സർവകലാശാലകളെ നശിപ്പിക്കാൻ ചിലർ ക്വട്ടേഷനെടുത്തു: മന്ത്രി

Mail This Article
തിരൂർ ∙ സർവകലാശാലകളെ നശിപ്പിക്കാൻ ക്വട്ടേഷൻ എടുത്ത ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. മലയാള സർവകലാശാലയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി നടന്ന ‘കേരളീയ ബഹുസ്വര പൈതൃകങ്ങൾ’ എന്ന ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിർഭാഗ്യത്തിന് ആ സംഘത്തിനു നേതൃത്വം നൽകുന്നത് സർവകലാശാലകളെ പരിപോഷിപ്പിക്കുകയും വളർത്തിക്കൊണ്ടുവരികയും ചെയ്യേണ്ട ആളുകൾ തന്നെയാണ്. ഇവർ കെട്ടിയേൽപ്പിക്കുന്നതെന്തും ചിന്താശക്തിയെ പണയപ്പെടുത്തി ഏറ്റെടുക്കാൻ കേരളീയ സമൂഹം തയാറല്ല.
രാജ്യത്ത് ഒരു ഭാഷയേ സംസാരിക്കാനാകൂ എന്ന അഹങ്കാരത്തെയും അനുവദിക്കാൻ കഴിയില്ല. മാതൃഭാഷയോടുള്ള സ്നേഹം അമ്മയോടുള്ള സ്നേഹം പോലെയാണെന്നും മന്ത്രി പറഞ്ഞു. വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ആധ്യക്ഷ്യം വഹിച്ചു. ഇ.കെ.ഗോവിന്ദവർമ രാജ, ഡോ. എൽ.ജി.ശ്രീജ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നാടകം നടന്നു. നാളെ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.