഫ് സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാംപ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയും, വനിതാ വിഭാഗത്തിൽ മലപ്പുറം ജില്ലയും ചാംപ്യൻമാരായി. പുരുഷ വിഭാഗത്തിൽ പാലക്കാട് രണ്ടാം സ്ഥാനവും, മലപ്പുറം മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ കോഴിക്കോട് രണ്ടാം സ്ഥാനവും, കണ്ണൂർ മൂന്നാം സ്ഥാനവും നേടി.
സംസ്ഥാന സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ജോൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, സംസ്ഥാന അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.എം. ജോസഫ്, സെക്രട്ടറി പി.എം. എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, വിപിൻ സോജൻ, കെ.ഹംസ, ജെ.ഷഹനാസ് എന്നിവർ പ്രസംഗിച്ചു.
പുരുഷവിഭാഗത്തിൽ മികച്ച കളിക്കാരനായി പാലക്കാടിന്റെ എസ്. വിഷ്ണു, മികച്ച പിച്ചറായി പത്തനംതിട്ടയുടെ കെ.ആർ.അമൽ കൃഷ്ണ, മികച്ച ക്യാച്ചറായി പത്തനംതിട്ടയുടെ ഒ. വഫാ ഇസ്മായൽ, വനിതാ വിഭാഗത്തിൽ മികച്ച കളിക്കാരിയായി കോഴിക്കോടിന്റെ ശ്രേയ, മികച്ച പിച്ചറായി മലപ്പുറത്തിന്റെ പി.അനഘ, മികച്ച ക്യാച്ചറായി മലപ്പുറത്തിന്റെ എൻ.പി.അളഗ, എന്നിവരെ തിരഞ്ഞെടുത്തു.
ഈ ചാംപ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 പുരുഷ, വനിതാ കായിക താരങ്ങൾ, ഫെബ്രുവരി 5 മുതൽ 8 വരെ രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന ദേശീയ സോഫ്റ്റ്ബേസ്ബോൾ സീനിയർ ചാംപ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.